ആ വര്‍ഷം മെയ് മാസത്തില്‍ ഞാന്‍ GREFല്‍ ചേര്‍ന്നു. പശ്ചിമ ഉത്തര്‍പ്രദേശിലെ റുഡ്കി നഗരത്തിലുണ്ടായിരുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ കേടുവന്ന് ഉപേക്ഷിക്കപ്പെട്ട ചില ബാരക്കുകളിലായിരുന്നു ഫോഴ്സിന്റെ റെയ്സിങ് സെന്റര്‍. കന്റോണ്‍മെന്റിന് വെളിയിലുള്ള വിജനമായ സ്ഥലം. ഒരു വശത്ത് പഠാന്‍കോടിലേക്ക് പോകുന്ന റെയില്‍വെ ലൈന്‍. രാവിലെ മുതല്‍ ഫോഴ്സില്‍ ചേരാന്‍ വരുന്നവര്‍ വൈദ്യപരിശോധനയ്ക്കായി നിക്കര്‍മാത്രം ധരിച്ച് ലൈന്‍ നില്‍ക്കും. പാസ്സായവരെ ഒരു കമ്പനിക്ക് അലോട്ട്ചെയ്ത് കിറ്റ് കൊടുത്ത് ടെന്റുകളിലേക്ക് അയയ്ക്കും. എണ്ണം തികയുമ്പോള്‍ കമ്പനികള്‍ ഫീല്‍ഡിലേക്ക് നീങ്ങും. പക്ഷേ, വീണ്ടും വീണ്ടും പുതിയ കമ്പനിയിലേക്ക് മാറ്റി കമാന്‍ഡര്‍ എന്നെ സെന്ററില്‍ തന്നെ നിര്‍ത്തി, അവിടത്തെ ജോലികള്‍ക്കായി. ചൂടും പൊടിക്കാറ്റും അല്പമടങ്ങുന്ന രാത്രിയില്‍ കട്ടിലുകള്‍ പുറത്തുകൊണ്ടുവന്നിട്ട് ഞങ്ങള്‍ ഉറങ്ങാന്‍ കിടക്കും. സേനയില്‍ നിന്ന് വിരമിച്ച് GREFല്‍ ചേര്‍ന്ന പ്രായമായവര്‍ അവരുടെ പഴയ കഥകളും വീട്ടിലെ പ്രാരബ്ധങ്ങളും തമ്മില്‍ സംസാരിക്കുന്നുണ്ടാകും. ജനവാസമില്ലാത്ത വിജനപ്രദേശമായിരുന്നു ചുറ്റും. 

Wilderness-നോടുള്ള ആകര്‍ഷണം എന്നില്‍ കൂടിക്കൂടി വന്നു. മുമ്പിലെ റെയില്‍പാളത്തിലൂടെ സൈനികരെയും സൈനിക വാഹനങ്ങളെയും ഉപകരണങ്ങളെയും വഹിക്കുന്ന സ്പെഷല്‍ വണ്ടികള്‍ കൂടുതല്‍ കൂടുതലായി നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് തോന്നി ഇനി സമയം കളയാന്‍ പാടില്ലെന്ന്. ഞാന്‍ ഈ സ്ഥാപനത്തില്‍ ചേര്‍ന്നതിന്റെ ഉദ്ദേശ്യം നഷ്ടമാകരുത്. കമാന്‍ഡറെ കണ്ട് ഞാന്‍ ഫീല്‍ഡിലേക്ക് പോസ്റ്റിങ് ആവശ്യപ്പെട്ടു. വിശേഷിച്ചും നേഫയിലേക്ക്. ഏറ്റവും ദൂരെയ്ക്ക് എന്നതായിരുന്നു ആഗ്രഹം. വിഡ്ഢിയും ഭ്രാന്തനെന്നുമൊക്കെ വിളിച്ചുവെങ്കിലും അയാള്‍ അവസാനം സമ്മതിച്ചു. അങ്ങനെ ഞാന്‍ നവംബറിലൊരു ദിവസം വണ്ടി കയറി.

സുഗമമായിരുന്നില്ല യാത്ര. എല്ലാം താറുമാറായിരുന്നു രാജ്യത്ത്. യുദ്ധാവസ്ഥ, എമര്‍ജെന്‍സി, അതിര്‍ത്തിയില്‍നിന്നുവരുന്ന ദാരുണമായ വാര്‍ത്തകള്‍. വണ്ടികള്‍ നിറയെ പട്ടാളക്കാര്‍. പോസ്റ്റിങ്ങായും അവധിയില്‍ നിന്ന് തിരിച്ചുവിളിച്ചും പോകുന്നവര്‍. ഒരു സമൂഹയാത്രയായിരുന്നു തീവണ്ടിയില്‍. ആര്‍ക്കും എവിടെയും കയറാം. ക്ലാസുകളില്ല, റിസര്‍വേഷനില്ല. ബ്രഹ്മപുത്രക്കു മീതെയുള്ള അമീന്‍ഗാവ്-പാണ്ടു പാലം തുറന്നിട്ടില്ല. ഒരുവശത്ത് ഇറങ്ങി സ്റ്റീമര്‍വഴി നദി കടന്ന് മറുവശത്തെ വണ്ടിയില്‍ കയറണം. അഞ്ചുദിവസമെടുത്തു ഡിബ്രുഗഡിലെത്താന്‍.

സിജിയില്‍ നിന്ന് ഞാന്‍ കൂടുതല്‍ മുകളിലുള്ള ഒരു ക്യാമ്പിലേക്ക് നീങ്ങി. അന്ന് രാത്രിയിലെ വാര്‍ത്ത നിര്‍ണായകമായിരുന്നു. ചൈനയുടെ സൈന്യം നേഫയുടെ പടിഞ്ഞാറെ ഡിവിഷനിലെ ബോംഡിലയിലും കിഴക്കന്‍ ഡിവിഷനിലെ വലോങ്ങിലും എത്തി. രണ്ടുവശത്തുനിന്നും സമതലത്തിലേക്ക് എത്തുക ഒരു ദിവസത്തെ ജോലിയായിരുന്നു. മുഴുവന്‍ നേഫയും വടക്കന്‍ അസമും അവരുടെ അധീനത്തിലാകുവാനുള്ള സാധ്യത തെളിഞ്ഞു.

അതിരാവിലെ ഞങ്ങളുടെയും മുകളിലുള്ളതുമായ ടാസ്‌ക് ഫോഴ്സുകള്‍ക്ക് പിന്‍വാങ്ങുവാനുള്ള ഓര്‍ഡര്‍ കിട്ടി. നൂറ്റിയമ്പതോളം കിലോമീറ്റര്‍ ദൂരം പണിനടക്കുന്ന പാത ഉപേക്ഷിച്ച് പതിനായിരത്തോളം പണിക്കാര്‍ പിന്‍വാങ്ങുകയാണ്. ഡിഫെന്‍സിനോടും അഡ്വാണ്‍സിനോടും അറ്റാക്കിനോടും ഒപ്പം അഭ്യസിപ്പിക്കപ്പെടുന്ന മിലിട്ടറി ഓപ്പറേഷനുകളില്‍ ഒന്നാണ് പിന്‍വാങ്ങലും. പക്ഷേ, ഇവിടെയുള്ളത് മിലിട്ടറിയല്ല, തലപ്പത്ത് മാത്രം കുറച്ച് ആര്‍മി ഓഫീസര്‍മാരുള്ള ഒരു സിവിലിയന്‍ ഫോഴ്സ് ആണ്. നിയമങ്ങളും രീതികളുമൊന്നും പാലിക്കാനുള്ള സാവകാശമോ അറിവോ ഇല്ല. രണ്ടുകാര്യങ്ങള്‍ മാത്രമേ അറിയാവൂ. ശത്രുവിന്റെ പിടിയില്‍ വരാതെ ത്വരിതഗതിയില്‍ പിന്‍വാങ്ങുക. പിന്നെ ശത്രുവിന് ഉപയുക്തമാകാവുന്നതെല്ലാം നശിപ്പിക്കുക. ക്രമംതെറ്റിയും അലങ്കോലപ്പെട്ടും നടക്കുന്ന പിന്‍വാങ്ങല്‍ പലായനം മാത്രമാണ്. ഇവിടെ അതാണുണ്ടായത്.

ഞങ്ങള്‍ മെഷീനുകള്‍ മലഞ്ചെരിവില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ക്യാമ്പുകള്‍ കത്തിച്ചു. റേഷന്‍സ്റ്റോറുകള്‍ക്ക് തീവെച്ചും വണ്ടികളിലും കാല്‍നടയായും ഒരു വലിയ ഘോഷയാത്ര. പാലങ്ങള്‍പോലും പിന്നാലെ തകര്‍ത്തു. താഴെയെത്തിക്കഴിഞ്ഞതിനുശേഷം യാത്ര ചെയ്ത വണ്ടികള്‍ മറിച്ചിട്ട് തീയിട്ടു. ഇനി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി വഴിനീളെ ആദിവാസികള്‍ ഞങ്ങളെ നോക്കിനിന്നു. തിബത്തിലെ മനുഷ്യരുടെ വിധിയെപ്പറ്റി അശിക്ഷിതരും പ്രാചീനരുമെങ്കിലും അവരും ധാരാളം മനസ്സിലാക്കിയിരുന്നു. തങ്ങളെ രക്ഷിക്കാനെന്ന് പറഞ്ഞുവന്ന് ഇപ്പോള്‍ സ്വന്തം ജീവനുംകൊണ്ട് ഓടുന്ന ഞങ്ങളെപ്പറ്റി അവര്‍ എന്തു വിചാരിച്ചുവോ ആവോ? അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ഞങ്ങളുടെ അടുത്തില്ലായിരുന്നു. പണിപ്പെട്ട് ഉണ്ടാക്കിയതും സംരക്ഷിച്ചുപോന്നതുമായ പാതതന്നെ പെട്ടെന്ന് അവരെപ്പോലെ വേറെ എന്തോ ആകുകയും ഞങ്ങളെ നോക്കി പരിഹസിക്കുകയും ചെയ്തു.

വൈകുന്നേരമായപ്പോഴേക്കും അഞ്ചോ പത്തോ ആയിരം പേര്‍ ബ്രഹ്മപുത്രയുടെ വടക്കേക്കരയിലെ മണല്‍പ്പുറത്ത് അടിഞ്ഞുകൂടി. പൂര്‍ണമായ രസമ്ീ. എങ്ങോട്ടാണ് പോകേണ്ടതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. മുമ്പില്‍ അക്കരെ എന്നത് ഒരു ആശയം മാത്രമാക്കി മാറ്റുന്ന മൈലുകള്‍ വീതിയുള്ള നദി. ഭക്ഷണമോ തണലോ ഇല്ലാെത മൂന്നു രാവുകളും പകലുകളും അങ്ങനെ കഴിഞ്ഞുപോയി. താത്കാലികമായ അസ്തിത്വപ്രശ്നങ്ങള്‍ക്ക് മുമ്പില്‍ ശത്രുപോലും അപ്രസക്തനായി.
അവസാനം ഞങ്ങള്‍ നദി മുറിച്ചുകടന്നു. ഡിബ്രുഗഡ് സ്റ്റേഷനില്‍ കാത്തുനിന്നിരുന്ന സ്പെഷല്‍ ട്രെയിനുകളില്‍ കയറി. വണ്ടി പോയിക്കൊണ്ടിരുന്നു. എങ്ങോട്ടാണ് അത് പോകുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സിഗ്‌നലുകള്‍ നോക്കി ഡ്രൈവര്‍മാര്‍ വണ്ടിയോടിച്ചു. മൂന്നുനാല് ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ തിരിയെ റെയ്സിങ് സെന്ററിലേക്കാണ് പോകുന്നതെന്ന്. പത്തുദിവസമെടുത്തു അവിടെ എത്താന്‍. അതീവ വേദനാകരമായിരുന്നു ആ യാത്ര. നോണ്‍-കോംബാറ്റന്‍ഡുകളായ ഞങ്ങള്‍ക്കുപോലും ലജ്ജാകരവും. ഒരു വലിയ ജനതയെ ഞങ്ങള്‍ പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. നിസ്സഹായരും പോകാനൊരു വഴിയില്ലാത്തവരും. കാലമിത്രയായിട്ടും ആ ചിത്രം മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷപ്പെടുന്ന ഞങ്ങളെ ചെറുതാക്കുന്ന രക്ഷപ്പെടാന്‍ കഴിയാത്തവരുടെ ചിത്രം.