
ഒരു പുഴ പുനര്‍ജനിക്കുന്നു
17 Jan 2010 ഞായറാഴ്ച
നോബിള്‍ ജോസ്
1986ല്‍ സുഗതകുമാരി എഴുതിയ 'അട്ടപ്പാടി ഡയറി'യാണ് നദിയും
അതു പിറവികൊണ്ട കൊടുംകാടും ആദിവാസികളും ആവാസവ്യവസ്ഥയുമെല്ലാം നശിച്ചതിന്റെ ഹൃദയഭേദകമായ കഥകള്‍ പുറംലോകത്തെ അറിയിച്ചത്. ''കൊടുങ്കരപ്പള്ളം എന്ന മരിച്ച
നദിയുടെ കരയില്‍നിന്ന് ആളുകള്‍ ഏറെ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. മൂലഗംഗലില്‍നിന്ന് ആളുകള്‍ മാറിത്തുടങ്ങി. പുത്തൂര്‍ ദേശം ഡസ്റ്റ് ബൗള്‍ ആയിക്കഴിഞ്ഞു. ചീരക്കടവില്‍ കഴിഞ്ഞയാണ്ട്
അമ്പതോളം മാടുകള്‍ വെള്ളംകിട്ടാതെ കുഴഞ്ഞുചത്തു''
-അട്ടപ്പാടി ഡയറിയില്‍ പറയുന്നു
അതു പിറവികൊണ്ട കൊടുംകാടും ആദിവാസികളും ആവാസവ്യവസ്ഥയുമെല്ലാം നശിച്ചതിന്റെ ഹൃദയഭേദകമായ കഥകള്‍ പുറംലോകത്തെ അറിയിച്ചത്. ''കൊടുങ്കരപ്പള്ളം എന്ന മരിച്ച
നദിയുടെ കരയില്‍നിന്ന് ആളുകള്‍ ഏറെ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. മൂലഗംഗലില്‍നിന്ന് ആളുകള്‍ മാറിത്തുടങ്ങി. പുത്തൂര്‍ ദേശം ഡസ്റ്റ് ബൗള്‍ ആയിക്കഴിഞ്ഞു. ചീരക്കടവില്‍ കഴിഞ്ഞയാണ്ട്
അമ്പതോളം മാടുകള്‍ വെള്ളംകിട്ടാതെ കുഴഞ്ഞുചത്തു''
-അട്ടപ്പാടി ഡയറിയില്‍ പറയുന്നു

ഇനിയും മരിക്കാത്ത ഭൂമിക്ക് ഉണര്‍ത്തുപാട്ടുമായി ഒരു പുഴ പുനര്‍ജനിച്ചു. വറുതിയുടെ കഷ്ടതകള്‍ക്ക് അന്ത്യംകുറിച്ച് പച്ചപ്പ് കിളിര്‍ത്തു തുടങ്ങി. പോയ വസന്തങ്ങളെ തിരിച്ചുവിളിക്കാന്‍ പ്രകൃതി ഒരുങ്ങിനിന്നു. കാടും കാട്ടാറും വയലുകളും വീണ്ടും വിരുന്നിനെത്തി. ഇത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. പ്രകൃതിയെ, നന്മയെ, ആവാസ വ്യവസ്ഥയെ തിരിച്ചുപിടിച്ചതിന്റെ ചരിത്രമാണ്.
പരിസ്ഥിതി പ്രശ്‌നങ്ങളേറെ നേരിടുന്ന ഗോത്ര മേഖലയായ അട്ടപ്പാടിയില്‍നിന്നാണീ വിശേഷം. കാല്‍നൂറ്റാണ്ടുമുമ്പ് വറ്റിവരണ്ട് ഇല്ലാതായ കൊടങ്കരപ്പള്ളം പുഴയ്ക്ക് വീണ്ടും ജീവന്‍ വെച്ചു. ഇന്ന് വേനലിലും പുഴ അണമുറിയാതെ ഒഴുകുന്നു. മരിച്ച നദിയുടെ കരയില്‍ ജീവിതം അസാധ്യമായപ്പോള്‍ ഒഴിഞ്ഞുപോയവര്‍ തിരിച്ചുവന്നിരിക്കുന്നു.
ആദ്യമായാണ് ഒരു നദി പുനര്‍ജനിച്ചതായി അറിയുന്നത്. പുണ്യനദിയായ ഗംഗയെ ഭഗീരഥന്‍ ഭൂമിയിലേക്ക് കൊണ്ടുവന്നതും ഗംഗയെ ശിവന്‍ തിരുമുടിയിലേറ്റിയെന്നതും ഐതിഹ്യം. മഹാരാഷ്ട്രയില്‍ അണ്ണാഹസാരെ അമരാവതി നദിയെ പോഷിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ രാജേന്ദ്രസിങ്ങിന്റെ പ്രവര്‍ത്തനംവഴി കുളങ്ങളിലും തടാകങ്ങളിലും വീണ്ടും വെള്ളമുണ്ടായി. മനോജ് മിശ്ര 'യമുന ജിയെ അഭിയാന്‍' വഴി യമുനാനദിയെ സംരക്ഷിക്കുന്നു. ഉത്തരാഖണ്ഡില്‍ 'മാത്തു പീപ്പിള്‍ ഓര്‍ഗനൈസേഷന്‍' വഴി വിമല്‍ഭായിയും പുഴ സംരക്ഷണം നടത്തുന്നു.
എന്നാല്‍ ഒരു പുഴ പുനര്‍ജനിച്ചത് മറ്റെവിടെയും കേട്ടിട്ടില്ല. ഇവിടെ ഒരു പുഴയും ഒരു സംസ്‌കാരവും തിരിച്ചുവരികയാണ്. ഇതിന് ഈ ജനത കടപ്പെട്ടിരിക്കുന്നത് അഹാഡ്‌സിനോടും ഒരു കൂട്ടം പരിസ്ഥിതി സ്നേഹികളോടും. അഹാഡ്‌സ് എന്നാല്‍ 'അട്ടപ്പാടി ഹില്‍ ഏരിയാ ഡെവലപ്പ്‌മെന്റ് സൊസൈറ്റി' (ജപ്പാന്‍ ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പരിസ്ഥിതി പുനഃസ്ഥാപനപദ്ധതി).
കിഴക്കോട്ടൊഴുകുന്ന നദിയായ ഭവാനിപ്പുഴയുടെ കൈവഴിയാണ് കൊടുങ്കരപ്പള്ളം പുഴ. തമിഴ്‌നാട് അതിര്‍ത്തിയിലെ പെരുമാള്‍മുടിയില്‍ രാമര്‍കോവിലിനു താഴെ ഞണ്ടുക്കുഴിയില്‍ നിന്നുത്ഭവിച്ച് വെച്ചപ്പതി, തൂവ, വരഗംപാടി, കുലുക്കൂര്‍, ആനക്കട്ടി, ദാസന്നൂര്‍, വട്ട്‌ലക്കി, മട്ടത്തുകാട്, തേക്കുമുക്കിയൂര്‍ പ്രദേശങ്ങളിലൂടെ കൂടപ്പെട്ടിയിലെത്തി ശിരുവാണിപ്പുഴയിലും അതിനു തൊട്ടുതാഴെ ശിരുവാണി ഭവാനിപ്പുഴയിലും ലയിക്കുന്നു. പെരുമാള്‍മുടി മുതല്‍ കൂടപ്പെട്ടിവരെ 34 കിലോമീറ്റര്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തി പങ്കിട്ടാണ് ഈ പുഴ ഒഴുകുന്നത്.
* * *
അരനൂറ്റാണ്ട് പിന്നിലേക്ക്....അട്ടപ്പാടിയില്‍ മരംവെട്ട് തകൃതിയായി നടക്കുന്നു. മരം കയറ്റിയ ലോറികള്‍ നിരനിരയായി കുന്നിറങ്ങുന്നത് പതിവുകാഴ്ച. അന്നും കൊടുങ്കരപ്പള്ളംപുഴ സമൃദ്ധമായി ഒഴുകിയിരുന്നു.
പുഴയുടെ ഇരുകരകളിലും തമിഴ് കര്‍ഷകരും ആദിവാസി വിഭാഗക്കാരും കൃഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയും കഴിഞ്ഞിരുന്നു.
എന്നാല്‍ വൃഷ്ടിപ്രദേശത്ത് മരങ്ങള്‍ ഇല്ലാതായതോടെ പുഴ ക്ഷീണിച്ചു. നിയന്ത്രണമില്ലാത്ത മണല്‍വാരല്‍ കൊടുങ്കരപ്പള്ളത്തെ രോഗിയാക്കി ക്രമേണ ഇല്ലാതാക്കി.
അട്ടപ്പാടിയുടെ മറ്റിടങ്ങളില്‍ പെയ്യുന്നതിന്റെ നാലിലൊന്നു മഴപോലും ഈ മഴനിഴല്‍ പ്രദേശത്ത് കിട്ടാതായി. പ്രകൃതിയുംകൂടി പിണങ്ങിയതോടെ പുഴയൊഴുകിയ വഴി നടപ്പുവഴിയും മണല്‍ലോറികള്‍ക്കുള്ള സഞ്ചാരപാതയുമായി.
1986ല്‍ സുഗതകുമാരി എഴുതിയ 'അട്ടപ്പാടി ഡയറി'യാണ് നദിയും അതു പിറവികൊണ്ട കൊടുംകാടും ആദിവാസികളും ആവാസവ്യവസ്ഥയുമെല്ലാം നശിച്ചതിന്റെ ഹൃദയഭേദകമായ കഥകള്‍ പുറംലോകത്തെ അറിയിച്ചത്.
''കൊടുങ്കരപ്പള്ളം എന്ന മരിച്ച നദിയുടെ കരയില്‍നിന്ന് ആളുകള്‍ ഏറെ ഒഴിഞ്ഞുപോയിക്കഴിഞ്ഞു. മൂലഗംഗലില്‍നിന്ന് ആളുകള്‍ മാറിത്തുടങ്ങി. പുത്തൂര്‍ ദേശം ഡസ്റ്റ് ബൗള്‍ ആയിക്കഴിഞ്ഞു. ചീരക്കടവില്‍ കഴിഞ്ഞയാണ്ട് അമ്പതോളം മാടുകള്‍ വെള്ളംകിട്ടാതെ കുഴഞ്ഞുചത്തു''-അട്ടപ്പാടി ഡയറിയില്‍ പറയുന്നു.
മരുഭൂമിയായി മാറിക്കഴിഞ്ഞ ഈ പ്രദേശത്ത് 2003ലാണ് അഹാഡ്‌സ് എത്തുന്നത്. കൃഷി ഉപേക്ഷിച്ച സ്ഥലങ്ങളും മൊട്ടക്കുന്നുകളുമായിരുന്നു അന്ന് കിഴക്കന്‍ അട്ടപ്പാടി.വല്ലപ്പോഴും കിട്ടുന്ന മഴ മുണ്ഡിതശിരസ്‌കയായ മലകളില്‍ വീണ് കുത്തിയൊലിച്ച് ഒഴുകിപ്പോകും.
വര്‍ഷത്തില്‍ 600 മില്ലിമീറ്റര്‍പോലും മഴ ലഭിക്കാത്ത വട്ട്‌ലക്കിയിലായിരുന്നു ആദ്യ പ്രവൃത്തി. ശൂന്യമായ മലമുകളില്‍കാടുവെച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്തതെന്ന് അഹാഡ്‌സിന്റെ മണ്ണ്-ജല സംരക്ഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ക്ലമന്റ് സെല്‍വരാജ് പറയുന്നു. ക്ലമന്റ് സെല്‍വരാജാണ് തുടക്കം മുതല്‍ ഇവിടത്തെ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്കിയത്.
അഹാഡ്‌സിന്റെതന്നെ സംയുക്ത വനപരിപാലന സംഘം വഴിയായിരുന്നു പ്രവൃത്തികള്‍. സ്ഥലം വേലികെട്ടിത്തിരിച്ചു. പുതിയ തൈകള്‍ നട്ടു. മണ്ണിടിച്ചില്‍ ഉണ്ടായിടങ്ങളില്‍ കാട്ടുകല്ലുകള്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിച്ചു. മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ട്രഞ്ചുകളും മണ്‍തടയണകളുമുണ്ടാക്കി.
രണ്ടാംഘട്ടമായി ഇവിടെ കൃഷിഭൂമിയുടെ ഉടമസ്ഥരെ കണ്ടെത്തി. 1985നു മുമ്പ് ഭൂമി ഉപേക്ഷിച്ചുപോയ മുന്നൂറോളം പേരെ ബന്ധപ്പെട്ടു. ഗുണഭോക്തൃ സംഘങ്ങളെ ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. പുതിയ ബണ്ടുകള്‍ കെട്ടി. തകര്‍ന്നുകിടന്ന തടയണകള്‍ നന്നാക്കി. കമ്പികള്‍ ഉപയോഗിച്ച് ഗ്വാബിയോണ്‍ തടയണകള്‍ നിര്‍മിച്ചു. തട്ടുകളില്‍ മഴവെള്ളം സംരക്ഷിക്കുകയും മഴക്കുഴികളുണ്ടാക്കുകയും ചെയ്തു.
മൂന്നാംഘട്ടത്തില്‍ പുഴയില്‍ മണ്‍തടയണകള്‍ നിര്‍മിച്ചു.
''ഓടിവരുന്നവെള്ളത്തെ തടയണകൊണ്ട് തടഞ്ഞ് താഴ്‌വരയിലേക്ക് നടത്തുകയും പിന്നെ താഴ്‌വരയില്‍ ഉറക്കുകയും ചെയ്യുക'' എന്ന പ്രയോഗം ഇവിടെ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
2004 ഒക്ടോബറില്‍ വട്ട്‌ലക്കിയിലെ പണി പൂര്‍ത്തിയായി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുലാമഴ പൂര്‍ണമായും സംഭരിക്കാനായി.
ഇതിനു പ്രകൃതിയുടെ മറുപടിയും അത്ഭുതാവഹമായിരുന്നു. തൊട്ടടുത്ത മാര്‍ച്ചില്‍ പുഴപ്രദേശത്ത് ഉറവയുണ്ടായി. പുഴയുടെ വൃഷ്ടിപ്രദേശത്ത് 6000 ഹെക്ടറില്‍ ഇതേ മാതൃകയില്‍ ജലസംരക്ഷണം നടത്തി. ഇതോടെ മഴവെള്ളം ഒഴുകിപ്പോകുന്നത് കുറഞ്ഞു. പച്ചപ്പ് തിരിച്ചുവന്നു. പുഴയില്‍ നീരൊഴുക്കുണ്ടായി... കഴിഞ്ഞ രണ്ടു വര്‍ഷമായി അണമുറിയാത്ത നീരൊഴുക്കുള്ള പുഴയില്‍ ഈ വര്‍ഷം ജലം സമൃദ്ധിയായി ഒഴുകുന്നു.
പണ്ട് കൃഷി ഉപേക്ഷിച്ചുപോയ പലരും തിരിച്ചുവന്നു. ഈ വര്‍ഷം 1500 ഏക്കറിലേറെ സ്ഥലത്ത് കൃഷിയുണ്ട്.
50ഓളം മണ്‍തടയണകള്‍. മഴക്കുഴികളും മരത്തൈ നട്ട കുഴികളുമായി അഞ്ചു ലക്ഷം. രണ്ടു മീറ്റര്‍ നീളമുള്ള പതിനായിരത്തിലധികം ട്രഞ്ചുകള്‍. ഇപ്പോള്‍ പുഴയുടെ മേല്‍ഭാഗത്ത് ദാസന്നൂര്‍ ഭാഗത്ത് റോഡിലൂടെ ഉറവപൊട്ടി വെള്ളമൊഴുകുന്നത് ഏവര്‍ക്കും അത്ഭുതം.
കൊടുങ്കരപ്പള്ളത്തിന്റെ ഉപനദികളായ പുളിയപ്പതി തോടിലും മരപ്പാലം, ചെന്നിക്കര, തൂവ തുടങ്ങി ഒരു ഡസനിലേറെ ചെറിയ അരുവികളിലും വെള്ളമായി. ഇവയുടെ കരകളിലും ജീവിതം തളിര്‍ക്കുകയാണ്.
കൊടുങ്കരപ്പള്ളം പുഴയിലൂടെ വെള്ളമൊഴുകുന്ന കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ (കെ.എഫ്.ആര്‍.ഐ.) ശാസ്ത്രജ്ഞനായ ഡോ. എസ്. ശങ്കര്‍.
പുഴകള്‍ മരിക്കുന്നുവെന്ന നിലവിളിയാണ് നാം എന്നും കേള്‍ക്കുന്നത്. പുഴ പുനര്‍ജനിച്ചു എന്ന് ആദ്യമായാണ് അറിയുന്നത്. ലോകചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്.
മനുഷ്യന്‍ പരിശ്രമിച്ചാല്‍ എന്തും പുനര്‍ജനിപ്പിക്കാമെന്നതിന്റെ തെളിവാണിത്. ഈ പുഴയെ ഇനിയും മരിക്കാതെ സംരക്ഷിക്കണമെന്നും ഡോ. ശങ്കര്‍ അഭിപ്രായപ്പെട്ടു.
15 കിലോമീറ്ററുള്ള പുളിയപ്പതി തോട് 30 വര്‍ഷം മുമ്പ് വറ്റിയതാണെന്ന് മട്ടത്തുകാട് സംയുക്ത വനപരിപാലനസംഘം മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഷോളയൂര്‍ പഞ്ചായത്ത് മെമ്പറുമായ പി.രാമമൂര്‍ത്തി പറയുന്നു.
തോട്ടില്‍ 50 മീറ്റര്‍ ഇടവിട്ട് ചെക്ക് ഡാമുകള്‍ നിര്‍മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തുകയാണ് ചെയ്തത്. 500 ഓളം കര്‍ഷകരാണ് ഇപ്പോള്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ കൂലിപ്പണിയെടുത്തിരുന്നവര്‍ ഇന്ന് വാഴയും തെങ്ങും പച്ചക്കറിയും കൃഷിചെയ്യുന്നു.
മഴക്കുഴികളുടെ യഥാര്‍ഥ ഗുണം ലഭിക്കാതിരിക്കുന്നതേ ഉള്ളൂവെന്നാണ് രാമമൂര്‍ത്തി പറയുന്നത്.
പുളിയപ്പതി പ്രദേശത്ത് മുമ്പ് വ്യാജവാറ്റ് വ്യാപകമായിരുന്നു. ഇവിടെനിന്ന് വ്യാജ ചാരായം തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും എത്തിച്ചിരുന്നു. ഇപ്പോള്‍ കൃഷിചെയ്യാന്‍ സാഹചര്യമൊരുങ്ങിയതോടെ പലരും ചാരായവാറ്റ് ഉപേക്ഷിച്ചു.
ഇപ്പോള്‍ മരംവെട്ടും ഇല്ലെന്ന് അഹാഡ്‌സ് മട്ടത്തുകാട് ഗുണഭോക്തൃ സംഘം പ്രസിഡന്റ് ടി.രവികുമാര്‍ പറഞ്ഞു.
അഹാഡ്‌സ് ബയോഗ്യാസിനെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ആദിവാസികളടക്കം വിറക് കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. ബയോഗ്യാസിന് ചാണകം ആവശ്യമായതിനാല്‍ കന്നുകാലികളെയും പുറത്തുവിടാറില്ല.
എന്നാല്‍ പുഴയില്‍ മണലെടുപ്പ് നടക്കുന്നതിനെ പ്രദേശത്തുകാര്‍ ആശങ്കയോടെയാണ് കാണുന്നത്.
കൃഷിചെയ്യാന്‍ വേഴാമ്പലിനെപ്പോലെ മഴനോക്കി ഇരുന്ന കാലം മാറിയെന്നാണ് മട്ടത്തുകാട് സ്വദേശി കറുപ്പുസ്വാമിയുടെ അഭിപ്രായം.
ഇപ്പോള്‍ കാട്ടുപൂക്കളും പഴങ്ങളും കിളികളും ശലഭങ്ങളും തേനീച്ചകളും ഇവര്‍ക്ക് സുപരിചിതമാണ്. പീലി വിടര്‍ത്തിയാടുന്ന മയിലുകളും കാടിറങ്ങി എത്തുന്ന മാനും മ്ലാവും ആനകളും ഇവര്‍ക്ക് പുത്തരിയല്ലാതായി.
നദി തെളിഞ്ഞപ്പോള്‍ നാടുണര്‍ന്നു. നദിയെ കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ നദിക്ക് പുനര്‍ജന്മം നല്‍കി ലോകത്തിനുതന്നെ മാതൃക നല്‍കിയിരിക്കുകയാണ് അട്ടപ്പാടി. ഇവര്‍ ഏറ്റു പറയുന്നു. പതിനായിരം പുത്രന്മാര്‍ക്കു സമമാണ് ഒരു മരം.





