nidhinഅമ്പലവയൽ: അബുദാബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മാറി. അമ്പലവയൽ പായിക്കൊല്ലി ഒതയോത്ത് നിധിൻ (30) ആണ് കഴിഞ്ഞ ആഴ്ച അബുദാബിയിൽ മരിച്ചത്. എന്നാൽ ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പെട്ടി തുറക്കുംമുൻപ് വിവരമറിഞ്ഞതോടെ തുടർനടപടികൾ നിർത്തിവെച്ചു.

അബുദാബിയിൽ ജോലിചെയ്തിരുന്ന നിധിൻ ജൂലായ് മൂന്നിനാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച പുലർച്ചെയാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാവിലെ പത്തുമണിയോടെ അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നു. അധികൃതർ തുടർനടപടികൾ ആരംഭിക്കുമ്പോഴാണ് ബന്ധുക്കൾക്ക് അബുദാബിയിലെ ആശുപത്രിയിൽ നിന്ന് ഫോൺകോൾ വരുന്നത്.

മൃതദേഹം മാറിയിട്ടുണ്ടെന്നും ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് വയനാട്ടിൽ എത്തിയിട്ടുള്ളതെന്നുമായിരുന്നു വിവരം. അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ ചെന്നതോടെയാണ് മൃതദേഹം മാറിയ കാര്യമറിയുന്നത്. ഉടൻ ആശുപത്രി അധികൃതർ നിധിന്റെ ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചു. അമ്പലവയൽ സ്വദേശി നിധിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ ബെംഗളൂരു വിമാനത്താവളത്തിൽ എത്തും. മൈസൂരുവിലെത്തി മൃതദേഹങ്ങൾ പരസ്പരം കൈമാറാനായി ബന്ധുക്കളും നാട്ടുകാരും അവിടേക്ക് പുറപ്പെട്ടു.