മാലിന്യവുമായെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു; സ്ഥലമുടമയ്‌ക്കെതിരെ കേസ്സെടുത്തു

Posted on: 23 Dec 2012കുഞ്ഞോം (മാനന്തവാടി): സമീപ ജില്ലയില്‍ നിന്ന് മാലിന്യവുമായെത്തിയ വാഹനം തൊണ്ടര്‍നാട് പഞ്ചായത്തിലെ പൊര്‍ലോത്ത് നാട്ടുകാര്‍ തടഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ അനുമതി നല്‍കിയതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്.

ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. മാലിന്യം നിക്ഷേപിക്കാനെത്തിയ പാലക്കാട് രജിസ്‌ട്രേഷനുള്ള കണ്ടെയ്‌നര്‍ വാഹനമാണ് തടഞ്ഞത്. പൊര്‍ലോം മദ്രസ്സയ്ക്ക് സമീപത്ത് നിന്ന് ഏകദേശം നൂറ് കിലോമീറ്റര്‍ മാറി ചമ്മോളിക്കുന്നിലാണ് മാലിന്യം നിക്ഷേപിച്ചത്. പ്രദേശവാസിയായ വൈശ്യന്‍ അഹമ്മദാണ് ഇതിനുള്ള സൗകര്യമൊരുക്കി നല്‍കിയത്.

കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യമാണ് തള്ളിയതെന്നാണ് സംശയം. പ്രദേശം ദുര്‍ഗന്ധ പൂരിതമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. നാട്ടുകാരെ കണ്ടയുടന്‍ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു വൈസ് പ്രസിഡന്റ് വി.പോക്കര്‍, പഞ്ചായത്തംഗങ്ങളായ വി.ടി. അനില്‍കുമാര്‍ , റംല ജമാല്‍, വെള്ളമുണ്ട എസ്.ഐ. എന്‍.ഡി.ജോസ്, എ.എസ്.ഐ. പി.വിജയന്‍ തൊണ്ടര്‍നാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി.രാജേന്ദ്രന്‍, വില്ലേജ് അസിസ്റ്റന്റ് പി.സി.രാജു എന്നിവര്‍ സ്ഥലത്തെത്തി.

മാലിന്യം കോരി മാറ്റണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. പോലീസുകാരും ജനപ്രതിനിധികളും ഏറെ നേരം ആവശ്യപ്പെട്ടിട്ടും സ്ഥലമുടമ അമ്മത് സ്ഥലത്തെത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാര്‍ പി.പി.കൃഷ്ണന്‍കുട്ടി മാലിന്യം കുഴിച്ചുമൂടാന്‍ നിര്‍ദേശം നല്‍കി. നിക്ഷേപിച്ച മാലിന്യത്തിന് മുകളിലായി മൂന്ന് മീറ്ററോളം ഉയരത്തില്‍ മണ്ണ് നിക്ഷേപിച്ചു.

വാഹനം വെള്ളമുണ്ട പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലമുടമ വൈശ്യന്‍ അമ്മദ്, ലോറി ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. രണ്ട് ദിവസംമുമ്പാണ് മാലിന്യവുമായി വാഹനമെത്തിത്തുടങ്ങിയത്. ആദ്യം നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ലെങ്കിലും തുടര്‍ന്ന് സംഘടിക്കുകയായിരുന്നു. കുന്നിന്‍ മുകളിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ഇതിനു താഴെ നീര്‍ച്ചാലുകളുമുണ്ട്. ശക്തമായ മഴയെത്തുമ്പോള്‍ മാലിന്യം കുത്തിയൊലിച്ച് താഴേക്കിറങ്ങുന്ന സ്ഥിതിയാണുള്ളത്.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad