1403 അപേക്ഷകള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ അപാകം ഒരു മാസത്തിനുള്ളില്‍ തിരുത്തും

Posted on: 23 Dec 2012കല്പറ്റ:എസ്.എസ്.എല്‍.സി. സര്‍ടിഫിക്കറ്റിലെ പിശകുകള്‍ തിരുത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്ത് മന്ത്രി മഞ്ഞളാംകുഴി ചലി ഉദ്ഘാടനം ചെയ്തു.

ആര്‍ക്കും തെറ്റായ രേഖയുമായി കഴിയേണ്ട സാഹചര്യം ഉണ്ടാവാതിരിക്കാനാണ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം അദാലത്തുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി. ബുക്കിലെ തിരുത്തുകള്‍ ഏറ്റവും ചുരുങ്ങിയ കാലാവധിക്കുള്ളില്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരം തെറ്റുകള്‍ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സാധാരണ ഗതിയില്‍ സങ്കീര്‍ണമാണ് -മന്ത്രി പറഞ്ഞു.

1403 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഒരു മാസത്തിനുള്ളില്‍ തിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍മാര്‍ഗം അയച്ചുകൊടുക്കും. പരീക്ഷാഭവന്‍ ജോയന്റ് കമ്മീഷണര്‍ ജ്ഞാനേശ്വരിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് അപേക്ഷകള്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് അദാലത്ത് നടക്കുന്ന ആറാമത്തെ ജില്ലയാണ് വയനാട്. മൊത്തം 18000 അപേക്ഷകളാണ് ഈ ജില്ലകളില്‍ നിന്ന് ലഭിച്ചത്. ബഹുഭൂരിപക്ഷവും ജനനത്തീയതി തിരുത്താനുള്ളതാണ്. പേരിലെ അക്ഷരത്തെറ്റ്, മേല്‍വിലാസത്തിലെ തെറ്റ്, മാതാപിതാക്കളുടെ പേരിലെ തെറ്റ് തുടങ്ങിയവ പരിഹരിക്കാനുള്ള അപേക്ഷകളുമുണ്ട്.

പത്താംക്ലാസ് കഴിഞ്ഞ് 15വര്‍ഷം തികയാത്തവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. മാനന്തവാടി-465, ബത്തേരി-583, വൈത്തിരി-355 അപേക്ഷകളാണ് ലഭിച്ചത്. ജില്ലയില്‍ നിന്നുള്ള ആദ്യത്തെ അപേക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ് സ്വീകരിച്ചു. എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എ.പി.ഹമീദ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ഐ. ജോസഫ്, കെയംതൊടി മുജീബ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad