കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Posted on: 23 Dec 2012സുല്‍ത്താന്‍ബത്തേരി: ബത്തേരി റെയ്ഞ്ചിലെ ഓടപ്പള്ളം, നാരകക്കൊല്ലി പ്രദേശത്ത് കാട്ടാനക്കൂട്ടം 15 ഏക്കറോളം സ്ഥലത്തെ തെങ്ങ്, കവുങ്ങ്, വാഴ, ഏലം എന്നിവ നശിപ്പിച്ചു.

നെല്‍കൃഷി നശിപ്പിച്ച ശേഷമാണ് കാട്ടാനകള്‍ മറ്റു കൃഷിയിടങ്ങളില്‍ വ്യാപകനഷ്ടം വിതച്ചത്. നാരകക്കൊല്ലി പ്രദേശത്തെ നെല്‍കൃഷിയില്‍ നല്ലൊരു ഭാഗവും കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചു. കഴിഞ്ഞ 15 ദിവസമായി കൃഷിയിടത്തില്‍ത്തന്നെയാണ് കാട്ടാനക്കൂട്ടം. രാത്രി എട്ടുമണിയോടെ കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തും.

കാട്ടാനശല്യത്തില്‍നിന്ന് രക്ഷനേടാന്‍ നിര്‍മിച്ച കിടങ്ങുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കിടങ്ങുകള്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിന് പലതവണ പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. രാത്രിയില്‍ കൃഷിയിടത്തില്‍ എത്തുന്ന ആനക്കൂട്ടം നേരം പുലര്‍ന്നാലും പോകാത്ത അവസ്ഥയാണ്. ഇതുകാരണം ക്ഷീരകര്‍ഷകര്‍ക്ക് സൊസൈറ്റിയില്‍ പാല്‍ കൊടുക്കാന്‍പോലും പോകാന്‍ പറ്റുന്നില്ല.

ഓടപ്പള്ളം, ഹൈസ്‌കൂള്‍പ്രദേശം, ഏഴേക്കര്‍, കൊട്ടനോട് എന്നിവിടങ്ങളിലെ തകര്‍ന്ന കിടങ്ങില്‍ക്കൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ കൂടുതലും എത്തുന്നത്. കഴിഞ്ഞദിവസം കോവൂര്‍മലയില്‍ തമ്പി, മഞ്ഞപ്പിള്ളി ശിവന്‍ എന്നിവരുടെ കൃഷികള്‍ പൂര്‍ണമായും നശിപ്പിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad