ആകാശസഞ്ചാര വിസ്മയമേകി ഹെലികോപ്ടര്‍ യാത്ര

Posted on: 23 Dec 2012

സുല്‍ത്താന്‍ബത്തേരി: ആകാശസഞ്ചാരത്തിന്റെ വിസ്മയ ക്കാഴ്ചകളാണ് ബത്തേരി സെന്റ്‌മേരീസ് കോളേജിലെ ഹെലിപാഡില്‍നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടര്‍ യാത്ര സമ്മാനിച്ചത്. ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ ഹെലികോപ്ടര്‍ സര്‍വീസ് ശനിയാഴ്ചമുതലാണ് വയനാട്ടില്‍ തുടങ്ങിയത്. കോട്ടക്കുന്ന് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിലുള്ള സര്‍വീസ് ക്രിസ്മസ്ദിവസംവരെ തുടരും.

ഒരാള്‍ക്ക് പത്തുമിനിറ്റ് യാത്രയ്ക്ക് 2700 രൂപയാണ് ഫീസ്. ഒരുതവണ ആറുപേര്‍ക്ക് യാത്രചെയ്യാം. 200 കി.മീറ്റര്‍ വേഗതയില്‍ 800 അടി ഉയരംവരെയാണ് ഹെലികോപ്ടര്‍ പറന്നുയരുക. അരമണിക്കൂര്‍ വയനാടിന്റെ ആകാശം മുഴുവന്‍ സഞ്ചരിക്കുന്ന പാക്കേജുമുണ്ട്.

ജില്ലയില്‍ ആദ്യമായാണ് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നത്. ദിവസവും രാവിലെ 9.30 മുതല്‍ അഞ്ചുമണിവരെയാണ് ഹെലികോപ്ടര്‍ യാത്ര. ഹെലികോപ്ടര്‍ പറത്തലില്‍നിന്നുള്ള വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ലയണ്‍സ്‌ക്ലബ് ലക്ഷ്യമിടുന്നത്.

വയനാട് പോലീസ് ചീഫ് എ.വി. ജോര്‍ജ് ഹെലികോപ്ടര്‍ സര്‍വീസ് ഉദ്ഘാടനംചെയ്തു. തഹസില്‍ദാര്‍ കെ.കെ. വിജയന്‍, എം.ജെ. ദേവസ്യ, ഡോ. അബ്ദുള്‍ഹക്കീം, അബ്ദുള്‍നിസാര്‍, ടി.എന്‍. ശിവദാസ് എന്നിവര്‍ സംസാരിച്ചു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad