എല്‍.പി.ജി. ശ്മശാനത്തിനും മാലിന്യസംസ്‌കരണപ്ലാന്റിനും ഫണ്ടനുവദിക്കും -മന്ത്രി

Posted on: 23 Dec 2012കല്പറ്റ: നഗരസഭയില്‍ എല്‍.പി.ജി. ഉപയോഗിച്ചുള്ള ശ്മശാനം നിര്‍മിക്കുന്നതിന് പത്തുലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിക്കുന്നതിനും തുക അനുവദിക്കും. നഗരസഭ പഴയബസ്സ്റ്റാന്റ് പരിസരത്ത് വനിതകള്‍ക്കായി നിര്‍മിച്ച വിപണനകേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

എല്‍.പി.ജി. ശ്മശാനത്തിന് 23 ലക്ഷംരൂപ വേണം. ബാക്കിതുക എം.എല്‍.എ. ഫണ്ടില്‍നിന്നനുവദിക്കും. സ്ഥലം നഗരസഭ നല്‍കണം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള എട്ടേക്കര്‍ സ്ഥലത്ത് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മിക്കുന്നതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

വരുമാനം കുറഞ്ഞ നഗരസഭകള്‍ സ്വന്തംനിലയില്‍ സംരംഭങ്ങളിലൂടെ പണം കണ്ടെത്തണം. ബസ്സ്റ്റാന്റ്, കല്യാണമണ്ഡപം, ഹോട്ടല്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവ നിര്‍മിച്ച് വരുമാനം നേടാനാകും. നഗരസഭയുടെ കൈവശമുള്ള, വെറുതെ കിടക്കുന്ന ഭൂമി ഇതിനായി ഉപയോഗപ്പെടുത്തണം. ഇത്തരത്തില്‍ വരുമാനമുണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന പണം വികസനപ്രവര്‍ത്തനങ്ങള്‍ക്കുപയോഗപ്പെടുത്താന്‍ കഴിയും. പൊതു-സ്വകാര്യപങ്കാളിത്തവും വികസനത്തിനായി പ്രയോജനപ്പെടുത്തണം. നഗരസഭയിലെ ആറുമീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ നന്നാക്കാന്‍ ഫണ്ടനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹഡ്‌കോ ഭവനനിര്‍മാണപദ്ധതിപ്രകാരം നഗരസഭയില്‍ സൂക്ഷിച്ച 90 കുടുംബങ്ങളുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കല്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. വായ്പ തിരിച്ചടച്ചെങ്കിലും വര്‍ഷങ്ങളായി സാങ്കേതികതടസ്സങ്ങളുടെ പേരില്‍ തിരിച്ചുനല്‍കാതിരുന്ന പ്രമാണങ്ങളാണ് ഉടമസ്ഥര്‍ക്ക് വിതരണംചെയ്തത്. നഗരസഭയുടെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്ന് എം.എല്‍.എ. പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ് അധ്യക്ഷതവഹിച്ചു. എന്‍ജിനീയര്‍ എല്‍.എച്ച്. സ്ഫടികം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലിം മേമന, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വത്സല, ജനപ്രതിനിധികളായ പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്ക്, ഉമൈബ മൊയ്തീന്‍കുട്ടി, വി.പി. ശോശാമ്മ, കേയംതൊടി മുജീബ്, സി.കെ. ശിവരാമന്‍, കെ. പ്രകാശന്‍, പി.കെ. അബു, കര്‍ഷക കടാശ്വാസകമ്മീഷന്‍ അംഗം കെ.കെ. ഹംസ, സെക്രട്ടറി കുര്യന്‍ജോണ്‍, സൂപ്രണ്ട് സത്യബാബു എന്നിവര്‍ സംസാരിച്ചു.

സമയബന്ധിതമായി കെട്ടിടംപണി പൂര്‍ത്തിയാക്കിയ കരാറുകാരന്‍ പി. അയൂബിന് മന്ത്രി ഉപഹാരം നല്‍കി. രണ്ടുനിലകളിലായി 14 മുറികളാണ് വിപണനകേന്ദ്രത്തിലുള്ളത്. നഗരസഭയുടെ തനതുഫണ്ടില്‍നിന്നുള്ള 61 ലക്ഷംരൂപ ചെലവിട്ടാണ് ഇത് നിര്‍മിച്ചത്.

Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad