പുഷ്‌പമേള: ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കളക്ടര്‍ ഒഴിവാകുന്നു

Posted on: 04 Feb 2012


ടി.വി.രവീന്ദ്രന്‍



കല്പറ്റ: വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട് ഒഴിവാകുന്നു. തന്നെ ചെയര്‍മാന്‍ പദവിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു.

1986ല്‍ സൊസൈറ്റി സ്ഥാപിച്ചത് മുതല്‍ അതത് കാലത്തെ ജില്ലാ കളക്ടര്‍മാരായിരുന്നു സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നത്. സൊസൈറ്റിക്കെതിരെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന വ്യത്യസ്തങ്ങളായ ആരോപണങ്ങളെ തുടര്‍ന്നാണ് കളക്ടറുടെ മനംമാറ്റം. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചുപോകാന്‍ പ്രയാസമുള്ളതിനെ തുടര്‍ന്നാണ് കളക്ടര്‍ പദവിയൊഴിയുന്നത്.

1986ല്‍ 57-ാം നമ്പറായാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നത്. അന്നത്തെ കളക്ടര്‍ ടി. രവീന്ദ്രന്‍ തമ്പി ചെയര്‍മാനും പരേതനായ പ്രമുഖ പ്ലാന്റര്‍ എം.പി.സനത് കുമാര്‍ സെക്രട്ടറിയുമായാണ് സൊസൈറ്റിയുടെ തുടക്കം. വി.എന്‍. സോമണ്ണ, എം.ആര്‍. ഗണേഷ്, കോഫി ബോര്‍ഡ് ഡെ. ഡയറക്ടര്‍ ടി.എസ്. ഗോവിന്ദരാജന്‍, കെ.എസ്.രമേഷ്, എം. ചാത്തന്‍, ടി.എസ്. രാമകൃഷ്ണന്‍ എന്നിവരായിരുന്നു ഭരണസമിതി അംഗങ്ങള്‍. പേട്രണ്‍ മെമ്പര്‍ഷിപ്പിന് ആയിരം രൂപയും ആജീവനാന്ത അംഗത്വത്തിന് 500 രൂപയും സാധാരണാംഗത്വത്തിന് ഒരു വര്‍ഷത്തേക്ക് 25 രൂപയുമാണ് അന്ന് നല്‍കേണ്ടിയിരുന്നത്. ഇന്നിപ്പോള്‍ അതൊക്കെ ഏറെ ഉയര്‍ന്നു.

കര്‍ഷകരുടെ നാടായ വയനാട്ടില്‍ അവര്‍ക്കാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയായിരുന്നു സൊസൈറ്റിയുടെ ഉദയം. പരിസ്ഥിതി സംരക്ഷണത്തിനും ആവശ്യമായ പ്രാധാന്യം നല്‍കണമെന്ന് സൊസൈറ്റി തന്നെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പാന്‍ കാര്‍ഡിനുവേണ്ടി അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാര്‍ക്ക് സൊസൈറ്റി അപേക്ഷ നല്‍കിയപ്പോഴാണ് 1986 മുതല്‍ ഇതുവരെയുള്ള വരവ് ചെലവ് കണക്കുകളും മാറി മാറി വന്ന ഭരണസമിതിയുടെ പട്ടികയും ഇതുവരെയും സമര്‍പ്പിച്ചില്ലെന്ന കാര്യം ജില്ലാ രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഓരോ വര്‍ഷവും ജനറല്‍ ബോഡി കഴിഞ്ഞ്‌രണ്ടാഴ്ചയ്ക്കകം ഇവയൊക്കെ സമര്‍പ്പിക്കണമെന്നാണ് ചട്ടം.

കളക്ടറുടെ പേരുള്ള ലെറ്റര്‍ ഹെഡിലാണ് സാധാരണ സൊസൈറ്റി അപേക്ഷയ്ക്ക് തയ്യാറാക്കുക. താഴെ ഒപ്പിടുന്നത് മറ്റു വല്ലവരുമായിരിക്കും. സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും മറ്റൊരു രീതിയിലായിരുന്നില്ല. അപേക്ഷ കിട്ടിയ ജില്ലാ റജിസ്ട്രാര്‍ 2011 ജൂലായ് ആറിന് '1986-ല്‍ സൊസൈറ്റി സ്ഥാപിതമായതുമുതല്‍ നാളിതുവരെ വരവുചെലവുകണക്കുകളും ഭരണസമിതി പട്ടികയും സമര്‍പ്പിക്കാത്തത് ഗുരുതരവീഴ്ചയാണെ'ന്ന് കാണിച്ച് കളക്ടര്‍ക്ക് കത്തുനല്‍കി.

ഇതിനിടയില്‍ 2011 ജൂലായ് 27-ന് വിജിലന്‍സ് വിഭാഗം സൊസൈറ്റിയുടെ രേഖകള്‍ പിടിച്ചെടുത്തു. നവംബര്‍ അഞ്ചിന് തിരിച്ചുനല്‍കുകയും ചെയ്തു. പിന്നീട് ആദ്യകാല വരവുചെലവു കണക്കുകള്‍ ലഭ്യമല്ലെന്നും 1996-97 മുതലുള്ളത് സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞ് സൊസൈറ്റി 2009-10 വരെയുള്ള രേഖകള്‍ ജില്ലാ റജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചു. ഇതുപ്രകാരം 2009-10ലെ വരവ് 30,65,788 രൂപയും ചെലവ് 30,73,906 രൂപയുമായിരുന്നു. നഷ്ടം 8118 രൂപ. 2007-08ന് 1,29,538.47 രൂപ ലാഭം കിട്ടി. ആ വര്‍ഷത്തെ വരവ് 18,97,863 രൂപയും 17,68,324 രൂപ ചെലവുമായിരുന്നു. 2008-09ലും വന്‍ ലാഭമുണ്ടായി 4,10,770.23 രൂപ. വരവ് 23,53,630 രൂപ. ചെലവ് 19,42,859.77 രൂപ. കളക്ടര്‍ കെ. ഗോപാലകൃഷ്ണ ഭട്ട് സ്ഥാനമൊഴിയാന്‍ തീരുമാനിച്ച ശേഷവും സൊസൈറ്റി അദ്ദേഹത്തെത്തന്നെ ചെയര്‍മാനാക്കണമെന്ന് തിരുവനന്തപുരം സമ്മര്‍ദം ചെലുത്തിയതായി അറിയുന്നു. എന്നാല്‍ സൊസൈറ്റിയുടെ ഔദ്യോഗിക പരിവേഷം നഷ്ടപ്പെടാനാണ് സാധ്യത.

More News from Wayanad