കര്‍ഷകരുടെ ദുരിതംകാണാന്‍ വനം മന്ത്രിയെത്തി

Posted on: 04 Feb 2012



സുന്‍ത്താന്‍ബത്തേരി: പതിറ്റാണ്ടുകളായി വന്യജീവികളോടു പൊരുതി ജീവനും കൃഷിയും നഷ്ടപ്പെട്ട വനഗ്രാമത്തില്‍ കര്‍ഷകരുടെ ദുരിതംകാണാന്‍ ഒടുവില്‍ വനം വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എത്തി. ഒരു കാലത്ത് പൊന്നുവിളയിച്ച മണ്ണില്‍ വന്യജീവികളുടെ ആക്രമണം തുടര്‍ക്കഥയായതോടെ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതായ വനഗ്രാമത്തിലെത്തിയ മന്ത്രിയെ വരവേറ്റത് കണ്ണീര്‍ക്കഥകളാണ്.
വയനാട് വന്യജീവിസങ്കേതത്തിലെ സ്വയം പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ ബത്തേരി റെയ്ഞ്ചിലെ കൊട്ടങ്കരയിലെ കര്‍ഷകരുടെ പരാതികള്‍ മന്ത്രി കേട്ടു. നവംബര്‍ 25-ന് പൊതുജനസമ്പര്‍ക്ക പരിപാടിക്കായി വയനാട്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടങ്കരയും സന്ദര്‍ശിച്ചിരുന്നു. ഗ്രാമവാസികളുടെ ദുരിതക്കാഴ്ച നേരില്‍ക്കണ്ട അദ്ദേഹം ഉടന്‍തന്നെ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നെയും വന്യജീവി ആക്രമണത്തിന്റെ കഥകള്‍ പുറത്തുവന്നു. അതൊക്കെ മുഖ്യമന്ത്രിയുടെ മുന്നില്‍ പത്രവാര്‍ത്തയായി എത്തി. അതോടെ അദ്ദേഹം ഇടപെടുകയും ഒന്നാംഘട്ടമായി അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തു

വനം മന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനം കൊട്ടങ്കര ഗ്രാമത്തിലേക്കായിരുന്നു. വന്യജീവി ശല്യത്തില്‍ ജീവനും കൃഷിയുമൊക്കെ നഷ്ടമായതോടെ പല കര്‍ഷക കുടുംബവും കൊട്ടങ്കരവിട്ട് വാടകവീടുകളില്‍ അഭയം തേടിയിരുന്നു. നാരായണനും ചുരുക്കം ചില കുടുംബങ്ങളുമായിരുന്നു താമസം.
വ്യാഴാഴ്ച 12 മണിയോടെ മന്ത്രി കൊട്ടങ്കരയില്‍ പോകാന്‍ നായ്ക്കട്ടി ഇല്ലിച്ചുവട്ടില്‍ എത്തി. അവിടെനിന്ന് പിലാക്കാവില്‍ എത്തി വനംവകുപ്പിന്റെ ജീപ്പില്‍ കൊട്ടങ്കരയ്ക്കടുത്ത മരത്തിക്കനി വയലിലും അവിടെ നിന്ന് നടന്ന് കൊട്ടങ്കര ഗ്രാമത്തിലുമെത്തി. കഴിഞ്ഞ ആഴ്ച കാട്ടാന വീട്തകര്‍ത്ത കൊട്ടങ്കര ശേഖരനെ സന്ദര്‍ശിച്ചു. പിന്നീട് കൊട്ടങ്കരക്കാരുടെ സംരക്ഷകനായ നാരായണന്റെ വീട്ടിലെത്തിയ അദ്ദേഹം അവിടെ ഇരുന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയിലും കാട്ടാനവന്ന് കുത്തിമറിച്ച കൃഷിയിടവും വീടിന്റെ മുറ്റത്തെ വാഴയും മറ്റും മന്ത്രി കണ്ടു. കര്‍ഷകരുടെ ദുരിതം തന്റെകൂടി ദുരിതമായി മാറിയെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്കൊപ്പം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ഡി.എഫ്.ഒ. പി. കലേര്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ. സുനില്‍കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.വിജയ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുമ ഭാസ്‌കരന്‍, ഡി.പി. രാജശേഖരന്‍, എ. സുരേന്ദ്രന്‍, കെ.ടി. കുര്യാക്കോസ്, ബത്തേരി റെയ്ഞ്ച് ഓഫീസര്‍ പി. രവി, മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ ബി. പ്രദീപ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad