പൊതുജനസമ്പര്‍ക്കപരിപാടി അവലോകനയോഗത്തിനായി മുഖ്യമന്ത്രിയെത്തി

Posted on: 04 Feb 2012



സാന്ത്വനത്തിന്റെ കരസ്​പര്‍ശം


* ആശ്രയപദ്ധതിയില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ബി.പി.എല്‍. കാര്‍ഡ്.
* ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ നിര്‍ദേശം
* സുഗന്ധഗിരിയില്‍ ഏലംകൃഷി തുടങ്ങും
* വന്യമൃഗശല്യം തടയാന്‍ സമഗ്രപദ്ധതി

കല്പറ്റ: പാവപ്പെട്ടവരുടെ പതിനായിരക്കണക്കിന് പരാതികള്‍ക്ക് പൊതുജനസമ്പര്‍ക്കപരിപാടിയിലൂടെ പരിഹാരം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയില്‍ അവലോകന യോഗത്തിനെത്തി. നവംബര്‍ 25ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.യില്‍ നടന്ന പൊതുജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ച പതിനായിരക്കണക്കിന് പരാതികളുടെ മേല്‍നടപടി നേരിട്ടു വിലയിരുത്താനാണ് മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി ചുരം കയറി എത്തിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രണ്ടരമുതല്‍ നാലുമണിവരെയാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് പരാതികളിന്‍മേലുള്ള നടപടിയെക്കുറിച്ച് അദ്ദേഹം ആരാഞ്ഞത്.
കടബാധ്യതയില്‍ ഉഴലുന്ന കര്‍ഷകര്‍മുതല്‍ ഭവന രഹിതരും ആദിവാസികളും തൊഴിലാളികളുമാണ് ജില്ലയില്‍ പൊതുജനസമ്പര്‍ക്കപരിപാടിയിലേക്ക് ഒഴുകിയെത്തിയത്. 17837 പരാതികളാണ് നവംബര്‍ 25 വരെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കളക്ടറേറ്റില്‍ ലഭിച്ചത്. അതിനുശേഷം മുഖ്യമന്ത്രിക്ക് നേരിട്ട് ആയിരക്കണക്കിന് പരാതി പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ചടങ്ങില്‍ ലഭിക്കുകയുണ്ടായി. 10897 പരാതികള്‍ക്ക് വിവിധ വകുപ്പുകള്‍ ഇതിനുമുമ്പേ തന്നെ മറുപടി നല്‍കിക്കഴിഞ്ഞിരുന്നു. ആകെ ലഭിച്ച 29,002 പരാതികളില്‍ 21,651 പരാതികള്‍ക്കാണ് ഇതിനകം മറുപടി നല്‍കിയത്. ബാക്കിയുള്ളവ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള പരിശ്രമത്തിലാണ് വിവിധ വകുപ്പുകള്‍.
ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ബി.പി.എല്‍. റേഷന്‍കാര്‍ഡുകള്‍ നല്‍കാനും അനര്‍ഹരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവുംകൂടുതല്‍ പരാതി ലഭിച്ച പൊതുവിതരണശൃംഖല അവലോകനംചെയ്യുകയായിരുന്നു മന്ത്രി. കാര്‍ഡ്‌വിതരണം സംബന്ധിച്ച നിബന്ധനകളില്‍ മാറ്റംവരുത്തും. വികലാംഗര്‍, രോഗം വന്ന് തളര്‍ച്ച ബാധിച്ചവര്‍, വിധവകള്‍ തുടങ്ങി ആശ്രയപദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെടുത്തും. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും പേരുവിവരം റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കും. മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ഫിബ്രവരി എട്ടിന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ വിവിധവകുപ്പുകളില്‍ ഒഴിവുള്ള തസ്തികകള്‍ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍വെയര്‍മാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ തസ്തികയിലെ ഒഴിവുകള്‍ ജില്ലയിലെ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
തര്‍ക്കഭൂമികളില്‍ വീടുവെച്ചവര്‍ക്ക് വീട്ടുനമ്പര്‍ ലഭിക്കാത്തതു കാരണം റേഷന്‍കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ മുതലായവ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പരിഹാരമായി നിബന്ധകളോടെ വീട്ടുനമ്പര്‍ നല്‍കാന്‍ ധാരണയായി. വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍, റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി. കാര്‍ഡ് എന്നിവയ്ക്ക് താത്കാലികമായി ലഭിക്കുന്ന ഈ അംഗീകാരം ഇനിമുതല്‍ മതിയാകും.
ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കാനായി ഭൂമി ഏറ്റെടുക്കുന്നത് ത്വരപ്പെടുത്തും. സുഗന്ധഗിരി എസ്റ്റേറ്റില്‍ പട്ടികവര്‍ഗക്കാര്‍ക്ക് അനുവദിച്ച 360 ഏക്കറോളം ഭൂമിയില്‍ ഏകീകൃതമായി ഏലം കൃഷിചെയ്യുന്നതിന് പദ്ധതി തയ്യാറാക്കും. ഇതിനായി പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനത്തോടു ചേര്‍ന്ന കൃഷിഭൂമികളില്‍ വന്യമൃഗശല്യം തടയുന്നതിനായി വൈദ്യുതകമ്പിവേലി സ്ഥാപിക്കാനും കൃഷിഭൂമി സംരക്ഷിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ തേടാനും പരിശ്രമിക്കുമെന്നും വാച്ചര്‍മാരെ കൂടുതല്‍ നിയമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

പ്രകൃതിദുരന്തത്തെത്തുടര്‍ന്നുണ്ടാകുന്ന കൃഷിനാശത്തിന് ധനസഹായം വര്‍ധിപ്പിക്കുന്നതിന് പന്ത്രണ്ടാംപദ്ധതിയില്‍ നിര്‍ദേശമുണ്ട്. കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം തടയുന്നതിനായി തേനീച്ചക്കൂടുകള്‍ ഉപയോഗപ്പെടുത്തുന്ന പദ്ധതി ഫലപ്രദമെന്നു കണ്ടാല്‍ വ്യാപിപ്പിക്കും. വികലാംഗര്‍ക്ക് ചികിത്സാധനസഹായവും മുചക്രവാഹനങ്ങളും അനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരനടപടികള്‍ തയ്യാറാക്കുന്നതിന് പരിശ്രമിക്കും. കര്‍ഷകരുടെ കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്നും പൊതുജന സമ്പര്‍ക്കപരിപാടി അവലോകനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അവലോകനയോഗത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ്, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണഭട്ട്, ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജ്, സബ്കളക്ടര്‍ എസ്.ഹരികിഷോര്‍, എ.ഡി.എം. പി.അറുമുഖന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം

More News from Wayanad