കല്പറ്റ: വയനാടിന്റെ കാര്‍ഷിക, ആരോഗ്യ, യാത്രാപ്രശ്‌നത്തിന് സമഗ്ര പരിഹാരമുണ്ടാക്കുന്ന കാര്യത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്പറ്റ നഗരസഭ കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യപ്രശ്‌നം കാര്‍ഷികമേഖലയിലാണ്. ഇക്കാര്യം എല്‍.ഡി.എഫ്. യു.ഡി.എഫ്. നേതാക്കള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികവിളകള്‍ക്ക് വില ലഭ്യമാണെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. ഇഞ്ചികൃഷി അതീവ സാമ്പത്തികപ്രതിസന്ധിയിലാണ്. കരാര്‍ ഇഞ്ചികൃഷി ചെയ്യുന്നത് സംസ്ഥാനത്തു മാത്രമല്ല, പുറത്തുമുണ്ട്. ഈ രംഗത്തെ പ്രശ്‌നപരിഹാരം അടിയന്തരമായി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ജില്ലയുടെ മറ്റൊരു പ്രധാനപ്രശ്‌നം യാത്രാസൗകര്യത്തിന്റെ കാര്യത്തിലാണ്. ചുരം ബദല്‍ റോഡ് എന്ന ആശയം സര്‍ക്കാര്‍ അംഗീകരിച്ചു. വിവിധ വകുപ്പുകള്‍ നിര്‍ദേശം പരിശോധിച്ച് സര്‍ക്കാറിന് വിശദമായി റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. ഇതില്‍ ബദല്‍ പാതയുടെ ആവശ്യം ശക്തമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും.
വയനാടിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നു പ്രതീക്ഷിക്കുന്ന ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്കും. ജില്ലയിലെ ജനങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹം. എന്നാല്‍ വയനാട്ടില്‍ നിലവില്‍ ചികിത്സാസൗകര്യമില്ല. മികച്ച സ്ഥാപനമായി ശ്രീചിത്രയെ വയനാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ എം.ഐ. ഷാനവാസ് എം.പി. നടത്തുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ഉണ്ടാകും. സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള കുടിവെള്ളം എല്ലാവര്‍ക്കും എത്തിക്കുക എന്നത് സംസ്ഥാനം നേരിടുന്ന പ്രശ്‌നമാണ്. വെള്ളത്തിന്റെ കാര്യത്തില്‍ സമൃദ്ധമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശുദ്ധജലം ഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ശുദ്ധജലം എത്തിക്കുക എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി എന്നതിനാല്‍ ഇത് പരിഹരിക്കാന്‍ ജല അതോറിറ്റിക്ക് എല്ലാവിധ പിന്തുണയും നല്കും. ഇതിന് കൂട്ടായ പരിശ്രമം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൈപ്പ്‌ലൈന്‍ സ്ഥാപന പ്രവൃത്തി മന്ത്രി പി.കെ. ജയലക്ഷ്മിയും ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണപ്രവൃത്തി എം.ഐ. ഷാനവാസ് എം.പിയും ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എല്‍. പൗലോസ്, കെ. ഗോപാലകൃഷ്ണഭട്ട്, സലീം മേമന, എം.എ. ജോസഫ്, പി.വി. ബാലചന്ദ്രന്‍, പയന്തോത്ത് മൂസഹാജി, കെ.കെ. ഹംസ, സി.കെ. ശശീന്ദ്രന്‍, കെ.ജെ. ദേവസ്യ, എം.സി. സെബാസ്റ്റ്യന്‍, കെ. സദാനന്ദന്‍, ഏച്ചോം ഗോപി, പ്രവീണ്‍ തങ്കപ്പന്‍ എന്നിവരും നഗരസഭ കൗണ്‍സിലര്‍മാരും പങ്കെടുത്തു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ആലി സ്വാഗതവും സെക്രട്ടറി കുര്യന്‍ ജോണ്‍ നന്ദിയും പറഞ്ഞു.