അക്ഷരപ്പൂക്കളമൊരുക്കി എസ്.കെ.എം.ജെയുടെ 'ഋക്ഷരം'

Posted on: 04 Feb 2012





കല്പറ്റ: എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സര്‍ഗാത്മകതയുടെ പൂക്കളമൊരുക്കി 'ഋക്ഷരം' പുറത്തിറക്കി. എസ്.കെ.എം.ജെ. സ്‌കൂള്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ യൂണിറ്റിന്റെ ആദ്യമാഗസിനാണ് 'ഋക്ഷരം'. മന്ത്രി പി.കെ.ജയലക്ഷ്മി സ്‌കൂള്‍ മാനേജര്‍ എം.ജെ.വിജയപത്മന് മാഗസിന്‍ നല്‍കി പ്രകാശനം ചെയ്തു.

മുന്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. സുധാറാണി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എ.പി. ഹമീദ്, കെ.എം. മുജീബ്, കെ.ടി. ബാബു, കെ. പ്രകാശന്‍, പി.വി. ശ്രീനിവാസന്‍, ടി.വി. രവീന്ദ്രന്‍, സാവിയോ ഓസ്റ്റിന്‍, അര്‍ഷാദ് നിഹാല്‍, മുഹമ്മദ് റാഷിദ്, കെ.എസ്. ശ്യാല്‍ എന്നിവര്‍ സംസാരിച്ചു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച മാഗസിനില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രചനകളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവരുടെ ആശംസകളോടെ മാഗസിനിന്റെ ഇതളുകള്‍ മറിക്കുമ്പോള്‍ മികച്ച രചനകള്‍ വായിക്കാം.

പ്രിന്‍സിപ്പല്‍ എ. സുധാറാണിയുടെ 'പിന്തിരിഞ്ഞു നോക്കുമ്പോള്‍' എന്ന റിപ്പോര്‍ട്ടോടെയാണ് തുടക്കം. 1949-ല്‍ എം.ജെ. ജിനചന്ദ്രന്‍ തുടങ്ങിയ സുബകൃഷ്ണ മെമ്മോറിയല്‍ ജൈന്‍ ഹൈസ്‌കൂള്‍ വയനാടിന്റെ പ്രിയപ്പെട്ട എസ്.കെ.എം.ജെ.യായ കഥയാണ് റിപ്പോര്‍ട്ടിലുള്ളത്.

അധ്യാപകരായ അജിത് കാന്തി, കെ.ആര്‍. ബിനീഷ്, എം. വിവേകാനന്ദന്‍, ബീന ജോര്‍ജ്, കെ. ഷാജി എന്നിവരുടെ രചനകളും മാഗസിന് പുതിയ വായനാനുഭവം നല്‍കുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണനുമായി വിദ്യാര്‍ഥികള്‍ നടത്തിയ 'ആചാരങ്ങളും ശാസ്ത്രവും' എന്ന പേരിലുള്ള അഭിമുഖം ഏറെ ശ്രദ്ധേയമാണ്. 'സൈബര്‍ യുഗത്തില്‍ ആചാരങ്ങള്‍ക്ക് പ്രസക്തിയുണ്ട്. സൈബര്‍ യുഗമെന്ന വാക്ക് വേറെ, ആചാരമെന്ന വാക്ക് വേറെ' എന്നാണ് ഗോപാലകൃഷ്ണന്റെ അഭിപ്രായം.

അഞ്ജലി വി. രാജ്, ടി.എല്‍. വര്‍ഷ, ഐശ്വര്യ, ഗയ ഗണേഷ്, പി.എസ്. അക്ഷയ്, ആരതി വാസുദേവന്‍, എന്നിവരാണ് അഭിമുഖം നടത്തിയത്.

രാമ-രാവണ യുദ്ധസമയത്ത് മോഹാലസ്യനായ രാമദേവനെ ഉണര്‍ത്തുവാന്‍ മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ മേരുപര്‍വതം മൊത്തമായെടുത്ത് പറക്കവേ അതില്‍നിന്ന് അടര്‍ന്നുവീണ ഒരു ഭാഗമാണത്രെ കുടജാദ്രി എന്ന അറിവുമായി സിതാര ദിലീപ് എഴുതിയ കുടജാദ്രിയിലേക്ക് എന്ന യാത്രാനുഭവം മികച്ച വായനാനുഭവം നല്‍കുന്നു.

മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി രചനകളും 'ഋക്ഷര' ത്തിലുണ്ട്. കെ.എസ്. ശ്യാല്‍ ചീഫ് എഡിറ്ററും എം.എസ്. മുഹമ്മദ് റാഷിദ് സ്റ്റുഡന്റ് എഡിറ്ററുമാണ്.

More News from Wayanad