ആനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍

Posted on: 02 Feb 2012



മാനന്തവാടി: ഐ.ടി സ്‌കൂള്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ മാനന്തവാടി, ബത്തേരി ഉപജില്ലകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആനിമേഷന്‍ ചലചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. രണ്ടു ഉപജില്ലകളിലുമായി മുപ്പത്തിയേഴ് സ്‌കുളുകളില്‍ നിന്നായി നൂറോളം ചലചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ആനിമേഷന്‍ പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് ആനിമേഷന്‍ ചലചിത്രോത്സവം സംഘടിപ്പിച്ചത്. ആനിമേഷന്റെ ക്ലാസ് റൂം സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നതിനോടപ്പം ഐ.ടി രംഗത്ത് വളരെയധികം തൊഴില്‍ സാധ്യതകളുള്ള ഈ മേഖലയോട് വിദ്യാര്‍ത്ഥികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്നതും കൂടി ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

ചിത്രം വരച്ച് ആനിമേഷന്‍ നല്‍കുക മാത്രമല്ല, ശബ്ദമിശ്രണം നടത്തുന്നതും വീഡിയോ എഡിറ്റ് ചെയ്യുന്നതുമെല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. പരിപൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സിനിമകള്‍ നിര്‍മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഒരു മത്സരം സംഘടിത്തിക്കുന്നത്. ഉപജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ ജില്ലാതല മത്സരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടും. മാനന്തവാടി ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച മാനന്തവാടി ഉപജില്ലാതല ചലചിത്രോത്സവം പി ടി എ പ്രസിഡണ്ട് ,ശാരദാ സജീവന്റെ അധ്യക്ഷതയില്‍ മാനന്തവാടി എ.ഇ.ഒ ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. ബത്തേരി എ.ഇ.ഒ ഡൊമനിക്ക് സാവിയോ, പ്രിന്‍സിപ്പല്‍ കെ.കെ നരായണന്‍, തോമസ് മാത്യു, ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഐടി സ്‌കൂള്‍ പരിശീലകരായ മുഹമ്മദലി, ബാലന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബത്തേരി ഗവ: സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ബത്തേരി ഉപജില്ലാതല മത്സരം പി.ടി.എ പ്രസിഡന്റ് എല്‍ദോസ് പൈനാടത്തിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ഷിഫാനത്ത് കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി സ്‌കൂള്‍ പരിശീലകരായ മുഹമ്മദലി, ശ്രീജിത്ത് കൊയിലോത്ത് എന്നിവര്‍ ചലചിത്രോത്സവം നിയന്ത്രിച്ചു.

More News from Wayanad