പുല്പള്ളി: കര്‍ണാടക അതിര്‍ത്തിഗ്രാമമായ പെരിക്കല്ലൂരില്‍ 'ആനവണ്ടി'കള്‍ക്ക് താവളമൊരുക്കാന്‍ സ്വന്തമായി സ്ഥലമായി. കെ.എസ്.ആര്‍.ടി.സി. പെരിക്കല്ലൂരില്‍ ആരംഭിക്കുന്ന സബ് ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി.

പെരിക്കല്ലൂര്‍ സെയ്ന്റ് തോമസ് ഫൊറോന പള്ളി സൗജന്യമായി നല്‍കുന്ന ഒരേക്കറും മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പള്ളിയില്‍ നിന്ന് വിലയ്‌ക്കെടുത്ത ഒരേക്കറുമടക്കം, രണ്ടേക്കര്‍ ഭൂമിയിലാണ് സബ് ഡിപ്പോ പ്രവര്‍ത്തനം തുടങ്ങുന്നത്.

കോട്ടയം അതിരൂപതയ്ക്കുവേണ്ടി സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരിയാണ് ഭൂമിയുടെ രജിസ്‌ട്രേഷനുവേണ്ടി ആധാരത്തില്‍ ഒപ്പിട്ടത്.

നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് പെരിക്കല്ലൂരുകാരുടെ കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ എന്ന സ്വപ്‌നം പൂവണിയുന്നത്. നിലവില്‍ മറ്റ് സംവിധാനങ്ങളൊന്നുമില്ലാതെ തന്നെ കെ.എസ്.ആര്‍.ടി.സി. 17-ദീര്‍ഘദൂര സര്‍വീസുകളാണ് പെരിക്കല്ലൂരില്‍നിന്ന് ആരംഭിക്കുന്നത്.

ഈ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനുമെല്ലാം സെയ്ന്റ് തോമസ് ഫൊറോന പള്ളിയാണ് സൗകര്യമൊരുക്കുന്നത്. പെരിക്കല്ലൂരുകാര്‍ക്ക് കെ.എസ്.ആര്‍.ടി.സി.യോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്രയും സര്‍വീസുകള്‍ ഇവിടെത്തിച്ചത്. സബ് ഡിപ്പോ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ ഇവിടെനിന്ന് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

പെരിക്കല്ലൂരില്‍ സബ് ഡിപ്പോ അനുവദിക്കാമെന്ന് ഗതാഗത മന്ത്രി നേരത്തേ ഉറപ്പ് നല്‍കിയിരുന്നതാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ഡിപ്പോയുടെ നിര്‍മാണം തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇതിനായി ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കുടിയേറ്റ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് സഭ, കെ.എസ്.ആര്‍.ടി.സി. ഡിപ്പോ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനല്‍കിയതെന്ന് കോട്ടയം രൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. ഡിപ്പോയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടിയോടനുബന്ധിച്ച് പെരിക്കല്ലൂര്‍ സെയ്ന്റ് തോമസ് ഫൊറോന പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പൊതുവികസനം ലക്ഷ്യമിട്ടാണ് സഭപ്രവര്‍ത്തിക്കുന്നതെന്നും ഡിപ്പോ യാഥാര്‍ഥ്യമാക്കുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ഫൊറോന വികാരി ഫാ. സുനില്‍ പാറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, വര്‍ഗീസ് മുരിയന്‍കാവില്‍, മേഴ്‌സി ബെന്നി, ഷിനു കച്ചിറയില്‍, സി.പി. വിന്‍സെന്റ്, കെ.കെ. അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.