കല്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങള്‍ ചര്‍ച്ചനടത്തുമെന്ന് വയനാട് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഡി.ടി.പി.സി.യും ജില്ലാഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ഊരുമൂപ്പന്മാരോടൊപ്പം ഓണസദ്യ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

ചുരം കോഴിക്കോട് ജില്ലയിലായതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ല. ചുരത്തിലെ ഗതാഗതപ്രശ്‌നംകാരണം വയനാട്ടുകാരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിപ്പോവുന്ന അവസ്ഥയുണ്ട്. ഇത് മാറണമെങ്കില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ കോഴിക്കോട്-വയനാട് കളക്ടര്‍മാരുടെ സംയുക്തതീരുമാനം വേണം. കോഴിക്കോട് കളക്ടറുടെ സൗകര്യം അറിഞ്ഞശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. വലിയ വാഹനങ്ങള്‍ ചുരംവഴി പോകുന്നത് നിയന്ത്രിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
 
ആദിവാസികളുടെ വംശനാശം പഠിക്കാന്‍ ഏജന്‍സി
വയനാട്ടിലെ ആദിവാസികളുടെ വംശനാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയെന്ന് കളക്ടര്‍. ആദിവാസികളുടെ ആചാരവും അനുഷ്ഠാനവും ഭൂമിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമായി കാണണമെന്ന് ഊരുമൂപ്പന്മാര്‍ ആവശ്യപ്പെട്ടപ്പോഴാണ് കളക്ടറുടെ പ്രതികരണം.

ഊരുമൂപ്പന്മാരെ വിളിച്ചത് പ്രശ്‌നം പഠിക്കാന്‍
വയനാട്ടിലെ ആദിവാസികളുടെ പ്രശ്‌നം പഠിക്കാനാണ് ഊരുമൂപ്പന്മാരെ ഓണസദ്യക്ക് വിളിച്ചതെന്ന് കളക്ടര്‍. മൂന്നുമാസത്തോളമായി, താന്‍ കളക്ടറായി ചുമതലയേറ്റിട്ട്. ഇതുവരെ ആദിവാസിവിഭാഗത്തിലെ ആരും തന്നെ വന്നുകാണുകയോ പരാതിപറയുകയോ ചെയ്തിട്ടില്ല. വിവിധ കോളനികളില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.

നിര്‍മാണം പൂര്‍ത്തിയാകാത്തത് 3900 വീടുകള്‍
നിര്‍മാണം പൂര്‍ത്തിയാകാത്ത 3900 വീടുകള്‍ വയനാട്ടിലുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇത് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വീടുകള്‍ പൂര്‍ത്തിയാക്കുന്നത് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധിച്ചതിനുശേഷമേ ഫണ്ട് നല്‍കുകയുള്ളൂ. ഇനിയും പണി പൂര്‍ത്തിയാകാത്ത വീടുകളുണ്ടോയെന്ന് പരിശോധിക്കും. ട്രൈബല്‍ സൊസൈറ്റി വന്നതിനുശേഷം വീടുനിര്‍മാണം ചിലയിടങ്ങളില്‍ നന്നായി നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഫണ്ടില്ലെന്ന പരാതിയാണ് കേള്‍ക്കുന്നതെന്നും ഊരുമൂപ്പന്മാര്‍ പറഞ്ഞു.

ആംബുലന്‍സ് വിളിപ്പുറത്ത്
ആദിവാസികള്‍ക്ക് ഇനി ആംബുലന്‍സ് തേടി അലയേണ്ട. വിളിച്ചാല്‍ വിളിപ്പുറത്ത് ആംബുലന്‍സ് എത്തുന്നതിന് ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തും. രോഗികളായ ആദിവാസികളെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടപ്പോഴാണ് കളക്ടറുടെ പ്രതികരണം.

വിചിത്രയുടെ സമരം അവസാനിപ്പാക്കാന്‍ നടപടി
കുടിവെള്ളത്തിനായി കളക്ടറേറ്റ് പടിക്കല്‍ സമരംചെയ്യുന്ന വിചിത്രയ്ക്ക് കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് കളക്ടര്‍. ട്രൈബല്‍ പ്രമോട്ടറായിരുന്ന എ.സി. വിചിത്രയാണ് ശനിയാഴ്ചമുതല്‍ കളക്ടറേറ്റ് പടിക്കല്‍ സമരംചെയ്യുന്നത്.

ഇവരുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കാന്‍ നടപടി പൂര്‍ത്തിയായിവരികയാണ്. പൈപ്പും മോട്ടോറും അറ്റകുറ്റപ്പണികഴിഞ്ഞു. ഞായറാഴ്ചതന്നെ വെള്ളമെത്തിക്കും. പഞ്ചായത്താണ് ഇക്കാര്യം ചെയ്യേണ്ടത്. എന്നാല്‍, താന്‍ പ്രത്യേക താത്പര്യമെടുത്ത്, ഒരു ട്രൈബല്‍ ഓഫീസര്‍ക്ക് മുഴുവന്‍ സമയം ചുമതല നല്‍കിയാണ് വിചിത്രയുടെ വീട്ടിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
 
പ്രിയദര്‍ശിനിയെക്കുറിച്ച് പഠിക്കാന്‍ സമിതി
പ്രിയദര്‍ശിനി സൊസൈറ്റിയുടെ നഷ്ടത്തെക്കുറിച്ചും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയതായി കളക്ടര്‍. ലാഭത്തിലായിരുന്ന സൊസൈറ്റി പെട്ടെന്ന് നഷ്ടത്തിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കും.

ഓണമുണ്ട്, പരിഭവം പറഞ്ഞ് ഊരുമൂപ്പന്മാര്‍
ഓണാഘോഷത്തെക്കാള്‍ കളക്ടറുടെ മുമ്പില്‍ തങ്ങളുടെ പരിഭവങ്ങളുടെയും പരാതിയുടെയും കെട്ടഴിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഊരുമൂപ്പന്മാരുടെ സന്തോഷം. കളക്ടറുടെ തൊട്ടടുത്തിരുന്ന് തങ്ങളുടെ കോളനിയിലെ ഇല്ലായ്മകള്‍ അവര്‍ വിവരിച്ചു. പണിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ, കുറിച്യ വിഭാഗങ്ങളിലെ മൂപ്പന്മാര്‍ പങ്കെടുത്തു.

മീനങ്ങാടി ഗോഖലെനഗര്‍ കോളനിയിലെ നൂഞ്ചന്‍, കണിയാമ്പറ്റ ചീക്കല്ലൂര്‍ കോളനിയിലെ പി. വാസുദേവന്‍, കണിയാമ്പറ്റ കാവടം കോളനിയിലെ കാവലന്‍, മേപ്പാടി അരണമല കോളനിയിലെ രാഘവന്‍, മാനന്തവാടി മുയല്‍ക്കുനി കോളനിയിലെ രവീന്ദ്രന്‍, പൂതാടി പാടിക്കുന്ന് കോളനിയിലെ മാധവന്‍, മീനങ്ങാടി ചോളക്കൊല്ലി കോളനിയിലെ സി. കണാരന്‍, അമ്പലവയല്‍ നെല്ലാറകോളനിയിലെ ബാലന്‍, തവിഞ്ഞാല്‍ പാലക്കൊല്ലി കോളനിയിലെ നെട്ടാണി കേളു, കമ്മന ചെറുവയല്‍ രാമന്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.