മാനന്തവാടി: കഴിഞ്ഞദിവസം എച്ച്.ഡി. കോട്ടയ്ക്ക് സമീപത്തുണ്ടായ ബൈക്കപകടത്തില്‍ മരിച്ച എടവക പയിങ്ങാട്ടിരി ഗ്രാമത്തിലെ ഭാസ്‌കറിന്റെ അവയവങ്ങള്‍ ദാനംചെയ്തു. ചൊവ്വാഴ്ചയാണ് ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ ഭാസ്‌കറിനെ മൈസൂരു അപ്പോളോ ആസ്​പത്രിയിലെത്തിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച ഭാസ്‌കറിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുകയായിരുന്നു.

ഹൃദയം, കണ്ണുകള്‍, വൃക്കകള്‍, കരള്‍, ശ്വാസകോശം എന്നീ അവയവങ്ങളാണ് ആറുപേര്‍ക്കായി ദാനം ചെയ്തത്. ഹൃദയം വിമാനമാര്‍ഗം മദ്രാസിലേക്കും മറ്റു അവയവങ്ങള്‍ ബെംഗളൂരു നിംഹാന്‍സ് ആസ്​പത്രിയിലേക്കും എത്തിച്ചു.

ഭാസ്‌കറിന്റെ വൃക്ക സ്വീകരിക്കുന്നവരില്‍ 17 വയസ്സുകാരനും ഉള്‍പ്പെടും. ബെംഗളൂരു നിംഹാന്‍സ് ആസ്​പത്രിയില്‍നിന്നെത്തിയ വിദഗ്ധഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് അവയവദാന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരവരെ നീണ്ടു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കര്‍ണാടകസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംഘടനയില്‍ രജിസ്റ്റര്‍ചെയ്ത മുന്‍ഗണനാക്രമത്തിലുള്ളവര്‍ക്കാണ് ഭാസ്‌കറിന്റെ അവയവങ്ങള്‍ നല്‍കുക.

ചൊവ്വാഴ്ച രാവിലെ ആറരയോടെ സുഹൃത്തുമൊന്നിച്ച് മൈസൂരുവില്‍നിന്ന് മാനന്തവാടിഭാഗത്തേക്ക് വരികയായിരുന്ന ഭാസ്‌കര്‍ ഓടിച്ച ബൈക്കിനുമുന്നില്‍ കാട്ടുപന്നി ചാടിയതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അതുവഴിവന്ന വനപാലകരാണ് ആസ്​പത്രിയിലെത്തിച്ചത്.

എടവക പയിങ്ങാട്ടിരി ഗ്രാമം രാമവാധ്യാര്‍ മഠത്തിലെ പി.ബി. ശങ്കരനാരായണന്റെയും നിത്യാംബികയുടെയും ഏകമകനാണ് ഭാസ്‌കര്‍. ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്യുകയായിരുന്നു ഭാസ്‌കര്‍. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനത്തിനായി പി.എസ്.സി.യുടെ അഡ്വൈസ് ലഭിച്ച ഭാസ്‌കര്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് മരണപ്പെട്ടത്. പത്താംതരംവരെ മാനന്തവാടി ഹില്‍ബ്ലൂംസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും പ്ലസ്ടു കല്ലോടി സെയ്ന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് മീനങ്ങാടി ഗവ. പോളിടെക്‌നിക്കിലുമാണ് ഭാസ്‌കര്‍ പഠിച്ചത്. വ്യാഴാഴ്ച മൂന്നരയോടെ മൃതദേഹം സ്വദേശമായ പയിങ്ങാട്ടിരിയില്‍ എത്തിയപ്പോള്‍ അകാലത്തില്‍ വിടപറഞ്ഞ സുഹൃത്തിനെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം വൈകുന്നേരത്തോടെ പയിങ്ങാട്ടിരി ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ സംസ്‌കരിച്ചു.