കൃഷ്ണഗിരി: ഒരിടവേളയ്ക്കുശേഷം കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തില്‍. സി.കെ. നായിഡു കപ്പിനുവേണ്ടിയുള്ള അണ്ടര്‍-23 യോഗ്യതാനിര്‍ണയ മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. കേരളമടക്കം അഞ്ചുടീമുകളുള്ള ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളാണ് കൃഷ്ണഗിരിയില്‍ നടക്കുക. അന്തഃസംസ്ഥാന മത്സരങ്ങള്‍ക്കായി കുന്നിന്‍മുകളിലെ പുല്‍മൈതാനം തയ്യാറായി.

ഒക്ടോബര്‍ എട്ടിന് ആദ്യമത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. 15-ന് കേരളം-ഹരിയാണ മത്സരം ഹരിയാണയിലാണ്. 26-ന് കൃഷ്ണഗിരിയില്‍ കേരളം മുംബൈയുമായും നവംബര്‍ 11-ന് തമിഴ്‌നാടുമായും ഏറ്റുമുട്ടും.

രഞ്ജി ടീമിലേക്ക് തിരഞ്ഞെടുക്കുന്ന താരങ്ങളുടെ അളവുകോല്‍ കൂടിയാണ് അണ്ടര്‍-23 മത്സരങ്ങള്‍. സി.കെ. നായിഡു കപ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മികച്ച പ്രകടനം നടത്തിയ കേരള ടീമിന് ഇക്കുറിയും പ്രതീക്ഷയേറെയാണ്.
 
അണ്ടര്‍-19 ഇന്ത്യന്‍ താരങ്ങളായ റോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, ഡാനില്‍ ഫെറോറോ എന്നിവരടങ്ങുന്ന ടീമിന്റെ ക്യാപ്റ്റന്‍ ഫാബിത് ഫാറൂഖും പരിശീലകന്‍ എം. രാജഗോപാലുമാണ്. 23 അംഗ ടീം പതിനഞ്ചുദിവസമായി കൃഷ്ണഗിരിയില്‍ പരിശീലനത്തിലാണ്. ആദ്യമത്സരത്തിനായി ഗുജറാത്ത് ടീം വ്യാഴാഴ്ച വയനാട്ടിലെത്തും.

ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ തുണയ്ക്കുന്ന പിച്ചും മത്സരത്തിന് പൂര്‍ണസജ്ജമാണെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ പറഞ്ഞു. ആദ്യ രണ്ടുദിനം ബൗളര്‍മാര്‍ക്കും തുടര്‍ന്ന് ബാറ്റിങ്ങിനും അനുകൂലമാകുന്ന ഈര്‍പ്പം നിറഞ്ഞ പിച്ചാണ് ഒരുക്കിയിരിക്കുന്നത്.
 
ഈ വര്‍ഷം കൃഷ്ണഗിരിയില്‍ നടക്കുന്ന അന്തഃസംസ്ഥാന മത്സരങ്ങളില്‍ പുതിയ റെക്കോഡുകളുകണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് വയനാട്ടിലെ ക്രിക്കറ്റ് ആരാധകര്‍. കേരള രഞ്ജി ടീമിന്റെ പരിശീലകന്‍ ഡേവ് വാട്‌മോര്‍ അടുത്ത ദിവസങ്ങളില്‍ കൃഷ്ണഗിരിയില്‍ എത്തുന്നുണ്ട്. 1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടം ചൂടിച്ച വാട്‌മോറിന്റെ വരവ് ഇന്ത്യന്‍ ടീമിലേക്ക് വഴിതേടുന്ന യുവതാരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.