കല്പറ്റ: ടൗണ്‍ ഹാളിലും മാര്‍ക്കറ്റിലും വെള്ളമില്ലാതായിട്ട് രണ്ടാഴ്ച. ഇതിനകം ടൗണ്‍ ഹാളില്‍ നടത്തിയ വിവാഹങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പുറമെനിന്ന് വെള്ളം എത്തിക്കുകയായിരുന്നു. 380 കസേരകളും രണ്ട് കക്കൂസുകളുമാണ് ടൗണ്‍ ഹാളിലുള്ളത്. പുരുഷന്മാരുടെ കക്കൂസ് പലപ്പോഴും സമൂഹവിരുദ്ധര്‍ കയ്യേറി ഉപയോഗിക്കുന്നതിനാല്‍ നാശത്തിന്റെ വക്കിലാണ്.

അതേസമയം ഗൂഡലായികുന്നിലുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് വെള്ളമില്ലാത്തതിനാല്‍ വിവാഹപാര്‍ട്ടി വെള്ളം പുറമെനിന്ന് എത്തിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടത്തിയതെന്ന് നഗരസഭാ കൗണ്‍സിലര്‍ ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തേ ഒരുതവണ വെള്ളമില്ലാത്ത പ്രശ്‌നം വന്നപ്പോള്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്താണ് പ്രശ്‌നം പരിഹരിച്ചത്. ടൗണ്‍ ഹാളിലെ കുഴല്‍ക്കിണറില്‍നിന്നാണ് ടൗണ്‍ ഹാളിലും സമീപത്തെ മത്സ്യമാംസ മാര്‍ക്കറ്റിലും വെള്ളമെത്തിക്കുന്നത്. വെള്ളം കിട്ടാതായതോടെ മാര്‍ക്കറ്റും പരിസരവും ചീഞ്ഞുനാറുകയാണ്. ടൗണ്‍ ഹാളിന്റെ വാടക 4000 രൂപയാണെങ്കില്‍ അതില്‍ 2500 ചെലവഴിച്ചാണ് ഇപ്പോല്‍ ടാങ്കറില്‍ വെള്ളമെത്തിക്കുന്നത്.

കുഴല്‍ക്കിണറില്‍ സ്ഥാപിച്ച മോട്ടോറില്‍ ചെളി നിറഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് നടപടി വൈകിയത്. നിലവിലുള്ള മോട്ടോര്‍ നന്നാക്കിയിട്ടും കാര്യമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുക്കാന്‍ കത്തുനല്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ പണം അടച്ചുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ ഹാള്‍ ബുക്കു ചെയ്തവര്‍ക്ക് വെള്ളത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ പരിശോധിച്ചുവെന്നും നന്നാക്കല്‍ ബുദ്ധിമുട്ടായതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തിന് അപേക്ഷ നല്കുകയായിരുന്നുവെന്നും സെക്രട്ടറി കെ.ജി. രവീന്ദ്രനും പറഞ്ഞു.

ആധുനിക ടൗണ്‍ഹാള്‍ നിര്‍മാണത്തിന് നടപടി തുടങ്ങി

മൂന്നുകോടി ചെലവ്, മൂന്നുമാസത്തിനുള്ളില്‍ പ്രാഥമിക നിര്‍മാണം


നിലവിലുള്ള ടൗണ്‍ ഹാളിനോടുചേര്‍ന്ന് ആധുനികരീതിയിലുള്ള ടൗണ്‍ ഹാള്‍ നിര്‍മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനം നഗരസഭ തുടങ്ങി. വര്‍ഷങ്ങള്‍ പഴക്കമുള്ള ടൗണ്‍ ഹാള്‍ അറ്റകുറ്റപ്പണി ചെയ്തിട്ടും കാര്യമില്ലാത്തതിനാലാണ് പുതിയ ടൗണ്‍ഹാള്‍ നിര്‍മിക്കുന്നത്. നിലവിലുള്ള ടൗണ്‍ഹാള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കല്പറ്റ നഗരസഭ ടൗണ്‍ ഹാള്‍ നിര്‍മാണം തുടങ്ങും.

മൂന്നുമാസത്തിനുള്ളില്‍ സ്‌കെച്ചും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതി വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ പറഞ്ഞു. മൂന്നുകോടി ചെലവിലാണ് ഹാള്‍ നിര്‍മിക്കുക. നിലവിലുള്ള ടൗണ്‍ ഹാളിനു സമീപത്തെ 40 സെന്റ് സ്ഥലം കൂടി ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിക്കുക. മുകളില്‍ ടൗണ്‍ ഹാളും താഴെ മിനി കോണ്‍ഫറന്‍സ് ഹാളും വിശാലമായ പാര്‍ക്കിങ് ഏരിയയും ഉള്‍പ്പെടുന്ന ഹാളാണ് നിര്‍മിക്കുക. അഞ്ചു ടെന്‍ഡറുകള്‍ വന്നതില്‍ മൂന്നെണ്ണം തിരഞ്ഞെടുക്കുകയും തുക നിശ്ചയിക്കാന്‍ മാറ്റിവെക്കുകയുമാണ് ചെയ്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തുടര്‍നടപടികള്‍ തുടങ്ങുമെന്നും സെക്രട്ടറി പറഞ്ഞു. ഈ വര്‍ഷം തന്നെ ഒരു കോടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. പുതിയ ടൗണ്‍ഹാള്‍ വരുന്നതോെട നിലവിലുള്ള പ്രശ്‌നങ്ങള്‍ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.