കല്പറ്റ: ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരില്‍ കാണാനായി കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രഹസനമായി. ജനപ്രതിനിധികളെ അറിയിക്കാതെ വന്‍ ഉദ്യോഗസ്ഥസംഘത്തോടൊപ്പമായിരുന്നു കേന്ദ്രസംഘമെത്തിയത്. രൂക്ഷമായ വരള്‍ച്ചനേരിടുന്ന പുല്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളെപ്പോലും സന്ദര്‍ശന വിവരം അറിയിച്ചിരുന്നില്ല.

കുടിവെള്ളക്ഷാമം നേരിടുന്ന കോളനികളില്‍ സംഘത്തിന്റെ വരവിന് മുന്നോടിയായി ലോറിയില്‍ വെള്ളവും എത്തിച്ചിരുന്നു. സന്ദര്‍ശിച്ച പ്രദേശങ്ങളിലെല്ലാം വേനല്‍ മഴ ലഭിച്ചതിനാല്‍ വരള്‍ച്ചയുടെ കാഠിന്യം കേന്ദ്രസംഘത്തിന് ബോധ്യപ്പെടുമോയെന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വിനികുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജില്ലയില്‍ എത്തിയത്. കൃഷി മന്ത്രാലയത്തിലെ ഡോ. കെ. പൊന്നുസ്വാമി, രാഹുല്‍ സിങ്, വിജയ് രാജ്‌മോഹന്‍, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എന്‍ജിനീയര്‍ അന്‍ജലി ചാരു എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

മുള്ളന്‍ കൊല്ലി പഞ്ചായത്തിലെ വണ്ടിക്കടവ് ആദിവാസി കോളനിയിലാണ് കേന്ദ്രസംഘം ആദ്യം എത്തിയത്. സന്ദര്‍ശനത്തിനു മുന്നോടിയായി ഒരു ലോറിയില്‍ രണ്ടു ടാങ്ക് കുടിവെള്ളവും കോളനിയിലെത്തിച്ചിരുന്നു. ഒരാഴ്ചയ്ക്കു ശേഷമെത്തിയ കുടിവെള്ളം ശേഖരിക്കാന്‍ ആളുകള്‍ പാത്രങ്ങളുമായി എത്തിയെങ്കിലും കേന്ദ്രസംഘം എത്തിയതിനുശേഷം മാത്രം വെള്ളം നല്കിയാല്‍ മതി എന്നായിരുന്നു നിര്‍ദേശം.

വ്യാഴാഴ്ച രാവിലെ ബത്തേരിയിലെത്തിയ സംഘാംഗങ്ങളോട് ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രൂക്ഷമായ വരള്‍ച്ചാ സ്ഥിതിഗതികള്‍ വിശദീകരിച്ചു. കേന്ദ്രസംഘവും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഉദ്യോഗസ്ഥരും ഏരിയപ്പള്ളി, ഗാന്ധിനഗര്‍ കോളനിയിലെ വാട്ടര്‍ കിയോസ്‌കില്‍ കുടിവെള്ളം ശേഖരിക്കാനെത്തിയ പ്രദേശവാസികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വാട്ടര്‍ കിയോസ്‌കുകളിലൊന്നാണ് ഏരിയപ്പള്ളിയിലുള്ളത്. സംഘം പാടിച്ചിറക്കടുത്ത കൊളവള്ളിയിലെ കബനിയും സന്ദര്‍ശിച്ചു. ജില്ലയിലെ വരള്‍ച്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ടീം ലീഡര്‍ അശ്വിനികുമാര്‍ അറിയിച്ചു.

ജില്ലാ കൃഷി ഓഫീസര്‍ എം.പി. വത്സമ്മ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. രാജേന്ദ്രന്‍, വാട്ടര്‍ അതോറിറ്റി എക്‌സി.എന്‍ജിനീയര്‍ ടി.കെ. സുരേഷ്‌കുമാര്‍, അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. കെ.എസ്. അജയന്‍, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ജില്ലാ ഓഫീസര്‍ ഒ.കെ. സുജിത്കുമാര്‍ തുടങ്ങിയവര്‍ ജില്ലാകളക്ടര്‍ക്കൊപ്പം കേന്ദ്രസംഘത്തെ അനുഗമിച്ചു.

സന്ദര്‍ശനം പ്രഹസനമെന്ന് പഞ്ചായത്ത്‌

പുല്പള്ളി: കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തില്‍ ജനപ്രതിനിധികളെ അവഗണിച്ചതില്‍ പ്രതിഷേധം. പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ചാക്കെടുതി പഠിക്കാന്‍ കേന്ദ്രസംഘം നടത്തിയ സന്ദര്‍ശനം പ്രഹസനമാക്കിയെന്ന് പുല്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

രണ്ടു പഞ്ചായത്തുകളിലെയും ഭരണസമിതി, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരെ അറിയിക്കാതെയും പങ്കെടുപ്പിക്കാതെയുമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്.

ഇവര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയോ കര്‍ഷകരുമായി ആശയ വിനിമയം നടത്തുകയോ ചെയ്തിട്ടില്ല. ജനകീയ പ്രശ്‌നങ്ങള്‍ അറിയാവുന്ന പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും പങ്കെടുപ്പിക്കാതെ ധൃതഗതിയില്‍ സന്ദര്‍ശനം നടത്തി സംഘം മടങ്ങുകയായിരുന്നു. ഇവരെ അനുഗമിക്കാന്‍ ഉണ്ടായിരുന്നത് ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. ഇവര്‍ക്കാണെങ്കില്‍ ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് വളരെ പരിമിതമായ ധാരണകള്‍ മാത്രമാണ് ഉള്ളത്. വരള്‍ച്ച രൂക്ഷമായിരുന്ന സമയത്ത് സന്ദര്‍ശനം നടത്താതെ വേനല്‍മഴ ലഭിച്ചതിനുശേഷം നടത്തിയ സന്ദര്‍ശനത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തിന് കഴിയുമോ എന്നും സംശയമുണ്ടെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.