കല്പറ്റ: വയനാട്ടില്‍ ചെറുവിമാനത്താവളത്തിന് സാധ്യതതെളിഞ്ഞു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് എയര്‍ സ്ട്രിപ്പ് തുടങ്ങാനുള്ള നിര്‍ദേശം സര്‍ക്കാരിന് നല്കിയത്. കല്പറ്റ ബൈപ്പാസിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 120 ഏക്കര്‍ തേയിലത്തോട്ടം ഇതിനായി വിട്ടുനല്കാമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സിനെ തോട്ടമുടമ മായിന്‍ഹാജി അറിയിച്ചതായി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു.

ജില്ലയില്‍ രണ്ടിടങ്ങളാണ് എയര്‍ സ്ട്രിപ്പിന് പരിഗണിക്കുന്നത്. ബൈപ്പാസിനുപുറമേ കാരാപ്പുഴയിലാണ് നിര്‍ദേശമുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റി ഇരുസ്ഥലങ്ങളും പരിശോധിച്ചശേഷം എവിടെ തുടങ്ങണമെന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ബപ്പാസിലെ സ്ഥലം വിട്ടുനല്കാനുള്ള തീരുമാനവും ഇതുസംബന്ധിച്ച നിര്‍ദേശവും ചേംബര്‍ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രി പിണറായി വിജയനുകൈമാറി. മുഖ്യമന്ത്രി വയനാട്ടില്‍ വന്നപ്പോള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ അദേഹത്തെസന്ദര്‍ശിച്ച് എയര്‍ സ്ട്രിപ്പിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.

ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്തുതന്നെ വയനാട്ടില്‍ വരുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നുമാണ് സൂചന. നേരത്തേ മന്ത്രി വയനാട്ടില്‍ വരാനിരുന്നതാണ്. അന്ന് എയര്‍ സ്ട്രിപ്പ് സംബന്ധിച്ച നിര്‍ദേശം തയ്യാറാക്കിനല്കാന്‍ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി േചംബര്‍ ഓഫ് കൊമേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെസന്ദര്‍ശനം അന്നുനടന്നില്ല. ഇനിവരുന്‌പോള്‍ എയര്‍ സ്ട്രിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് വേഗമേറുമെന്നാണ് പ്രതീക്ഷ.

1000 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമാണ് എയര്‍ സ്ട്രിപ്പിനുള്ളത്. അതേസമയം അവസാന പ്രോജക്ട് ആയില്ലെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറയുന്നത്. 12-20 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ളതാണ് എയര്‍ സ്ട്രിപ്പ്. യാതൊരു പരിസ്ഥിതിപ്രശ്‌നവും ഉണ്ടാക്കാത്ത തരത്തിലാണ് കല്പറ്റയില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുക. നിലവില്‍ ലാഭകരമല്ലാത്ത തേയിലത്തോട്ടമാണ് ഇതിനായി മാറ്റിവെക്കുന്നത്.

ടൂറിസംമേഖലയിലെ വികസനംമാത്രമല്ല എയര്‍ സ്ട്രിപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യ, ദുരന്തനിവാരണ പ്രവര്‍ത്തനം, കാര്‍ഷികവിളകളുടെ കൈമാറ്റം എന്നിങ്ങനെ സര്‍വമേഖലകളിലും എയര്‍ സ്ട്രിപ്പിന്റെ വരവ് ഉപകരിക്കും. ടൂറിസംവികസനം ലക്ഷ്യമാക്കി ഇടുക്കി, ശബരിമല, വയനാട്, ബേക്കല്‍ എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പ് തുടങ്ങണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നേരത്തേ കേന്ദ്രത്തെ സമീപിച്ചിരുന്നു.