വിഷുഫലം 2011
അശ്വതി
ഈ നക്ഷത്രക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമാണ് പുതുവര്‍ഷം. ആദ്യപകുതിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കുന്നത് ഉചിതമായിരിക്കും. സന്താനസൗഭാഗ്യമില്ലാത്തവര്‍ക്ക് യഥാവിധി ചികിത്സയും പരിഹാരക്രിയകളും ചെയ്താല്‍ സന്താനമുണ്ടാകും. അന്യരുടെ വാക്ക്‌കേട്ട് അബദ്ധത്തില്‍ ചെന്നുചാടാതിരിക്കാന്‍ ശ്രമിക്കണം. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. ഔഷധങ്ങള്‍ക്കും വഴിപാടുകള്‍ക്കും പണം ചെലവഴിക്കും. സഹോദരസ്ഥാനീയരില്‍ നിന്ന് ഗുണാനുഭവം കൈവരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. ഭാഗ്യാധിപനായ വ്യാഴം മെയ് 8 വരെ പന്ത്രണ്ടിലും പിന്നീട് ജന്മത്തിലും സഞ്ചരിക്കുന്നതിനാല്‍ മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് നല്ല പരിശ്രമം ആവശ്യമായിവരും. സല്‍കീര്‍ത്തിയും ഊഹക്കച്ചവടത്തില്‍ നിന്ന് ലാഭവും പ്രതീക്ഷിക്കാം. ഷെയര്‍ രംഗത്തുള്ളവര്‍ക്ക് ആഗസ്തിനുശേഷം വന്‍ലാഭം പ്രതീക്ഷിക്കാം. മധ്യവയസ്സിന് മുകളിലുള്ളവര്‍ക്ക് കാലം അനുകൂലമാവും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ മികവ് കാട്ടും. ഗൃഹം മോടിപിടിപ്പിക്കാനും തീര്‍ഥയാത്രക്കും ക്ഷേത്രദര്‍ശനത്തിനും അവസരം വന്നുചേരും. ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. സ്ത്രീകള്‍ക്ക് മനഃസുഖത്തിനും ബന്ധുഗുണത്തിനും യോഗം. ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ ഭംഗിയോടെ നിര്‍വഹിക്കും. എഴുത്തുകാര്‍ക്ക് അംഗീകാരം ലഭിക്കും.
ഭരണി
ഭാഗ്യാധിപനായ വ്യാഴം മെയ് എട്ടുവരെ പന്ത്രണ്ടിലും പിന്നീട് ജന്മത്തിലും സഞ്ചരിക്കുന്നു. കര്‍മാധിപനും ലാഭാധിപനുമായ ശനി നവംബര്‍ 15-വരെ ആറിലും പിന്നീട് കണ്ടകനായി ഏഴിലും സഞ്ചരിക്കുന്നു. വ്യാഴത്തിന്റെ 12-ലെ സ്ഥിതി മോശം ഫലങ്ങള്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ തന്നിരിക്കും. പുതിയ സംരംഭങ്ങള്‍ ഈ വര്‍ഷമാദ്യം ആരംഭിക്കാതിരിക്കുക. വിധി കാത്തുകിടക്കുന്ന വ്യവഹാരത്തില്‍ അനുകൂലവിധി നേടും. സന്താനങ്ങളുടെ ഉന്നതിക്കായി പരിശ്രമിക്കും. രാഷ്ട്രീയരംഗത്തുള്ളവര്‍ വിമര്‍ശനവിധേയരാവും. തിരഞ്ഞെടുപ്പുകളില്‍ വിജയത്തിനായി നല്ല പരിശ്രമം ആവശ്യമായി വരും. ജീവിതത്തിന്റെ വഴിത്തിരിവെന്നു പറയാവുന്ന കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് ഉത്തരവുണ്ടാവും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കുമെങ്കിലും അവ നിര്‍വഹിക്കാന്‍ സാധിക്കും. ഗൃഹം മോടിപിടിപ്പിക്കാന്‍ അവസരമുണ്ടാവും. പൊതുപ്രാധാന്യമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ സാധിക്കും. ദൂരയാത്രകള്‍ നിര്‍ത്തിവെക്കേണ്ടതായി വരും. സാമ്പത്തികക്ലേശത്തിന് പരിഹാരമുണ്ടാവും. ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്രകള്‍ ചെയ്യേണ്ടിവരും. ഭൂമി കൈമാറ്റം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വരും. വ്യാപാരികള്‍ക്ക് വലിയ ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് ഉന്നതപരീക്ഷയില്‍ വിജയം സുനിശ്ചിതം.
കാര്‍ത്തിക
വ്യാഴം മെയ്‌വരെ ലാഭസ്ഥാനമായ പതിനൊന്നിലും പിന്നീട് വ്യയസ്ഥാനമായ പന്ത്രണ്ടിലും സഞ്ചരിക്കുന്നു. ശനി നവംബര്‍ 15-വരെ അഞ്ചിലും അതിനുശേഷം ഉച്ചരാശിയില്‍ ആറിലും സഞ്ചരിക്കുന്നു. രാഹു അഷ്ടമത്തിലും കേതു രണ്ടിലും സഞ്ചരിക്കുന്നു. വ്യാഴം പതിനൊന്നില്‍ സഞ്ചരിക്കുന്ന വര്‍ഷത്തിന്റെ ആദ്യകാലം ഗുണഫലങ്ങള്‍ ഏറെ തരുന്ന സമയമാവും. വര്‍ഷത്തിന്റെ ആദ്യപകുതി നന്നായിരിക്കും. സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതം. കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും അനുകൂലമായ വര്‍ഷം. പുരസ്‌കാരങ്ങളും ധനലാഭവും ഫലം. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും അതില്‍ ശോഭിക്കാനും കഴിയും. ഷെയര്‍രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധയോടെ ധനവിനിമയം ചെയ്യണം. ഭൂമിസംബന്ധമായ കാര്യങ്ങളില്‍ ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലുദ്യോഗസ്ഥന്മാരില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. അധ്യാപകര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും അനുകൂലമായ വര്‍ഷമാണ്. പ്രണയസാഫല്യത്തിന് സാധ്യത. കലാസാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഏറെ ശോഭിക്കാന്‍ കഴിയും. ദാമ്പത്യജീവിതം സംതൃപ്തകരമാവും. സന്താനത്തിന്റെ വരവ് ഐശ്വര്യത്തെ പ്രദാനം ചെയ്യും. മറ്റുള്ളവരുടെ സഹകരണത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ഭൂമി ക്രയവിക്രയങ്ങളില്‍ പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാവും. മതസ്ഥാപനങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്ഥാനത്തേക്കുയര്‍ത്തപ്പെടും.
രോഹിണി
വര്‍ഷത്തിന്റെ ആദ്യപകുതി നന്നായിരിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പരിപാലിക്കാന്‍ കഠിനശ്രമം വേണ്ടിവരും. തിരഞ്ഞെടുപ്പില്‍ വിജയിക്കും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ കഴിയും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭ്യമാവും. പ്രണയകാര്യങ്ങളില്‍ വിജയം കണ്ടെത്തും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാവും. ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലസമയം. മനസ്സറിയാത്ത കാര്യങ്ങളില്‍ അപവാദം നേരിടേണ്ടിവരും. മധ്യവയസ്സിനു മുകളിലുള്ളവര്‍ക്ക് അനുകൂലഫലങ്ങള്‍ ഏറെ ലഭിക്കാവുന്ന വര്‍ഷമാണിത്. അപ്രതീക്ഷിതമായി ധനം ലഭിക്കാനിടയുണ്ട്. മത്സ്യബന്ധനമേഖലയിലുള്ളവര്‍ക്ക് നല്ല സമയമാണിത്. വിദ്യാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷയില്‍ വിജയം. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും. ബന്ധുജനസമാഗമത്താല്‍ മനസ്സിന് സന്തോഷം കൈവരും. ഷെയര്‍, ഭൂമി ഇടപാടുകളില്‍ ലാഭത്തിനു സാധ്യത. ഡോക്ടര്‍മാര്‍ക്കും കരാറുകാര്‍ക്കും നല്ലകാലം. ആഘോഷപരിപാടികളില്‍ സംബന്ധിക്കാനവസരം വന്നുചേരും. ആധുനിക യന്ത്രസാമഗ്രികള്‍ കൈവന്നുചേരും. ആധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
മകയിരം
ഗുണദോഷസമ്മിശ്രമായ കാലം. വര്‍ഷാദ്യം ഗുണഫലങ്ങള്‍ ഏറെത്തരും. ഏഴാം ഭാവാധിപനും കര്‍മാധിപനുമായ വ്യാഴം 2011 മെയ് വരെ കര്‍മസ്ഥാനത്തും അതിനുശേഷം പതിനൊന്നിലും സഞ്ചരിക്കുന്നു. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാവും. വിദേശങ്ങളില്‍ പോവാനാഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണിത്. സാഹസിക കാര്യങ്ങളില്‍ ഏര്‍പ്പെടും. പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും. സുഹൃത്തുക്കളില്‍ നിന്ന് ഏറെ സഹായങ്ങള്‍ ലഭിക്കും. സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടി ലഭ്യമാവും. രാഷ്ട്രീയപ്രേരിതമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും. ജാമ്യം നില്‍ക്കാന്‍ നിര്‍ബന്ധിതനായാല്‍ ഒഴിവാക്കുക. ആധ്യാത്മികകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. അസൂയക്കാരില്‍ നിന്ന് ശല്യമുണ്ടാവും. അന്യദേശവാസത്തിനും ഉല്ലാസയാത്രയ്ക്കും അവസരം വന്നുചേരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കുന്നതാണ്. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ഉണ്ടാവും. അധികാരം പ്രയോഗിക്കേണ്ട അവസരം വരും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. ഭാര്യയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. വിദേശനാടുകളില്‍ കഴിയുന്നവര്‍ക്ക് കുടുംബഭദ്രത ഫലം ചെയ്യും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതുമാണ്. സന്താനങ്ങള്‍ക്ക് എല്ലാവിധ ശ്രേയസ്സും ഉണ്ടാവും. ഭാഗ്യക്കുറിയോ ചിട്ടിയോ ലഭിക്കും. ബന്ധുക്കളില്‍ നിന്ന് നിര്‍ലോഭമായ സഹായമുണ്ടാവും. മേലുദ്യോഗസ്ഥന്മാരില്‍ നിന്ന് അംഗീകാരം ലഭിക്കും. ഉന്നത വ്യക്തികളുമായി അടുത്തു പരിചയപ്പെടാനിടവരും.
തിരുവാതിര
ഏഴാം ഭാവാധിപനും കര്‍മാധിപനുമായ വ്യാഴം മെയ്‌വരെ സ്വക്ഷേത്രത്തില്‍ കര്‍മസ്ഥാനമായ പത്തിലും അതിനുശേഷം പതിനൊന്നിലും സഞ്ചരിക്കുന്നു. നവംബര്‍ 15 വരെ അഷ്ടമാധിപനും ഭാഗ്യാധിപനുമായ ശനി നാലിലും അതിനുശേഷം ഉച്ചരാശിയില്‍ അഞ്ചിലും സഞ്ചരിക്കുന്നു. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. വിദേശങ്ങളില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്. സാഹസികകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടും. സര്‍ക്കാറില്‍ നിന്ന് അനുകൂല നടപടിയുണ്ടാവും. സുഖചികിത്സ നടത്തും. പ്രേമകാര്യങ്ങളില്‍ വിജയം കൈവരിക്കും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്. വാഹനം, ആയുധം, മൃഗം എന്നിവയില്‍ നിന്ന് ആപത്തിന് സാധ്യതയുണ്ട്. അസൂയക്കാരില്‍ നിന്ന് ശല്യമുണ്ടാവും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല വര്‍ഷമാണിത്. പരീക്ഷകളില്‍ വിജയം, ഇന്റര്‍വ്യൂകളില്‍ വിജയം എന്നിവ ഫലം. ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. പുതിയ എഗ്രിമെന്റുകളില്‍ ഒപ്പുവെക്കേണ്ടതായി വരും. എല്ലാ രംഗങ്ങളിലും ധീരതയും കര്‍മശേഷിയും വര്‍ധിക്കും. വളരെക്കാലമായി വെച്ചുപുലര്‍ത്തിപ്പോരുന്ന പല ആഗ്രഹങ്ങളും സാധിച്ചെന്നു വരാം. അപ്രതീക്ഷിതമായ സാമ്പത്തികബാധ്യത വന്നുചേരും. കോപം വര്‍ധിക്കും. ഗൃഹനിര്‍മാണം, ദേവാലയനിര്‍മാണം എന്നിവയ്ക്ക് തുടക്കമിടും.
പുണര്‍തം
ഗുണദോഷസമ്മിശ്രമായ കാലം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ വിജയവും കലാപരിപാടികളിലും മറ്റും ഉന്നതവിജയവും പ്രതീക്ഷിക്കാം. വിദേശങ്ങളില്‍ പോകാനാഗ്രഹിക്കുന്നവരുടെ ചിരകാലാഭിലാഷം പൂര്‍ത്തീകരിക്കും. ഗുരുജനാരിഷ്ടത, വാഹനലാഭം എന്നിവ ഫലം ചെയ്യും. സ്ത്രീകള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍ക്കാറുദ്യോഗസ്ഥര്‍ക്കും കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവിചാരിതമായ ധനാഗമമുണ്ടാകും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. ആധുനിക യന്ത്രസാമഗ്രികള്‍ കൈവശം വന്നുചേരും. സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാവും. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനവസരം ലഭിക്കും. രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കേണ്ടിവരും. യാത്രാവേളകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടെന്നുവരാം. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും അനുകൂല വര്‍ഷമാണിത്. തിരഞ്ഞെടുപ്പുവിജയത്തിനായി നല്ല ശ്രമം ആവശ്യമായി വരും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവ വിജയിപ്പിക്കാന്‍ ആത്മാര്‍ഥമായ ശ്രമം ഉണ്ടാവുകയും ചെയ്യും. ഉദ്യോഗസ്ഥലത്ത് അധികാരം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാവും. ഭാര്യയില്‍ നിന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് എല്ലാവിധ ശ്രേയസ്സുമുണ്ടാവും. എല്ലാ രംഗങ്ങളിലും ധീരതയും കാര്യശേഷിയും വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍ നിന്ന് പലവിധ സഹായങ്ങളുമുണ്ടാവും. ഗൃഹനിര്‍മാണകാര്യങ്ങളിലെ സ്തംഭനാവസ്ഥ തുടരും.
പൂയം
ഈ നക്ഷത്രക്കാര്‍ക്ക് ആറാം ഭാവാധിപതിയും ഭാഗ്യാധിപനുമായ വ്യാഴം മെയ് 8 വരെ ഒമ്പതിലും, അതിനുശേഷം കര്‍മസ്ഥാനത്തും സ്ഥിതിചെയ്യുന്നു. അഷ്ടമാധിപനായ ശനി കണ്ടകനായി നാലിലും അഞ്ചിലും സ്ഥിതിചെയ്യുന്നു. ജൂണ്‍ 6 വരെ രാഹു ആറിലും കേതു പന്ത്രണ്ടിലും സ്ഥിതിചെയ്യുന്നു. ഏല്പിച്ച കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമെന്നതിനാല്‍ ആത്മസംതൃപ്തിയുണ്ടാവും. ഭൂമിയും സ്വര്‍ണവും അധീനതയില്‍ വരും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് വിജയസാധ്യതയുണ്ട്. ആസ്പത്രിസന്ദര്‍ശനം ആവശ്യമായി വരും. ഔഷധത്തിനായി പണം ചെലവഴിക്കേണ്ടിവരും. സ്‌നേഹബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. കള്ളന്‍മാരില്‍ നിന്ന് ശല്യമുണ്ടാവും. ഇണയുമായി സൗന്ദര്യപ്പിണക്കം ഉണ്ടാവും. പ്രണയിനികള്‍ക്ക് പ്രണയസാഫല്യം ഫലം. ലഹരി പദാര്‍ഥങ്ങളോട് പ്രത്യേക താത്പര്യമുണ്ടാവും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ ഏറെ ലഭിക്കുന്ന അവസരമാണിത്. സ്ത്രീകള്‍ക്ക് ദന്തരോഗത്തിന് സാധ്യത. എഴുത്തുകാര്‍ക്കും, പ്രസംഗകര്‍ക്കും അനുകൂലമായ വര്‍ഷം. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സാധിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാവും. ചില പുതിയ കരാറുകളില്‍ ഒപ്പുവെക്കേണ്ടതായി വരും. പുരോഹിതരും, ആത്മീയ പ്രവര്‍ത്തകരും വിമര്‍ശനങ്ങളെ നേരിടേണ്ടിവരും. കരാറുജോലിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി ശോഭിക്കാന്‍ സാധിക്കും. പുണ്യദേവാലയ ദര്‍ശനം, പൂരാഘോഷ പരിപാടികളില്‍ സാന്നിദ്ധ്യം എന്നിവ ഫലം.
ആയില്യം
ഗുണദോഷ സമ്മിശ്രമായ കാലം. ആറാം ഭാവാപതിയും ഭാഗ്യാധിപനുമായ വ്യാഴം ഭാഗ്യസ്ഥാനമായ ഒമ്പതിലും തുടര്‍ന്ന് പത്തിലും സഞ്ചരിക്കുന്നു. അഷ്ടമാധിപനായ ശനി കണ്ടകനായി നാലില്‍ സഞ്ചരിക്കുന്നു. ഉപരിപഠനത്തിന് സാധ്യത. ആസ്പത്രിവാസം ഫലം. രോഗ നിര്‍ണയത്തിനും, ഔഷധത്തിനും വേണ്ടി പണം ചെലവഴിക്കും. ഭൂമിയും സ്വര്‍ണവും വാങ്ങി മുതല്‍ക്കൂട്ടാന്‍ സാധിക്കും. ഭൂമിയിലുള്ള ക്രയവിക്രയങ്ങളിലൂടെ ലാഭം കൊയ്യും. സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. ഡോക്ടര്‍മാര്‍ക്കും നിയമജ്ഞര്‍ക്കും പോലീസ് മേധാവികള്‍ക്കും യശസ്സു വര്‍ദ്ധിക്കും. ഭൃത്യജനങ്ങളില്‍ നിന്ന് കുഴപ്പങ്ങള്‍ സംഭവിക്കും. യുവാക്കളുടെ വിവാഹാദികാര്യങ്ങളില്‍ തീരുമാനമെടുക്കും. സംഗീത, സാഹിത്യ സദസ്സുകളില്‍ സാന്നിദ്ധ്യം വഹിക്കും. ധനസമ്പാദനത്തിനായി വിവിധ മേഖലകള്‍ തുറക്കപ്പെടും. ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും. വിദ്യാര്‍ഥികള്‍ക്ക് നല്ലകാലം. പരീക്ഷകളിലും ടെസ്റ്റുകളിലും വിജയം അഗ്നി, വൈദ്യുതി, വാഹനം എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വിനോദപരിപാടികള്‍ക്കായി സമയം നീക്കിവെക്കും. ഉല്ലാസയാത്രക്കായി അവസരം വന്നുചേരും. ഭരണതലത്തിലിരിക്കുന്നവര്‍ക്ക് സാധ്യതകള്‍ വര്‍ദ്ധിക്കും. പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കും.
മകം
ഈ നക്ഷത്രക്കാര്‍ക്ക് 5-ാം ഭാവാധിപതിയും അഷ്ടമാധിപതിയുമായ വ്യാഴം മെയ് വരെ അഷ്ടമത്തിലും അതിനുശേഷം ഒമ്പതിലും സഞ്ചരിക്കുന്നു. നവംബര്‍ 15 വരെ ഏഴരശ്ശനി. വര്‍ഷത്തിന്റെ ആദ്യപകുതി സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. പിന്നീട് തടസ്സങ്ങള്‍ മാറിക്കിട്ടും. അപവാദങ്ങള്‍ക്കിരയാവും. ചെയ്യാത്ത കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടും. വഞ്ചനയില്‍പ്പെടാം. രാഷ്ട്രീയക്കാര്‍, തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നുവെങ്കില്‍ വിജയത്തനായി അശ്രാന്തപരിശ്രമം ആവശ്യമായി വരും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രദര്‍ശിപ്പിക്കും. സൗഹൃദബന്ധത്തില്‍ ഉലച്ചില്‍ അനുഭവപ്പെടും. മൃഗങ്ങളില്‍ നിന്നും ആയുധങ്ങളില്‍ നിന്നും അപായമില്ലാതെ സൂക്ഷിക്കണം. മഹത്‌വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ ശുഭമായി തുടങ്ങും. പ്രേമസാഫല്യമുണ്ടാവും. ഇഷ്ടജനസംസര്‍ഗം ധനസമ്പാദനം, രോഗവിമുക്തി എന്നിവ ഫലം. നൂതന ഗൃഹനിര്‍മാണത്തിനും ഗൃഹം മോടിപിടിപ്പിക്കുന്നതിനും അവസരം വന്നുചേരും. അവിചാരിതമായി ഉണ്ടാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയും. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. കലാകാരന്‍മാര്‍ക്കും സാഹിത്യമേഖലയിലുള്ളവര്‍ക്കും ധനസമ്പാദനത്തിനുള്ള വഴി തുറക്കപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം വന്നുചേരും. പിതാവ് മുഖേന പലവിധ ശ്രേയസ്സിനും അര്‍ഹനാകും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ അവസരമുണ്ടാകും.
പൂരം
വര്‍ഷത്തില്‍ ആദ്യപകുതി പ്രയാസങ്ങളും വിഷമതകളും നിറഞ്ഞതാകുമെങ്കിലും രണ്ടാം പകുതി ശുഭകരമായ പല അനുഭവങ്ങളും നിറഞ്ഞതാകും. നവംബര്‍ 15 വരെയുള്ള ഏഴരശ്ശനി, തൊട്ടതെല്ലാം അബദ്ധത്തിലെത്തിക്കും. വര്‍ഷത്തിന്റെ ആദ്യപകുതി സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. നികുതി വകുപ്പുമായി തര്‍ക്കത്തിലേര്‍പ്പെടും. സുഹൃത്ബന്ധങ്ങളില്‍ നിസ്സാര പ്രശ്‌നങ്ങളാല്‍ അകല്‍ച്ച അനുഭവപ്പെടും. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ ശുഭകരമായിത്തുടങ്ങും. ഇഷ്ടജനസംസര്‍ഗം, പ്രേമസാഫല്യം, പല വഴികളിലൂടെയുമുള്ള ധനാഗമം, രോഗശാന്തി, ഗുരുജന പ്രീതി എന്നിവഫലം. വിദേശത്തുനിന്ന് ധനാഗമം, ഗൃഹത്തില്‍ സന്താനങ്ങളുടെ പിറവി എന്നിവ സന്തോഷം നല്‍കും. സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അതുവഴി പുരസ്‌കാരങ്ങള്‍ നേടാനും സാധിക്കും. പരീക്ഷകളില്‍ വിജയിക്കും. കുറെക്കാലമായി കഷ്ടപ്പെടുത്തുന്ന രോഗത്തിന് ശാന്തിലഭിക്കും. ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് വ്യാപാരലാഭവും ധനസമ്പാദനവും ഫലം. വഞ്ചനക്കിരയാവാതെ സൂക്ഷിക്കണം. ജാമ്യം നില്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്ക്കണം. ആധ്യാത്മിക ചിന്തകളില്‍ മനസ്സ് വ്യാപരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ അവസരം ലഭിക്കും. കൈയില്‍ കിട്ടുമെന്നു പ്രതീക്ഷിച്ച പണം ലഭിക്കാന്‍ കാലതാമസം അനുഭവപ്പെടും. തൊഴില്‍ മേഖലയിലെ എതിര്‍പ്പും വെല്ലുവിളികളും അവസാനിക്കും. കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. പുണ്യ ദേവാലയ ദര്‍ശനത്തിനുള്ള അവസരം വന്നു ചേരും. വേണ്ടപ്പെട്ടവരില്‍ നിന്ന് പാരിതോഷികം ലഭിക്കും. ദാമ്പത്യ ജീവിതം സുഖകരമാവും.
ഉത്രം
ഈ നക്ഷത്രക്കാര്‍ക്ക് നവംബര്‍ 15 വരെ ജന്മശ്ശനി. അതിനുശേഷം ശനി രണ്ടില്‍. വ്യാഴം 7-ലും 8-ലും സഞ്ചാരം. ഗുണദോഷ സമ്മിശ്രമായ ഫലം നല്കും. അന്യദേശവാസത്തിന് അവസരം വന്നുചേരും. ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ഉദ്യോഗക്കയറ്റം തടഞ്ഞുവെക്കപ്പെടാം. കള്ളക്കേസില്‍ പ്രതിയാക്കപ്പെടും. ഏത് രംഗത്തെയും വിജയത്തിനായി കഠിനാധ്വാനം ആവശ്യമായി വരും. രാഷ്ട്രീയ പ്രേരിതമായ കുറ്റങ്ങള്‍ക്ക് പാത്രമായിത്തീരും. വര്‍ഷമധ്യത്തോടെ മാറ്റങ്ങള്‍ അനുഭവപ്പെടും. ആഗ്രഹിച്ച വിഷയങ്ങളില്‍ ഉപരിപഠനത്തിനുള്ള സാധ്യത തെളിഞ്ഞുവരും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വര്‍ഷമാണിത്. അംഗീകാരങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ കരഗതമാവും. രാഷ്ട്രീയക്കാര്‍ക്ക് ഏറെ പരിശ്രമിക്കേണ്ടിവരും. അനാവശ്യമായ ബന്ധങ്ങളില്‍ ചെന്നുപെടാതെ സൂക്ഷിക്കണം. ലഹരിപദാര്‍ഥങ്ങളോട് അമിത താല്പര്യം പ്രദര്‍ശിപ്പിക്കും. വിവാഹപ്രായമായവര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യും. ദൂരയാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ദാമ്പത്യ ജീവിതം സുഖപ്രദമാകും. എല്ലാ കാര്യങ്ങളിലും ജീവിത പങ്കാളിയുമായി അഭിപ്രായൈക്യം ഉണ്ടാകും. ബുദ്ധിപരമായ പ്രവര്‍ത്തനംകൊണ്ട് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. സന്തോഷവും ഐശ്വര്യം നിറഞ്ഞതുമായ കുടുംബ ജീവിതം നയിക്കാന്‍ സാധിക്കും.
അത്തം
നവംബര്‍ 15 വരെ ജന്മശ്ശനിയാണ്: അതിനു ശേഷം ശനി രണ്ടില്‍ സഞ്ചരിക്കുന്നു. കളത്രകാരകനായ വ്യാഴം ഏഴില്‍ സ്വക്ഷേത്രത്തില്‍ മെയ് എട്ടു വരെ. ശേഷം എട്ടില്‍ സഞ്ചരിക്കുന്നു. ജൂണ്‍ ആറു വരെ രാഹു നാലിലും കേതു പത്തിലുമാണ്. അന്യദേശവാസം, ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍, ധനനഷ്ടം, കള്ളക്കേസില്‍ പ്രതിയാക്കല്‍ എന്നിവ ഉണ്ടാകാം, പരീക്ഷകളിലെ വിജയത്തിനായി ഏറെ പരിശ്രമിക്കേണ്ടിവരും. ടെസ്റ്റുകളിലും ജന്റര്‍വ്യൂകളിലും ഏറെ തിളങ്ങാന്‍ കഴിയാതെ വന്നേക്കും. അന്യരുടെ ഉപദേശം സ്വീകരിക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ക്കനുസൃതമായി പെരുമാറാന്‍ ശ്രമിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്താന്‍ ശ്രമിക്കണം. ഈശ്വരപ്രാര്‍ഥനകള്‍ നടത്തണം. ദേവാലയ ദര്‍ശനത്തിനും പൂജാദികാര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കേണ്ടിവരും. തീര്‍ഥയാത്രക്കായി ദൂരദേശവാസത്തിന് സാധ്യത. അനാവശ്യബന്ധങ്ങളില്‍ ചെന്നുപെടാതെ സൂക്ഷിക്കണം. ദുര്‍ജനങ്ങളുമായുള്ള സംസര്‍ഗം പാടെ ഉപേക്ഷിക്കണം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാതെ വരുമെങ്കിലും വര്‍ഷാന്ത്യത്തോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. വ്യവഹാരങ്ങളില്‍ വിജയം നേടും. കുടുംബത്തില്‍ സുഖവും സന്തോഷവും തിരികെ വരും. സന്താനങ്ങളുടെ കാര്യത്തില്‍ ശ്രേയസ്സ് അനുഭവപ്പെടും. ആലോചനാരഹിതമായ വാക്കുകള്‍ ഉപയോഗിക്കാതെ ശ്രദ്ധിക്കണം. നൂതന ഗൃഹനിര്‍മാണത്തിനും ഗൃഹം മോടിപിടിപ്പിക്കുന്നതിനും അവസരം വന്നുചേരും.
ചിത്തിര
ഈ നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ തരുന്ന വര്‍ഷമാണിത്. വര്‍ഷത്തിന്റെ രണ്ടാം പകുതി ഏറെ നല്ലതായിരിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം പ്രതീക്ഷിക്കാം. സമൂഹത്തില്‍ മാന്യതയും ഉന്നതസ്ഥാന ലബ്ധിയും കൈവരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അപ്രതീക്ഷിത ധനാഗമവും പ്രശസ്തിയും കൈവരും. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി പണം ചെലവഴിക്കേണ്ടിവരും. സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിച്ച പണം കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനം കൈവന്നുചേരും. ലോട്ടറി, ചൂതുകളി എന്നിവയിലും വിജയിയായിത്തീരും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ സൂക്ഷിക്കണം. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. സുഹൃത്തുക്കള്‍ മുഖേന വിദേശവാസത്തിനും യോഗം. ജീവിതപങ്കാളിയുമായി രമ്യതയില്‍ കഴിഞ്ഞുപോവാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് എകാന്തത, മാനസികപിരിമുറുക്കം, സന്താനങ്ങളെ ചൊല്ലിയുള്ള ആകാംക്ഷ എന്നിവയ്ക്ക് സാധ്യത കാണുന്നു. വിവാഹാദികാര്യങ്ങളില്‍ തീരുമാനമെടുക്കപ്പെടും. എടുത്തുചാടി ഒന്നും പ്രവര്‍ത്തിക്കാതെ ശ്രദ്ധിക്കണം. മറ്റുള്ളവരെ അറിഞ്ഞു പെരുമാറാന്‍ ശ്രമിക്കണം. ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാവും. ബുദ്ധിപരമായ പ്രവര്‍ത്തനംകൊണ്ട് മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാകും. കൂടുതല്‍ അവസരങ്ങള്‍ വന്നുചേരും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ശത്രുസ്ഥാനപതിയും സഹോദരസ്ഥാനപതിയുമായ വ്യാഴം മെയ് 8വരെ ആറിലും അതിനുശേഷം 7-ലും സ്ഥിതിചെയ്യുന്നു. ശനി നവംബര്‍ 15വരെ പന്ത്രണ്ടില്‍ സഞ്ചരിക്കുന്നു. ഏഴരശ്ശനിക്കാലം. അതിനുശേഷം ജന്മശ്ശനി പ്രതികൂലമാണ്. ജൂണ്‍ 6വരെ രാഹു 3ലും കേതു ഒമ്പതിലുമാണ്. വര്‍ഷത്തിന്റെ ആദ്യ പകുതി മോശമെങ്കിലും രണ്ടാം പകുതി ഗുണപ്രദമാണ്. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി പണം ചെലവഴിക്കേണ്ടിവരും. പ്രധാനപ്പെട്ട പ്രമാണങ്ങളില്‍ ഒപ്പുവെക്കേണ്ടിവരും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. അതുവഴി ഗുണാനുഭവങ്ങള്‍ ഉണ്ടാവും. അമിതകോപം നിയന്ത്രിക്കണം. വാഹനങ്ങളില്‍നിന്നുള്ള അപകടവും ധനനഷ്ടവും ഫലം ചെയ്യും. സ്ത്രീകള്‍ക്ക് സന്താനങ്ങളെചൊല്ലി ആകാംക്ഷ അനുഭവപ്പെടും. ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വീട് മാറിത്താമസിക്കണമെന്നുള്ളവര്‍ക്ക് അതിന് സാധിക്കും. കൈവശമുള്ള വസ്തുക്കങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഉന്നതരായ വ്യക്തികളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും. പ്രമേഹരോഗികള്‍ അല്പംകൂടി ശ്രദ്ധാലുക്കളാവണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദൂരയാത്രകള്‍ പ്രയോജനം ചെയ്യും. വ്യാപാരരംഗത്ത് അശ്രദ്ധയുണ്ടാവാതെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ ഉണ്ടാവും. സ്വപ്രയത്‌നംകൊണ്ട് പല കാര്യങ്ങളിലും വിജയിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പുണ്യദേവാലയം സന്ദര്‍ശിക്കാനവസരം വന്നുചേരും. കുടുംബജീവിതം സംതൃപ്തകരമാകും.
വിശാഖം
ഗുണദോഷസമ്മിശ്രമായ കാലം. വര്‍ഷത്തിന്റെ ആദ്യപകുതി ദോഷകരമെങ്കിലും രണ്ടാം പകുതി നല്ല ഫലങ്ങള്‍ അനുഭവപ്പെടും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയത്തിനായി യത്‌നിക്കേണ്ടിവരും. സര്‍ഗശക്തികള്‍ പ്രകടിപ്പിക്കാനുള്ള അവസരം വന്നുചേരുകയും അതുവഴി നേട്ടം ഉണ്ടാവുകയും ചെയ്യും. വിദേശയാത്രയ്ക്കവസരം ഉണ്ടാവും. ഗുരുജനപ്രീതി ലഭിക്കും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകും. വിദേശനിര്‍മിത വസ്തുക്കള്‍ കൈയില്‍ വന്നുചേരും. സുഹൃത്തുക്കളില്‍നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കും. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനവസരമുണ്ടാകും. അഗ്നിഭയം, ചോരഭയം, പതനഭയം എന്നിവ അനുഭവപ്പെടും. അനാവശ്യമായ യാത്രകള്‍ ചെയ്യേണ്ടിവരും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പിലെ വിജയത്തിനായി നല്ല ശ്രമങ്ങള്‍ ആവശ്യമായി വരും. അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്ല ഫലങ്ങള്‍ അനുഭവപ്പെടും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായങ്ങള്‍ ലഭ്യമാവും. പുതിയ ജോലികള്‍ക്കുള്ള ശ്രമങ്ങള്‍ വിജയിക്കും. കുടുംബജീവിതം പൊതുവെ സുഖകരമായിരിക്കും. വ്യാപാരരംഗത്ത് അശ്രദ്ധയുണ്ടാവാതെ ശ്രദ്ധിക്കണം. പതിവിലധികം യാത്ര ചെയ്യേണ്ടതായി വരും. മനസ്സിന് ഉന്മേഷം പകരുന്ന എഴുത്തുകളോ സന്ദേശമോ ലഭിക്കും. വാഹനങ്ങള്‍ വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണം ലഭിക്കും.
അനിഴം
ഈ നക്ഷത്രക്കാര്‍ക്ക് ധനസ്ഥാനാധിപതിയും പുത്രസ്ഥാനാധിപതിയുമായ വ്യാഴം മെയ് 8 വരെ 5-ല്‍ സഞ്ചരിക്കുന്നു. അതിനുശേഷം 6-ല്‍ സഞ്ചരിക്കുന്നു. ശനി നവംബര്‍ 15 വരെ ലാഭസ്ഥാനമായ പതിനൊന്നിലും തുടര്‍ന്ന് പന്ത്രണ്ടിലും സഞ്ചരിക്കുന്നു. ഏഴരശ്ശനിക്കാലം. വര്‍ഷത്തിന്റെ ഒന്നാം പകുതി ശുഭകരവും രണ്ടാം പകുതി ദോഷകരവുമാണ്. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. കലാസാഹിത്യപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കുടുംബത്തില്‍ കലഹത്തിനു സാധ്യത. ബന്ധുജനവിയോഗം, സ്വരച്ചേര്‍ച്ചയില്ലായ്മ എന്നിവ ഫലമായിരിക്കും. ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കൂട്ടുബിസിനസ്സുകളില്‍ വിജയം കൈവരിക്കും. ആധുനിക യന്ത്രസാമഗ്രികള്‍ അധീനതയില്‍ വന്നു ചേരും. ഉത്സവാഘോഷ പരിപാടികളില്‍ സംബന്ധിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. കലാസാഹിത്യപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും ലഭിക്കും. ഔദ്യോഗികരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. ഉദ്ദേശിച്ചിരുന്ന മിക്ക കാര്യങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സാധിക്കും. മനസ്സിന് ഉന്മേഷം പകരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പല കാര്യങ്ങളിലും ധീരമായ കാര്യങ്ങള്‍ കൈകൊള്ളേണ്ടിവരും. സ്‌നേഹബന്ധങ്ങള്‍ സമ്പുഷ്ടമാകും. സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവരും. വ്യാപാരികള്‍ക്ക് പൊതുവെ ലാഭം കൊയ്യാവുന്ന സമയമാണ്. സഹപ്രവര്‍ത്തകരില്‍നിന്ന് അനുകൂലമായ പെരുമാറ്റം ഉണ്ടാവും. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും.
തൃക്കേട്ട
വര്‍ഷത്തിന്റെ ഒന്നാം പകുതി നല്ലതും രണ്ടാം പകുതി ദുഷ്‌കരവുമായിരിക്കും. പൊതുവെ ഗുണദോഷസമ്മിശ്രമായ കാലം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പുരോഗതി നേടാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. നൂതന ഗൃഹനിര്‍മാണം, ഗൃഹത്തിന് പുതിയ മാറ്റങ്ങള്‍, ഗൃഹം മോടിപിടിപ്പിക്കല്‍ എന്നിവയ്ക്ക് സാധ്യത. അപകടങ്ങളില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി ധനം ചെലവഴിക്കും. കുടുംബവുമായി അഭിപ്രായഭിന്നതയ്ക്ക് സാഹചര്യമുണ്ടാവും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. ചെലവുകള്‍ വരവിനേക്കാള്‍ അധികമാവാതെ നോക്കണം. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യം ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറ്റും. പുണ്യയാത്ര, തീര്‍ഥയാത്ര നടത്താനവസരം വരും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. കുടുംബജീവിതം പൊതുവെ സുഖകരമാവും. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശ്യം സാധിക്കും. കടം കൊടുത്ത പണം പലിശയോടുകൂടി തിരിച്ചുകിട്ടും. ഏറെക്കാലമായി കാത്തിരുന്ന ബന്ധുവിന്റെ സമാഗമം മനസ്സിന് സന്തോഷം പകരും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. രാഷ്ട്രീയക്കാര്‍ക്ക് ഗുണകരമായ വര്‍ഷമല്ല. വിജയത്തിനായി ഏറെ പരിശ്രമം ആവശ്യമായി വരും. വിലപ്പെട്ട ആധാരങ്ങളില്‍ ഒപ്പു വെക്കേണ്ടിവരും.
മൂലം
ജന്മാധിപനായ വ്യാഴം മെയ് എട്ടുവരെ നാലില്‍ സഞ്ചരിക്കുന്നു. തുടര്‍ന്ന് അഞ്ചില്‍. നവംബര്‍ 15 വരെ ശനി കണ്ടകനായി പത്താം ഭാവത്തില്‍ സഞ്ചരിക്കുന്നു. രാഹു ജൂണ്‍ ആറുവരെ ജന്മത്തിലും കേതു ഏഴിലും സഞ്ചരിക്കുന്നു. പലവിധത്തില്‍ ധനം വന്നുചേരും. വസ്തുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് വ്യവഹാരങ്ങളില്‍ വിജയം സുനിശ്ചിതം. ഗൃഹനിര്‍മാണത്തിനും ഗൃഹം മോടിപിടിപ്പിക്കുന്നതിനും പണം ചെലവഴിക്കും. ഉന്നതസ്ഥാനത്തുള്ള രാഷ്ട്രീയക്കാര്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കും. ഷെയര്‍രംഗത്തുനിന്ന് വമ്പിച്ച ആദായം ലഭിക്കും. ഭൂമി ഇടപാടുകളിലും ലാഭം കൊയ്യും. ഗൃഹത്തില്‍ മംഗളകര്‍മം നടക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ പുരോഗതിയുണ്ടാവും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍നിന്ന് അംഗീകാരം ലഭിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിക്കും. യുവജനങ്ങളുടെ വിവാഹാദി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാവും. നഷ്ടപ്പെട്ടുവെന്നു കരുതിയ വിശിഷ്ടസാമഗ്രികള്‍ തിരികെ ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പുണ്യദേവാലയദര്‍ശനത്തിന് അവസരമുണ്ടാവും. വിവിധ മാര്‍ഗങ്ങളിലൂടെ ധനസമ്പാദനം നടത്താന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. രാഷ്ട്രീയക്കാര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
പൂരാടം
ഗുണദോഷസമ്മിശ്രമായ കാലം. പലവിധത്തില്‍ ധനം സമ്പാദിക്കാന്‍ കഴിയും. കൈവെച്ച മേഖലകളിലെല്ലാം വിജയം കൈവരിക്കാന്‍ സാധിക്കും. ആഡംബരവസ്തുക്കള്‍ക്കും ഗൃഹം മോടിപിടിപ്പിക്കാനുമായി പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ ആരോപണവിധേയരാവും. തിരഞ്ഞെടുപ്പുകളില്‍ വിജയത്തിനായി ഏറെ പരിശ്രമിക്കേണ്ടിവരും. ധാരാളം യാത്ര ചെയ്യേണ്ടിവരും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഭരണരംഗങ്ങളില്‍ അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും. പുതിയ ഗൃഹനിര്‍മാണം നടത്താന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. പരീക്ഷകളില്‍ വിജയം കൈവരിക്കും. സന്താനക്ലേശം ഫലം. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമെടുക്കും. ആരോഗ്യം മെച്ചപ്പെടും. കര്‍മരംഗത്ത് നല്ല പുരോഗതിയുണ്ടാകും. ഉദ്യോഗക്കയറ്റം, ശമ്പളവര്‍ധന എന്നിവ ഫലം. മറ്റുള്ളവരുടെ സഹകരണത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ അഡീഷണല്‍ ചാര്‍ജ് വഹിക്കേണ്ടിവരും. ഭാര്യയുമായി കൂടുതല്‍ അനുരഞ്ജനത്തോടെ പെരുമാറാന്‍ സാധിക്കും. വിദേശത്തുളള സന്താനങ്ങള്‍ വഴി നേട്ടം കൈവരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ഗശക്തി വികസിപ്പിക്കുവാനും പ്രകടിപ്പിക്കുവാനുമുള്ള അവസരം വന്നുചേരും. കച്ചവടക്കാര്‍ക്ക് സുവര്‍ണകാലം . ക്രയവിക്രയങ്ങളില്‍നിന്ന് ലാഭം ലഭിക്കും. കൃഷികാര്യങ്ങളില്‍ നേട്ടം, ഊഹക്കച്ചവടത്തില്‍ വിജയം അന്യനെ സഹായിച്ച് ജനപ്രീതി നിലനിര്‍ത്തും.
ഉത്രാടം
ഗുണദോഷസമ്മിശ്രമായ വര്‍ഷം. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. ഉന്നതപഠനരംഗത്ത് വിജയം സുനിശ്ചിതം. സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട രേഖകള്‍ കൈവശം വന്നുചേരും. അനുകൂലമായ നടപടികള്‍ കൈവരും. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വര്‍ഷം. വാഗ്വാദങ്ങളിലേര്‍പ്പെടുകയും അതില്‍ വിജയിക്കുകയും ചെയ്യും. സന്താനങ്ങളുടെ യശസ്സില്‍ മനഃസുഖം അനുഭവിക്കും. ഉല്ലാസയാത്രയ്ക്ക് അവസരം. കലാകായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ ധനാഗമമുണ്ടാവും. ശമ്പളവര്‍ധനവ് അനുഭവപ്പെടും. നിയമജ്ഞര്‍ക്കും നിയമപാലകര്‍ക്കും പ്രശസ്തി കൈവരും. പല പ്രകാരത്തിലും ധനനഷ്ടം അനുഭവപ്പെടും. അവിചാരിതമായി ധനാഗമമുണ്ടാവും. ലോട്ടറി, ചൂതുകളി, ഷെയര്‍രംഗം എന്നീ മേഖലകളില്‍നിന്ന് ധനാഗമം അനുഭവപ്പെടും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. യുവാക്കളുടെ വിവാഹക്കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ അനുഭവപ്പെടാം. ഇഷ്ടജനസഹവാസത്താല്‍ മനഃസുഖം ലഭിക്കും. പല കാര്യങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ നിര്‍വഹിക്കാന്‍ സാധിക്കും. ഉദ്യോഗത്തില്‍ പ്രമോഷന്‍ പ്രതീക്ഷിക്കാം. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹങ്ങള്‍ സാധിക്കും. പ്രായം കവിഞ്ഞു നില്‍ക്കുന്നവരുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമുണ്ടാവും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരമുണ്ടാവും.
തിരുവോണം
ജന്മാധിപനും ധനാധിപനുമായ ശനി 2011 നവംബര്‍ അഞ്ചു വരെ ഒമ്പതിലും അതിനുശേഷം കണ്ടകനായി പത്തിലും സഞ്ചരിക്കുന്നു. മൂന്നാം ഭാവാധിപനായ വ്യാഴം 2011 മെയ് എട്ടു വരെ മൂന്നിലും പിന്നീട് 4ലും സഞ്ചരിക്കുന്നു. രാഹു ജൂണ്‍ ആറു വരെ പന്ത്രണ്ടിലും കേതു അഞ്ചിലും സഞ്ചരിക്കുന്നു. നിയമജ്ഞര്‍ക്കും നിയമപാലകര്‍ക്കും നല്ല കാലം, പ്രശസ്തി, ധനവര്‍ധന എന്നിവ ഫലം. പുരോഹിതന്മാര്‍ക്കും മനഃശാസ്ത്രവിദഗ്ധര്‍ക്കും ഐശ്വര്യകരമായ കാലഘട്ടമാണിത്. മാധ്യമരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗുണഫലങ്ങള്‍ ഏറെ നേടാന്‍ സാധിക്കുന്ന വര്‍ഷം. അപ്രതീക്ഷിതമായി വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് ഉന്നതപരീക്ഷകളില്‍ വിജയം, ഉന്നതസ്ഥാനലബ്ധി എന്നിവ ഫലം. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. സുഹൃത്തുക്കള്‍ മുഖേന ധനസമ്പാദനത്തിനു വഴി തുറക്കപ്പെടും. യന്ത്രത്തകരാര്‍മൂലം ധനനഷ്ടത്തിനും സാധ്യത. രക്തസംബന്ധമായ രോഗത്താല്‍ ആശുപത്രി വാസത്തിനും സാധ്യത. ഉല്ലാസയാത്രയ്ക്ക് അവസരം വന്നുചേരും. ചില അടുപ്പങ്ങള്‍ പ്രേമബന്ധമായി വളരാം. അവ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തിവെക്കും. ദേവാലയജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഇഷ്ടപ്പെടാത്ത സ്ഥലത്തേക്ക് സ്ഥലംമാറ്റമുണ്ടാവും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കാന്‍ കഴിയാതെ വരും. കുടുംബത്തില്‍ സന്തോഷവും സംതൃപ്തിയുമുണ്ടാവും. പരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടിവരും. വാഹനം, വൈദ്യുതി, വാതകം ഇവ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അവിട്ടം
ഗുണദോഷസമ്മിശ്രമായ കാലം. വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ട് ജയം കൈവരിക്കും. വാഹനലാഭം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങുവാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സമയമാണിത്. ഉന്നതപഠനരംഗത്ത് ഗവേഷണം നടത്തുന്നവര്‍ക്ക് വിജയം സുനിശ്ചിതം. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാവിജയം സാധ്യമാകും. ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹിക്കുന്ന പ്രമോഷനും സ്ഥാനലബ്ധിയുമുണ്ടാവും. കരാറുകാര്‍ക്ക് ലാഭനഷ്ടങ്ങള്‍ സമനിലയിലാവും. പ്രണയപരാജയത്താല്‍ മനസ്സ് വിഷമിക്കും. ഭാഗ്യക്കുറി ലഭിക്കാനിടയുണ്ട്. ലോട്ടറി, ചൂതുകളി, ചിട്ടികള്‍ എന്നിവയിലൂടെ ധനസമ്പാദനത്തിന് അവസരമുണ്ടാവും. കൈവശം വന്നുചേര്‍ന്ന പണം അശ്രദ്ധമായി കൈകാര്യം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബത്തില്‍ സുഖവും സന്തോഷവും ഐശ്വര്യവുമുണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. വനവാസത്തിനും തീര്‍ഥാടനത്തിനും അവസരം വന്നുചേരും. പ്രവര്‍ത്തനരംഗങ്ങളില്‍ ആധികാരികത വര്‍ധിക്കും. സന്താനങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ സന്തോഷമുണ്ടാവും. ചില പുതിയ വിഷയങ്ങള്‍ പഠിക്കുന്നതിന് താത്പര്യം വര്‍ധിക്കും. വീട് വിപുലീകരിക്കുകയോ മോടി പിടിപ്പിക്കുകയോ ചെയ്യും. ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയ സ്ഥലംമാറ്റമുണ്ടാകും. ഭൂമി വാങ്ങണമെന്നുള്ളവര്‍ക്ക് ആഗ്രഹപൂര്‍ത്തീകരണമുണ്ടാവും.
ചതയം
ജന്മാധിപനായ ശനി നവംബര്‍ 15 വരെ അഷ്ടമത്തില്‍ സഞ്ചരിക്കുന്നു. ലാഭാധിപനും ധനാധിപനുമായ വ്യാഴം മെയ് എട്ടുവരെ രണ്ടില്‍ സ്വക്ഷേത്രത്തിലും തുടര്‍ന്ന് മൂന്നിലും സഞ്ചരിക്കുന്നു. രാഹു പതിനൊന്നിലും കേതു അഞ്ചിലും സഞ്ചരിക്കുന്നു. ധനപരമായി ഏറെ ഗുണാനുഭവം ഉണ്ടാവും. ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും. ഔദ്യോഗികരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. ബന്ധുജനസമാഗമം സന്തോഷം പകരും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആരോപണത്തിനു വിധേയരാവും. വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. പുതിയ വിഷയങ്ങള്‍ പഠിക്കാനവസരം വന്നുചേരും. ജീവിതസുഖസൗകര്യങ്ങള്‍ വര്‍ധിക്കും. സംഗീതാദി സാഹിത്യസദസ്സുകളില്‍ ശോഭിക്കാന്‍ കഴിയും. സഹോദരസ്ഥാനീയരില്‍ നിന്ന് സഹായം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കും. വിനോദയാത്രയ്ക്ക് അവസരം വന്നുചേരും. ഊഹക്കച്ചവടത്തില്‍നിന്ന് അമിതലാഭം നേടും. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. അതിര്‍ത്തിതര്‍ക്കം രമ്യതയിലെത്തിക്കാന്‍ സാധിക്കും. പിണങ്ങിനിന്ന ബന്ധുക്കള്‍ ഇണങ്ങിക്കഴിയാന്‍ താത്പര്യം പ്രകടിപ്പിക്കും. വീട് വിപുലീകരിക്കുകയോ മോടിപിടിപ്പിക്കുകയോ ചെയ്യും. തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം കൈവരും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഠിനാധ്വാനം ആവശ്യമായി വരും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി നേടും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. ആത്മവിശ്വാസം വര്‍ധിക്കും.
പൂരുട്ടാതി
അന്യദേശവാസത്തിന് സാധ്യത. അന്ധവിശ്വാസങ്ങള്‍ക്കടിമപ്പെടാതെ നോക്കണം. വഴിപാടുകള്‍ക്കും ഔഷധങ്ങള്‍ക്കും രോഗനിര്‍ണയത്തിനുമായി നല്ല തുക ചെലവഴിക്കും. ലഹരിപദാര്‍ഥങ്ങളുടെ അമിതാസക്തി നിയന്ത്രിക്കണം. ഊഹക്കച്ചവടത്തില്‍നിന്ന് ലാഭം പ്രതീക്ഷിക്കാം. അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ധനം വര്‍ധിക്കും. പരീക്ഷാദികളില്‍ വിജയത്തിനു സാധ്യത തെളി യും. പൂരാഘോഷ പരിപാടികളില്‍ സംബന്ധിക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ആധികാരികത വര്‍ധിക്കുന്ന സമയമാണിത്. രാഷ്ട്രീയപ്രവര്‍ത്തകര്‍ മിഥ്യാരോപണങ്ങള്‍ക്ക് വശംവദരാകും. സര്‍ക്കാറില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അടുത്തകാലംവരെ മനസ്സിനെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും. നിയന്ത്രണമില്ലാത്ത സംഭാഷണം പുതിയ ശത്രുക്കളെ സൃഷ്ടിക്കും. സന്താനങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടിവരും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കേണ്ടതായി വരും. ബന്ധുജനസമാഗമത്താല്‍ മനഃസ്സുഖം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉന്മേഷമുണ്ടാവും. കരാറുജോലിക്കാര്‍ക്ക് നഷ്ടം സംഭവിക്കും. കീഴ്ജീവനക്കാരുടെ അഭിപ്രായം മാനിച്ച് പ്രവര്‍ത്തിക്കും. പുരോഹിതന്മാര്‍ക്കും കലാകാരന്മാര്‍ക്കും നല്ല സമയമാണിത്. അംഗീകാരവും പ്രശസ്തിയും ഫലം.
ഉത്രട്ടാതി
ജന്മാധിപനും കര്‍മാധിപനുമായ വ്യാഴം സ്വക്ഷേത്രമായ മീനത്തില്‍ സ്ഥിതിചെയ്യുന്നത് ഗുണകരമല്ല. ലാഭാധിപനായ ശനി നവംബര്‍ 15 വരെ കണ്ടകനായി ഏഴിലും തുടര്‍ന്ന് എട്ടിലും സഞ്ചരിക്കുന്നു. രാഹു ജൂണ്‍ ആറുവരെ കര്‍മസ്ഥാനമായ 10-ലും കേതു സുഖസ്ഥാനമായ നാലിലും സഞ്ചരിക്കുന്നു. അന്യദേശവാസത്തിന് സാധ്യത. കണ്ടകശ്ശനി കാലമാണ്. പ്രണയപരാജയവും വിരഹദുഃഖവും ഫലം. ഔഷധങ്ങള്‍ക്കും രോഗനിര്‍ണയത്തിനുമായി ധനം ചെലവഴിക്കേണ്ടതായി വരും. ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനത്തില്‍ ചെന്നു ചാടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. അതുമൂലം ഗുണാനുഭവമുണ്ടാകും. പുസ്തകങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ആധുനിക യന്ത്രസാമഗ്രികള്‍ അധീനതയില്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍നിന്ന് ലാഭം പ്രതീക്ഷിക്കാം. ബന്ധുജനസഹായം ഏതു കാര്യത്തിലും ലഭ്യമാകും. കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. യാത്രകളില്‍, മൃഗങ്ങളില്‍നിന്ന് ഉപദ്രവം ഉണ്ടാവാതെ ശ്രദ്ധിക്കണം. വിവാഹം കാത്തിരിക്കുന്നവര്‍ക്ക് വിവാഹം നടക്കും. സാഹിത്യകാരന്മാര്‍ക്ക് പുസ്തകരചനയിലൂടെ പ്രശസ്തിയും അംഗീകാരവും ലഭിക്കും. കുടുംബത്തില്‍ സന്താനങ്ങളുടെ ജനനം സന്തോഷം പ്രദാനംചെയ്യും.
രേവതി
വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഗുണഫലങ്ങളാല്‍ സമൃദ്ധമാവും ജീവിതം. വിദേശയാത്രകള്‍ക്കുള്ള രേഖകള്‍ ശരിയാകും. കുടുംബവിഹിതം കൈയില്‍ വന്നുചേരും. ഭാഗംവെച്ച് പിരിയുന്നതിനാലുള്ള മനഃസംഘര്‍ഷം അനുഭവിക്കേണ്ടിവരും. ഇണയുമായി പിരിഞ്ഞിരിക്കേണ്ട സന്ദര്‍ഭമുണ്ടാവും. ദേവാലയങ്ങളുടെ നിര്‍മാണപരിപാടിയില്‍ ഭാഗഭാക്കാവും. കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകളില്‍നിന്ന് വേണ്ടത്ര ആദായം ലഭിച്ചെന്നു വരില്ല. ഉത്സവാദി ആഘോഷങ്ങളില്‍ സജീവ സാന്നിധ്യമാവും. ലഹരിപദാര്‍ഥങ്ങളുടെ അമിത സ്വാധീനം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. മറവിമൂലം കുഴപ്പങ്ങളുണ്ടാവും. എല്ലാ പ്രവൃത്തികളും കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ കഴിയും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പൂര്‍ത്തിയാക്കാതെ വിട്ട വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ അനുയോജ്യമായ സമയമാണിത്. സുഹൃത്തുക്കളില്‍ നിന്നും ജ്യേഷ്ഠസഹോദരങ്ങളില്‍ നിന്നും പലവിധ സഹായങ്ങളും ലഭിക്കും. മനസ്സിനെ ബാധിച്ച ഉത്കണ്ഠ അകലും. സ്ത്രീജനങ്ങള്‍മുഖേന ലഭിക്കുന്ന പണംകൊണ്ട് സാമ്പത്തികനില മെച്ചപ്പെടും. രോഗികള്‍ക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കും. സമൂഹത്തില്‍ ജനസമ്മതി വര്‍ധിക്കും. ബിസിനസ്സില്‍ നല്ല അഭിവൃദ്ധി ദൃശ്യമാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം വന്നുചേരും. രാഷ്ട്രീയപ്രാധാന്യമുളള കാര്യങ്ങളില്‍ നേതൃത്വപരമായ ചുമതലകള്‍ വഹിക്കേണ്ടതായിവരും.
© Copyright 2011Mathrubhumi. All rights reserved.