കുരങ്ങന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടി; വൈറലായി മൗഗ്ലി ഗേള്‍

വാനരന്മാര്‍ വളര്‍ത്തിയ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ വനത്തില്‍ നിന്നും കണ്ടെത്തി. കാഴ്ചയില്‍ എട്ടുവയസ്സ് തോന്നിക്കും. ഉത്തര്‍പ്രദേശില കട്ടാര്‍നിയാഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കുരങ്ങന്മാരുടെതിന് സമാനമായ അംഗചലനങ്ങളാണ് നടത്തിയിരുന്നത്. മനുഷ്യരോട് ഇടപഴകുന്നതും ഭയപ്പാടോടു കൂടിയാണ്. 

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിറകെടുക്കാന്‍ വനത്തില്‍ പോയ ഗ്രാമീണര്‍ വാനരക്കൂട്ടങ്ങള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. അന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ഗ്രാമീണര്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്മാര്‍ അവരെ ആക്രമിച്ചോടിക്കുകയായിരുന്നു.

തിരിച്ചെത്തിയ അയാള്‍ വിഷയം മറ്റുള്ളവരെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമീണര്‍ പലതവണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അവരെയെല്ലാം വാനരക്കൂട്ടം ആക്രമിച്ചോടിച്ചു.ഇതോടെ പെണ്‍കുട്ടിയെ സംരക്ഷിച്ചുകൊണ്ടിരുന്ന വാനരന്മാരുടെ എണ്ണവും വര്‍ധിച്ചു. തുടര്‍ന്ന് പോലീസ് കാടിനുള്ളിലെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പോലീസിന്റെ പ്രത്യേക സംഘമാണ് പെണ്‍കുട്ടിയെ കാടിനുള്ളില്‍  നിന്നും കണ്ടെത്തിയത്. 

തുടക്കത്തില്‍ അക്രമാസക്തയായി പെരുമാറിയ പെണ്‍കുട്ടി, വാനരന്മാരെപൊലെ വിചിത്ര ശബ്ദങ്ങളാണുണ്ടാക്കിയിരുന്നത്. കഴിക്കുന്ന ഭക്ഷണം പിച്ചിയെടുത്ത് നിലത്ത് വിതറുകയും കൈകൊണ്ടെടുക്കാതെ നേരിട്ട് വായ ഉപയോഗിച്ച് കഴിക്കുകയും ചെയ്തിരുന്നു. കൊണ്ടുവന്ന് ദിവസങ്ങള്‍ കഴിഞ്ഞതോടെ ചില ആശുപത്രി ജീവനക്കാരുമായി പെണ്‍കുട്ടിക്ക് പരിചയമായിട്ടുണ്ട്. 

എങ്കിലും മനുഷ്യ ഭാഷ സംസാരിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. പെണ്‍കുട്ടിയെ മനുഷ്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.