ആല്‍പ്‌സ് സൗന്ദര്യം നുകരാന്‍, ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം

യൂറോപ്പിന്റെ കൊടുമുടിയായ ആല്‍പ്‌സ് പര്‍വതനിരകളുടെ സൗന്ദര്യം മതിയാവുവോളം ആസ്വദിക്കാം; ലോകത്തിലെ ഏറ്റവും നീളമുള്ള കാല്‍നടയാത്രയ്ക്കുള്ള പാലം സ്വിറ്റ്‌സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. യൂറോപ്പ് ബ്രിഡ്ജ് എന്ന് പേരിട്ട ഈ തൂക്കുപാലത്തിന്റെ നീളം 494 മീറ്ററാണ്. സ്ഥിതി ചെയ്യുന്നത് 85 മീറ്റര്‍ ഉയരത്തിലും. എളുപ്പത്തില്‍ പറഞ്ഞാല്‍ 33 ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിനിര്‍ത്തിയാലുള്ള നീളം!

തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയോരഗ്രാമമായ സെര്‍മാറ്റില്‍ നിന്ന് ഗ്രാഷനിലേക്കുള്ള ഹൈക്കിങ് പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഗ്രാബെണ്‍ഗഫര്‍ മലയിടുക്കിന് മുകളിലൂടെ, മാറ്റര്‍ഹോണ്‍ മലനിരകള്‍ കണ്ടാസ്വദിക്കാം.

പാലം നിര്‍മിക്കാന്‍ എട്ടു ടണ്ണിലേറെ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചിരിക്കുന്നു. പാലത്തിന്റെ അമിതമായ ചാഞ്ചാട്ടം തടയാന്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു എന്നതും യൂറോപ്പ് ബ്രിഡ്ജിന്റെ പ്രത്യേകതയാണ്.

ഓസ്ട്രിയയിലെ 405 മീറ്റര്‍ നീളമുള്ള പാലത്തിന്റെ റിക്കാഡാണ് യൂറോപ്പ് ബ്രിഡ്ജ് തകര്‍ത്തത്.

നേരത്തെ ഇവിടെയുണ്ടായിരുന്ന തൂക്കുപാലം പാറവീണ് തകരുകയായിരുന്നു. നൂതന സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.