ദേശീയഗാന സമയത്ത് ഓടുന്ന കുട്ടിയുടെ കഥ

ദേശീയഗാന വിവാദത്തില്‍ വേറിട്ട കാഴ്ച്ചപ്പാടുമായി ഒരു ലഘുചിത്രം. സംഗീത നാടക അക്കാദമി അവാര്‍ഡ്  നേടിയ നാടകകൃത്തും എഴുത്തുകാരനുമായ റഫീഖ് മംഗലശ്ശേരിയുടെ ജയ ഹേ എന്ന സിനിമയാണ് നര്‍മത്തില്‍ ചാലിച്ച വ്യത്യസ്ത കൊണ്ട് ഒരു വിവാദ വിഷയത്തെ സമീപിക്കുന്നത്. 

സ്‌കൂളില്‍ അവസാന ബെല്ലിന് മുമ്പുള്ള ദേശീയ ഗാനാലാപനത്തിനിടയില്‍ എന്തോ പ്രത്യേക കാരണത്താല്‍ അറ്റന്‍ഷനില്‍ നില്‍ക്കാതെ ഓടുന്നവനാണ് ജയഹേയുടെ കേന്ദ്ര കഥാപാത്രം. ആ ഓട്ടം മൊബൈലില്‍ പകര്‍ത്തുന്ന സ്‌കൂളിലെ പ്യൂണ്‍  കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ അവനോടുന്ന ദൃശ്യം ഫെയ്‌സ്ബുക്കിലിടുന്നിടത്താണ് കഥ തുടരുന്നത്.

തിരക്കിട്ട് ഓടുന്ന കുട്ടിയുടെ പശ്ചാത്തലത്തില്‍ ജനഗണമന കേള്‍ക്കാം. ഓടുന്ന കുട്ടി ഒരു കുട്ടി മാത്രമല്ലാതായി.  അവന്റെ മതവും ജാതിയും വര്‍ഗ്ഗവുമെല്ലാം വലിച്ചിഴയ്ക്കപ്പെട്ടു. അവന്‍ ദേശ ദ്രോഹിയായി. വാനരസേന സ്‌കൂളിലേക്ക് കടന്നു വന്ന് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഗേറ്റില്‍ കാത്തുനില്‍പ്പാണ്. കുട്ടിയെ ചോദ്യം ചെയ്യാന്‍ പോലീസുമെത്തി. 

രാജ്യദ്രോഹി എന്ന് പേടിപ്പിക്കുന്ന വാക്ക് കേട്ടു കൊണ്ട് അവന്‍ ഒടുവില്‍ ആ സത്യം പറഞ്ഞു. ആ സത്യം ദൃശ്യങ്ങളില്‍ വെളിപ്പെടുന്നത് ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ ആത്മാവാണ്. ദേശീയതയെന്നാല്‍ ദേശീയഗാനം എന്ന പര്യായത്തിലേക്ക് അടുത്തിടെ ചുവടുമാറിയ സാമൂഹിക മനോഭാവത്തെ വിമര്‍ശിക്കുന്ന ചിത്രം പിജെ ആന്റണി ഫൗണ്ടേഷന്‍ ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒട്ടേറെ അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച സ്‌ക്രിപ്റ്റ്, മികച്ച ബാല നടന്‍, നടി, എഡിറ്റിങ്, സംഗീതം എന്നിവയുള്‍പ്പെടെ എഴ് അവാര്‍ഡുകള്‍.

മനു ബാലകൃഷ്ണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതാവട്ടെ നിരഞ്ജനും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.