ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉപതിരഞ്ഞെടുപ്പ് ദിവസം പട്ടാളക്കാരെ അക്രമാസക്തരായ ജനക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍മാരെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ഗോ ഇന്ത്യ, ഗോ ബാക്ക്' എന്ന് പട്ടാളക്കാരേക്കൊണ്ട് ഏറ്റുപറയിപ്പിക്കുന്നുമുണ്ട്. 

അതിനിടെ ഹെല്‍മെറ്റ് തട്ടിത്തെറിപ്പിക്കുന്നതും കാണാം. കുട്ടികളടക്കമുള്ള സംഘമാണ് ജോലി കഴിഞ്ഞ് തിരിച്ചു പോകുന്ന പട്ടാളക്കാരെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നത്. പട്ടാളക്കാര്‍ ആരും തിരിച്ചടിക്കുന്നതായി ദൃശ്യങ്ങളിലില്ല. 

കശ്മീരില്‍ സി.ആര്‍.പി.എഫുകാര്‍ സ്ഥിരമായി പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതായി പരാതി ഉയരാറുണ്ട്. ജനങ്ങള്‍ തന്നെയെടുത്ത് അവര്‍ തന്നെ അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍ ആക്രമിക്കുപ്പെടുന്നുണ്ടെങ്കിലും പട്ടാളക്കാര്‍ തിരിച്ചടിക്കുന്നില്ല- സി.ആര്‍.പി.എഫ് വക്താവ് ഭാവ്‌നേഷ് കുമാര്‍ വ്യക്തമാക്കി. പട്ടാളക്കാരുടെ ക്ഷമ വ്യക്തമാക്കുന്ന വീഡിയോ ആണ് ഇതെന്ന് കേന്ദ്രമന്ത്രി ഹന്‍സ് രാജ് വ്യക്തമാക്കി. 

ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ എട്ട് പേരാണ് മരിച്ചത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തീവെക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.