''സാര്‍ കഷ്ടപ്പെട്ട് നോക്കേണ്ട ഞാന്‍ കാണിച്ച് തരാം''...ശക്തമാണ് ഈ ഹ്രസ്വചിത്രം

ഒരു പെണ്ണിനെ  മാനഭംഗപ്പെടുത്തുന്നതിനോളം തന്നെ ഭീകരമാണ്, അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള തുറിച്ചു നോട്ടവും. ബലമായി, പരസ്യമായി ഉടുതുണി വലിച്ചുചീന്തപ്പെടുന്ന അനുഭവമാണ് ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്. ദൂപ്പട്ട ഒന്നു തെന്നിമാറിയാല്‍, ഉടുത്ത വസ്ത്രത്തില്‍ മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന പുരുഷന്റെ കണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ബസില്‍  തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍.

ഇത്തരം ആണ്‍ നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ' ഹെര്‍ - ' ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്' . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക സമകാലിക ലോകത്തെ പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജവും ഉത്തേജകവുമാണ്.  

ആണ്‍ നോട്ടങ്ങള്‍ക്ക് മുന്നില്‍  ചൂളിപ്പോകുന്ന, തലകുനിച്ച് ഭയന്ന് പിന്മാറുന്ന പതിവു പെണ്‍കാഴ്ചകള്‍ക്ക് വിപരീതമായി ഇവള്‍.കഷ്ടപ്പെട്ടു നോക്കണമെന്നില്ല വേണേല്‍ ഞാന്‍ ഞാന്‍ കാണിച്ചുതരാമെന്നു പറഞ്ഞു മാറിടം തുറന്നുകാണിക്കാനൊരുങ്ങുമ്പോള്‍, വസ്ത്രം ഉരിയാനൊരുങ്ങുമ്പോള്‍, തന്റെ ഭാര്യയ്ക്ക് ഉള്ളത് മാത്രമെ എനിക്കുമൊള്ളു ചിലപ്പോള്‍ അളവുകളില്‍ കുറവുണ്ടായേക്കാമെന്നു പറയുമ്പോള്‍...ചൂഷണത്തിന് മുന്നില്‍ തലകുനിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പ്രതികരണത്തിന്റെ അനന്തസാധ്യതകളാണ്. 

അതും സ്വന്തം മേലുദ്യോഗസ്ഥനോട് സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നും പ്രതികരിക്കുമ്പോള്‍ പെണ്ണിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണത്തിന്റെ ശക്തിയെന്തെന്നു കൂടി ഹ്വസ്വ ചിത്രം നമുക്ക് പറഞ്ഞു തരുന്നു.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.