പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (79) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.40ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. 'നഷ്ടജാതകം' എന്ന ആത്മകഥയും 'ആത്മവിശ്വാസം വലിയമരുന്ന്', 'പുതിയ മരുന്നും പഴയ മരുന്നും' തുടങ്ങിയ ലേഖനസമാഹാരങ്ങളും 'വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍' എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്. പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.