പച്ചക്കറി ഉത്പാദനത്തില്‍ അനുകരണീയ മാതൃകയുമായി നാരായണന്
പച്ചക്കറി ഉത്പാദനത്തില്‍ അനുകരണീയ മാതൃകയാണ് കണ്ണൂര്‍ വടക്കാഞ്ചേരി പടുവളത്തെ വളപ്പോള്‍ നാരായണന്. എഴുപത്തിനാലാമത്തെ വയസ്സിലും പന്ത്രണ്ടു മണിക്കൂറോളം നീളുന്ന അധ്വാനത്തിലൂടെ നാരായണന് വിളയിച്ചെടുക്കുന്നത് സ്വന്തം ആവശ്യത്തിനും, വില്‍പ്പനയ്ക്കും ആവശ്യമുള്ള പച്ചക്കറികളാണ്. മുഴുവന്‍ സമയ കര്ഷകന് ഒന്നുമല്ല നാരായണന്. 45 വര്‍ഷം നീണ്ട ചെന്നൈ ജീവിതത്തിനു ശേഷം നാട്ടിലെത്തിയിട്ടും വിരമിക്കാന്‍ കൂട്ടാക്കാത്ത മനസ്സിന് ഉടമ മാത്രമാണ്. വീട്ടുവളപ്പില്‍ പച്ചമുളക് തൊട്ട് വാഴ വരെ, നമ്മുടെ നിത്യ ജീവിതത്തിന് ആവശ്യമായ പച്ചക്കറികള്‍ സ്വയം കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കുന്നത് ഈ മനസ്സുള്ളത് കൊണ്ടാണ്. പത്തു വര്‍ഷം മുന്‍പ് നാട്ടിലേക്ക് തിരിച്ചെത്തിയതു മുതല്‍ സ്വന്തം ഭൂമിയില്‍ വാഴയും, ചേനയും, കപ്പയും, പച്ചക്കറികളും നാരായണന് കൃഷി ചെയ്യുന്നുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും പുതിയ പുതിയ വിളകള്‍ പരീക്ഷണമായി ചെയ്ത് തുടങ്ങും. അങ്ങനെ ചോളവും, മധുരക്കിഴങ്ങുമെല്ലാം നാരായണന്റ തോട്ടത്തില്‍ ഇടംപിടിച്ചു. രാവിലെ ഏഴു മുതല്‍ പാടത്തിറങ്ങിയാല്‍ പിന്നെ രാത്രി ഇരുട്ടും വരെ നീളും അധ്വാനം. അതിന്റ പ്രതിഫലനമാണ് വിളകളില്‍ കാണുന്നത്.