ആലപ്പുഴ: ആടിയും പാടിയും വേമ്പനാട്ടു കായലിനെ അറിഞ്ഞും വിഭിന്നശേഷികളുള്ള വിദ്യാര്‍ത്ഥികളുടെ ഹൗസ് ബോട്ട് യാത്ര. ജെ.സി.ഐ. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടത്തിയ കായല്‍ യാത്രയില്‍ കെ.സി. വേണുഗോപാല്‍ എം.പിയും പങ്കാളിയായി. ആലപ്പുഴയിലെ സ്വാന്ത്വന്‍ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ആണ് ഹൗസ് ബോട്ടില്‍ യാത്ര ഒരുക്കിയത്. വിദ്യാര്‍ഥികളില്‍ പലരും ഹൗസ്ബോട്ട് കാണുന്നതു പോലും ആദ്യം. ബോട്ട് യാത്ര ആരംഭിച്ചതോടെ കുട്ടികള്‍ ആഹ്ലാദത്തിലായി. പാട്ടുകളും മാജിക്കും മിമിക്രിയും എന്നു വേണ്ട എല്ലാത്തരം കഴിവുകളും വിദ്യാര്‍ഥികള്‍ പുറത്തെടുത്തു. സ്കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കെടുത്തു. ഇന്ത്യ നെക്സ്റ്റ് ഡേ എന്ന പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ ആലപ്പുഴ ചാപ്റ്ററായിയിരുന്നു കായല്‍ സവാരി സംഘടിപ്പിച്ചത്.