കോട്ടയം: ഓണമെന്നാല്‍ കോട്ടയത്തുകാര്‍ക്ക് പകിട കളിയാണ്. നാലാള് കൂടുന്നിടത്ത് പകിടയുടെ താളം കേള്‍ക്കാം. കളിക്കുന്നത് ചൂതാണെങ്കിലും പകിടയില്‍ തെളിയുന്നത് സൗഹൃദത്തിന്റെ ആരവമാണ്. കളിക്കുന്നവര്‍ക്ക് മാത്രമല്ല വേലിക്കെട്ടിന് പുറത്തു നില്‍ക്കുന്നവരും ആര്‍ത്തുവിളിച്ചാണ് കളിയാവേശത്തില്‍ പങ്കാളികളാവുന്നത്. മഹാഭാരത കാലത്ത് ഒരു കുലത്തെ മുഴുവനും മുച്ചൂടും മുടിച്ച കളിയാണെങ്കിലും കോട്ടയം കൈപ്പുഴക്കാര്ക്ക് ഇത് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആവേശമാണ്. സൗപര്‍ണിക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ് പകിട മത്സരത്തിന്റെ സംഘാടകര്‍.