കൊച്ചി: ബാര്‍ ലൈസന്‍സിനു സ്റ്റാര്‍ പദവി മാനദണ്ഡമാക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് ഹൈക്കോടതി. എല്ലായിടത്തും ഒരേ മദ്യം വിളമ്പുമ്പോള്‍ എന്തിനാണ് സ്റ്റാര്‍ പദവി നല്‍കുന്നത്? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാളെ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലൈസന്‍സ് പുതിക്കി നല്‍കാത്തതിനെതിരെ മൂന്ന് ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ബാറുകളിലും സര്‍ക്കാര്‍ നല്കുന്ന ഒരേ നിലവാരമുള്ള മദ്യമാണ് വിളമ്പുന്നത്. ഇതിന് സ്്റ്റാര്‍ പദവി നിശ്ചയിക്കുന്നതില്‍ എന്താണ് പ്രസക്തി. അബ്കാരി നയവുമായി ഇതിന് എന്ത് ബന്ധമാണുള്ളതെന്നും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചോദിച്ചു. പൂട്ടിക്കിടക്കുന്ന മറ്റ് ബാറുകളുടെ കാര്യത്തിലും കോടതി ഇടപെടല്‍ നിര്‍ണായകമാകും.