ഡല്‍ഹി: ഡോ. തമ്പി ദുരൈ ലോക്സഭയിലെ ഡപ്യൂട്ടി സ്പീക്കറായി. ലോക്സഭയില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ശബ്ദമാണ് തമ്പിദുരൈ. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള തമ്പിദുരൈ രാഷ്ട്രീയത്തിലും ഭരണരംഗത്തും പരിചയസമ്പന്നനാണ്. ലോക്സഭ ഏകകണ്ഠമായാണ് അദ്ദേഹത്തിന്റെ പേര് ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്ത് അംഗീകരിച്ചത്. ഇത് രണ്ടാം തവണയാണ് തമ്പിദുരൈ ഡപ്യൂട്ടി സ്പീക്കറാകുന്നത്. 1985-89 വരെയായിരുന്നു ഈ ചുമതല ആദ്യം വഹിച്ചത്. എട്ടാം ലോക്സഭയില്‍ ആണ് ആദ്യമായി അംഗമായത്. പിന്നീട് നിരവധി തവണ ലോക്സഭാംഗമായി. 1998-99 ല്‍ കേന്ദ്ര നിയമമന്ത്രിയായിരുന്നു. ജയലളിതയുടെ വിശ്വസ്തനായ തമ്പിദുരൈ പാര്‍ട്ടിയുടെ സഭാ നേതാവുമായിരുന്നു. തമ്പിദുരൈ ഡപ്യൂട്ടി സ്പീക്കറാകുന്നതോടെ പുതിയ നേതാവിനെ എ.ഐ.എ.ഡി.എം.കെ കണ്ടെത്തേണ്ടി വരും.