ദുബായ്: ശനിയാഴ്ച പുന്നമട കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്ന പായിപ്പാടന് ചുണ്ടന്റെ ക്യാപ്റ്റന്‍ ദുബായിയിലെ ഫുജൈറയില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. പായിപ്പാടന് ചുണ്ടന് നെഹ്റു ട്രോഫി സ്വന്തമാക്കുമെന്ന് വിശ്വാസത്തിലാണ് വള്ളംകളിയെ നെഞ്ചിലേറ്റുന്ന രെഞ്ചു ഏബ്രഹാം. 2005 മുതല്‍ 2007 വരെ തുടര്‍ച്ചയായി നെഹ്റു ട്രോഫി സ്വന്തമാക്കിയ പായിപ്പാടന് ചുണ്ടനെ ഇക്കുറി ട്രാക്കിലെത്തിക്കുന്നത് പുന്നമട ബോട്ട് ക്ലബ്ബാണ്. പല ദേശത്തുനിന്നുള്ള തുഴക്കാരാണ് ഒരേ താളത്തില്‍ ഒരേ മനസ്സോടെ പുന്നമട കായലില്‍ തുഴയെറിയുക. അമിത പ്രതീക്ഷകളില്ലെങ്കിലും നെഹ്റുവിന്റെ കൈയ്യൊപ്പുള്ള കപ്പ് സ്വന്തമാക്കാമെന്നുള്ള വിശ്വാസത്തില്‍ തന്നെയാണ് രെഞ്ചു എബ്രഹാം.