തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിലെ ഭാരവാഹികളില്‍ മാറ്റം വന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ ബി.ജെ.പി. ദേശീയ അധ്യക്ഷനെ കാണും ഈ മാസം കേരളത്തിലെത്തുന്ന അമിത് ഷായ്ക്കു മുന്നില്‍ ഇവര്‍ ആവശ്യമുന്നയിക്കും. ഇപ്പോഴത്തെ അധ്യക്ഷന്‍ വി. മുരളീധരന് ഒരു വര്‍ഷം കൂടി സമയമുണ്ട്. എന്നാല്‍ മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിനെ തിരികെ കൊണ്ടു വരണമെന്നാണ് വിമതപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്ന് വി. മുരളീധരന് പറഞ്ഞു. ദേശീയതലത്തില്‍ പ്രസിഡന്റ് കേന്ദ്രമന്ത്രിസഭയില്‍ അംഗമായതു കൊണ്ടാണ് സ്ഥാനമാറ്റം വേണ്ടി വന്നത്. കേരളത്തില്‍ അങ്ങനെ ഒരു അവസ്ഥയില്ല, മുരളീധരന് പറഞ്ഞു.