തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്ലസ് വണ്ണിന് 20% സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ സീറ്റ് വര്‍ധന പുനഃസ്ഥാപിച്ച് ഉത്തരവായി. പ്ലസ് വണ്‍ അഡ്മിഷന് കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പുറത്തു നില്‍ക്കുകയായിരുന്നു. അധിക ബാച്ച് അനുവദിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ആദ്യം ആലോചിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം വൈകി. മന്ത്രിമാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ആയില്ല. ഇതിനിടെ പ്രശ്നത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് എല്ലാ ബാച്ചുകളിലും 20% സീറ്റ് വര്‍ദ്ധിപ്പിച്ചു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.