മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലും വനിത ഹോസ്റ്റലിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപകരും ജീവനക്കാരും രംഗത്തെത്തി. സമരക്കാരെ നേരിടുന്നതിനായി നിരീക്ഷണക്യാമറ സ്ഥാപിക്കാനുള്ള നീക്കമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് അധ്യാപകരും ജീവനക്കാരും പിന്തുണയുമായെത്തി. സ്ത്രീകളെ അപമാനിക്കുന്ന പരിഷ്കാരങ്ങളാണ് സര്‍വ്വകലാശാലയില്‍ നടപ്പാക്കുന്നതെന്ന് അസോസിയേഷന് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കുറ്റപ്പെടുത്തി. ക്യാമറ സ്ഥാപിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും രജിസ്ട്രാര്‍ക്ക് കത്ത് നല്കി.