കൊച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് ഇറാഖില്‍ നിന്ന് വിമതര്‍ വിട്ടയച്ച 46 മലയാളി നഴ്സുമാര്‍ നെടുമ്പാശ്ശേരിയിലെത്തി. ഇര്ബിലിന് നിന്ന് മുംബൈ വഴി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് നഴ്സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. നഴ്സുമാരെ സ്വീകരിക്കാനായി ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.ബാബു, വി. എസ്. ശിവകുമാര്‍, ബി.ജെ.പി. അദ്ധ്യക്ഷന്‍ വി.മുരളീധരന് തുടങ്ങി നിരവധി പേര് വിമാനത്താവളത്തില്‍ എത്തിയിരുന്നു. നാട്ടിലെത്താനായ സന്തോഷം നഴ്സുമാര്‍ പങ്കുവച്ചു. വിമത സൈനികര്‍ തങ്ങളെ തിക്രിത്തില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. നഴ്സുമാര്‍ക്ക് ആശ്വാസമായി നാട്ടിലും വിദേശത്തും ഉള്ള വിവിധ ആശുപത്രികളില്‍ ജോലി വാഗ്ദാനം ലഭിക്കുന്നുണ്ട്.