തിരുവനന്തപുരം: നെല്ലിയാമ്പതി കരുണ എസ്റ്റേറ്റ് കേസില്‍ വനംമന്ത്രിക്കും ഹരിത എം.എല്‍.എമാര്‍ക്കുമെതിരെ മുന്‍ വനംമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. വനം വകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങള്‍ നഷ്ടപ്പെടുത്തുന്ന കേസുകളില്‍ ആര്‍ക്കും മിണ്ടാട്ടമില്ല. നൂറുകണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ മുതലാളിക്ക് പതിച്ചു കൊടുത്തിട്ട് ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞില്ല എന്നു പറഞ്ഞ് കൈയൊഴിയുകയാണ്. ഇതിനു ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെതിരെ ഇതു വരെ നടപടി എടുത്തിട്ടില്ല. ഇത് ചോദ്യം ചെയ്യാന്‍ ഹരിത എം.എല്‍.എ. മാര്‍ ആരും വരുന്നില്ല. ഇവര്‍ ആരെയൊക്കെയോ ഭയക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ വനംമേഖല സ്വകാര്യ മുതലാളിമാരുടെ കൈയില്‍ അകപ്പെടുമെന്നും ഗണേഷ് പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ ജന്മദിന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ് കുമാര്‍.