തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴയും ദുരിതവും തുടരുന്നു. രണ്ടു ദിവസമായി പെയ്യുന്ന പേമാരിയില്‍ ഇതുവരെ രണ്ടു മരണം രേഖപ്പെടുത്തി. തിരുവനന്തപുരം ബാലരാമപുരത്ത് മണ്ണിടിഞ്ഞുവീണ് ഓമനയും പെരിന്തല്‍മണ്ണയില്‍ മരം കടപുഴകിവീണ് മത്സ്യവ്യാപാരി യാക്കൂബും മരിച്ചു. എറണാകുളത്ത് ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചില തീവണ്ടികള്‍ റദ്ദാക്കി. 16 തീവണ്ടികളുടെ സമയക്രമം മാറ്റി. പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതലാണ് കനത്ത മഴ ആരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്തമഴ തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. അതിനിടെ, പ്രാഥമിക സഹായമെന്ന നിലയ്ക്ക് 70 കോടിയുടെ അടിയന്തര സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്നും നാളെയും മഴ തുടരും.