കൊല്ലം: തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് പുനലൂര്‍ സ്വദേശിനി ദൃശ്യാഗോപിനാഥ്. കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയും തുള്ളല്‍ കലാകാരിയുമായ ദൃശ്യ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ ശനിയാഴ്ച്ച വൈകിട്ടാണ് പരിപാടി അവതരിപ്പിക്കുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ കഥകള്‍ കൂട്ടിയിണക്കി ശ്രീകൃഷ്ണകഥാമൃതം തുള്ളല്‍ പഞ്ചമം പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ശ്രീകൃഷ്ണന്റെ ജനനം, ശ്രീകൃഷ്ണ ലീലകള്‍, ഗോവര്‍ധന ചരിതം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകളാണ് ദൃശ്യ അരങ്ങില്‍ എത്തിക്കുന്നത്. ഏഴാം ക്ലാസ് മുതല്‍ തുള്ളല്‍ പരിശീലിക്കുന്ന ദൃശ്യാ ഗോപിനാഥ് ഓട്ടന്തുള്ളല്, ശീതങ്കന്‍ തുള്ളല്‍, പറയന് തുള്ളല്‍ എന്നിവ വേദികളില്‍ അവതരിപ്പിക്കാറുണ്ട്. കഥകളി, കൂടിയാട്ടം എന്നിവയിലും ദൃശ്യയ്ക്ക് പ്രാവീണ്യമുണ്ട്.