തിരുവനന്തപുരം: പ്രളയദുരിതത്തില്‍ എല്ലാം നഷ്ടമായ വ്യാപാരികളെ പിഴിയാന്‍ സംസ്ഥാന ജിഎസ്ടി ഡ്യൂട്ടി കമ്മീഷണര്‍ ഉത്തരവിറക്കി. കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ പരിശോധിച്ച് നികുതി കണക്കാക്കാനും പിഴ നടപടികള്‍ തുടങ്ങാനുമാണ് നിര്‍ദേശം. നടപടി വിവാദമായതോടെ ഉദ്യോഗസ്ഥന് വിവേക രഹിതമായി പെരുമാറിയെന്ന് പഴിച്ച ധനമന്ത്രി വ്യാപാരികളെ ബുദ്ധിമുട്ടിക്കില്ലെന്ന് വിശദീകരിച്ചു. ഇന്‍പുട്ട് ടാക്സ് തിരികെ അടപ്പിക്കാനുള്ള ഉത്തരവ് അനവസരത്തിലുള്ളതാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിവേകരഹിതമായി പെരുമാറിയെന്നും ധനമന്ത്രി പഴിച്ചു. മട്ടാഞ്ചേരി ഡപ്യൂട്ടി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയം കണക്കിലെടുത്ത് റിട്ടേണ്‍ പോലും ഒക്ടോബര്‍ 10നകം മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച അവസരത്തിലായിരുന്നു ദുരിതം ഇരട്ടിയാക്കാനുള്ള ഉത്തരവ് ഇറക്കിയത്.