ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊണ്ട് 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം ഷട്ടര്‍ തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന് ബാബു അറിയിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്.