തിരുവനന്തപുരം: നിപ ബാധയെ തുടര്‍ന്നുണ്ടായ ആശങ്ക ഒഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാജപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാളെ മുതല്‍ നിപ ബാധിച്ച കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് തുടങ്ങും. കോഴിക്കോട് 2400 കുടുംബങ്ങള്‍ക്കും, മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് നിത്യോപയോഗ കിറ്റ് വിതരണം ചെയ്യുക. കുറുവ അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയെല്ലാം കിറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കും.