ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആസ്പത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന പാക് ഭീകരന് രക്ഷപ്പെട്ടു. നവീദ് ജാട്ട് എന്ന അബു ഹന്‍സുള്ളയാണ് പോലീസുകാര്‍ക്കുനേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെട്ടത്. വെടിവെപ്പില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹന്‍സുള്ളയെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആസ്പത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് സംഭവമുണ്ടായത്. തടവുകാരന് സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസുകാര്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. പോലീസിന്റെ പക്കല്‍നിന്ന് തോക്ക് കൈക്കലാക്കിയ ഹന്‍സുള്ള വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ നിലയുറപ്പിച്ചിരുന്ന മറ്റു ചിലരും ഇയാളെ രക്ഷപ്പെടാന്‍ സാഹായിച്ചതായാണ് റിപ്പോര്‍ട്ട്.