വയനാട്: സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷനിലെ മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് 9 കോടിയോളം രൂപ ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് റജിസ്ട്രാര്‍ നേരത്തെ ഇറക്കിയ ഉത്തരവിനെതിരായി ഭരണസമിതി അംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഹൗസിംഗ് ഫെഡറേഷന്റെ പണം നിയമവിരുദ്ധമായി എല്‍ഐസിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടമാണ് അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന് അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11 ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. അപ്പീലില്‍ കഴമ്പില്ലാത്തതിനാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള സഹകരണ റജിസ്ടാറുടെ ഉത്തരവ് ശരി വയ്ക്കുന്നതായി ഉത്തരവില്‍ പറയുന്നു.