തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ശരിയാണെന്നതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിമാര്‍ വിട്ടുനിന്നത് പാര്‍ട്ടി എക്സിക്യൂട്ടിവ് യോഗം ഐക്യകണ്ഠ്യേന അംഗീകരിച്ചെന്നും കാനം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കെ.ഇ. ഇസ്മയിലിന്റെ പരസ്യ പ്രതികരണത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അതൃപ്തി പ്രകടിപ്പിച്ചതായും ദേശീയ എക്സിക്യൂട്ടീവിനെ അതൃപ്തി അറിയിക്കുമെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. മന്ത്രിസഭയിലെ ഒരംഗം സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറയുന്ന മന്ത്രിയുമായി കാബിനറ്റ് യോഗം പങ്കിടേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചു, കാനം പറഞ്ഞു.