ക്വിറ്റോ: ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കുമെതിരെ സ്വപ്നം പോലെ മിശിഹ മെസ്സിയുടെ ഗോള്‍വര്‍ഷം. അടത്ത വര്‍ഷം റഷ്യയിലെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. സമുദ്രനിരപ്പില്‍ നിന്ന 9,127 അടി ഉയരത്തിലുള്ള എസ്റ്റാഡിയോ ഒളിംപികോ അതാഹ്വാല്‍പ സ്റ്റേഡിയത്തിന്റെ ഉയരത്തോളം ചെന്നെത്തിയ കോടിക്കണക്കിന് വരുന്ന ആരാധകരുടെ പ്രാര്‍ഥനകളുടെ ഫലമാവാം. മെസ്സിയുടെ സ്വപ്നതുല്ല്യമായ ഹാട്രിക്കിന്റെ പൊലിമയോടെ ആധികാരികമായി തന്നെയാണ് റഷ്യയിലേയ്ക്ക് യാത്രയാവുന്നത്. കോണ്‍മബോള്‍ മേഖലയിലെ അവസാനത്തെ ജീവന്മരണ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പുറത്താകുമെന്ന് ഭയന്നിരുന്ന മുന്‍ ചാമ്പ്യന്മാരുടെ ജയം.