ഒറ്റപ്പാലം: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം ഒറ്റപ്പാലം സ്വദേശി മുബാറക്ക് നാട്ടിലെത്തിയത് മുഴുവന്നേര കര്‍ഷകനാകാന്‍ വേണ്ടിയാണ്. വീടിനോട് ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്ത് 20-ല്‍ അധികം ഇനങ്ങളാണ് മുബാറക്ക് കൃഷി ചെയ്യുന്നത്. തെങ്ങ്, കവുങ്, കുരുമുളക്, നെല്ലിക്ക, വാഴ, റമ്പൂട്ടാന്‍ എന്നിവയാണ് പ്രധാന വിളകള്‍. കുമ്പളം, മത്തന്‍, പയര്‍, വെണ്ടക്ക, പച്ചമുളക് തുടങ്ങി വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും മുബാറക്കിന്റെ തോട്ടത്തിലുണ്ട്. ജാതിക്കയും സപ്പോട്ടയും ഇഞ്ചിയും പത്തു തരം മാവുകളും താമരചക്ക അടക്കമുള്ള ആറു തരം പ്ലാവുകളും ഈ അഞ്ചേക്കറിലുണ്ട്. പോരാത്തതിന് മത്സ്യകൃഷിയും കോഴിഫാമും പ്രവര്‍ത്തിക്കുന്നു. ഒപ്പം പശുവും ആടും അടങ്ങിയ ഫാം തുടങ്ങിയ അവസാനഘട്ട ഒരുക്കത്തിലാണ് മുബാറക്ക്.