കൊച്ചി: നടിയെ ആക്രമിച്ചക്കേസില്‍ ജാമ്യം തേടി ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജാമ്യം തടയാന്‍ നേരത്തെ പോലീസ് മുന്നോട്ടു വച്ച പ്രധാനകാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. ക്രിമിനല്‍ കേസുകളില്‍ പ്രഗല്ഭരായ അഡ്വ: ബി.രാമന്‍പിള്ളയാണ് ദിലീപിന്റെ പുതിയ ജാമ്യ ഹര്‍ജി നല്‍കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് ഒരു മാസം തികയുന്ന ദിവസമാണ് രണ്ടാമത്തെ ജാമ്യ ഹര്‍ജി ഹൈക്കോടതിയിലെത്തുന്നത്. നേരത്തെ കടുത്ത പരാമര്‍ശങ്ങളോടെയാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയത്.